Friday, 24 February 2017

6 പാമ്പുമേക്കാട്ട് നമ്പൂതിരിയും പുഷ്പ്പന്റെ കൊലമുട്ടും !

   
കിരീടം സിനിമയിൽ കൊച്ചിൻ ഹനീഫ കാണിക്കുന്ന പോലെ മുണ്ട് മുകളിലേക്ക് വളച്ചു കുത്തി... കോളറിന്റെ ചെവിയിൽ പിടിച്ച്... ഷർട്ട് മുകളിലേക്ക് വലിച്ചിട്ട്...ചൂണ്ടു വിരലുകൊണ്ട് മീശയും തടവി. ധൈര്യമുണ്ടെങ്കിൽ കേറി വാടാ... ഞാൻ പുഷ്പ്പന്റെയാളാ.. എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഞെളിഞ്ഞ് നടന്നിരുന്നവരെ.. മാളങ്ങാടിയിൽ പണ്ട് നമ്മൾ നിത്യേന കണ്ട് മുട്ടിയിരുന്നുവല്ലോ.
പൊതുവേ പേടിത്തുറന്മാരായിരുന്ന കെടങ്ങനും, കരീമും, കൊച്ചു പോളുമെല്ലാം.. ആ പേരിൽ തന്നെ മാളയിലെ പാവങ്ങളെ വിരട്ടി വിലസിയിരുന്ന കാലം.. നമുക്ക് എളുപ്പം മറക്കാനാവുമോ..?
എന്തിന് പറയുന്നു... നമ്മുടെ ണ്ടൊണ്ടൻ ബേബിച്ചായൻ പോലും കൊമ്പൻ മീശയും തടവി... വലിയ അഭിമാനത്തോടെ മുപ്പന്റെ ഇടുക്കിലെ ചുമരും ചാരി നിൽക്കുന്നത് എത്രയോ നമ്മൾ കണ്ടിരിക്കുന്നു.
എഴുപതുകളിലാണ് ഈ കഥ നടക്കുന്നത്.. അക്കാലത്ത് നമ്മുടെ പാമ്പുമേക്കാട്ട് മനയിൽ നടന്നതും നാട്ടിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കൊലപാതകത്തിന്റെ പേരിൽ... ബ്രാന്റ് ചെയ്യപ്പെട്ട ഒരു കുടുമ്പം തന്നെ അന്ന് മാളയിലുണ്ടായിരുന്നു.
മാളക്കാർ കൊലയാളി പുഷ്പ്പനെന്ന് അൽപ്പം അതിശയോക്തിയോടേയും..തെല്ലൊരു ഭയത്തോടേയും വിളിച്ചിരുന്ന "പൊയ്യത്തറ പുഷ്പ്പൻ" പൂർണ്ണ അർത്ഥത്തിൽ അങ്ങിനെയുള്ള ഒരാളായിരുന്നോ..?
പാമ്പുമേക്കാട്ടു മനയിലെ അച്ചൻ തിരുമേനിയെ പുഷ്പ്പൻ മനപ്പൂർവ്വം കൊന്നതാണോ..?
എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളും വർത്തമാനങ്ങളും അടക്കം പറച്ചിലുകളും ചെറിയ ചെറിയ മർമ്മരങ്ങളായി നമ്മുടെ മാളയിലും വടമയിലും കുന്നത്തുകാട്ടിലുമെല്ലാം അക്കാലത്ത് പറന്നു നടന്നിരുന്നുവല്ലോ.!
കുറച്ചു കാലം മുൻപ് മാളയിലെ പുളിഞ്ചോട്ടിൽ വെച്ച് ദുരൂഹമായ ഒരപകടത്തിൽ... പുഷ്പ്പേട്ടൻ മരണപ്പെടുന്നതിനും കുറച്ചു നാൾ മുൻമ്പ് മാത്രമണ് ഞാൻ ഇദ്ദേഹ ത്തെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്..!!
സ്വയം കൃതാർത്ഥം വന്നു ചേർന്ന പരിക്കുൾക്കും രോഗപീഡകൾക്കും അടിമയായി മാറിയതിനാൽ ആയിരിക്കാം.. എല്ലാവരിൽ നിന്നും അകന്ന്.. നിശബ്ദനായി കടവരാന്തയിൽ ഇരിക്കുന്നതോ, അതുമല്ലെങ്കിൽ... അലഷ്യമായി നടക്കുന്നതോ ആയ പുഷ്പ്പേട്ടനെയാണ് പലപ്പോഴും ഞാൻ കണ്ടിരുന്നത്. 
നമ്മൾ ചെറുതായൊന്ന് പാളിനോക്കിയാൽ പോലും.. അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും തേട്ടിവരുന്ന വലിയ സന്തോഷം.. എനിക്കന്ന് എളുപ്പം വായിച്ചെടുക്കാൻ കഴിയുമായിരുന്നു
.പണ്ടെങ്ങോ മുറിവേറ്റതിനാൽ ഒരുവശം വീർത്തു പോയ കണ്ണുകൾ.. ഗൗരവത്തോടെയുള്ള നോട്ടം.. തടിച്ച ശരീരം.. വെട്ടേറ്റ് മുറിഞ്ഞുപോയിട്ടും
പിന്നീട് കൂട്ടിചേർത്ത കുതികാലു കൊണ്ട്.. വേച്ചു വെച്ചുള്ള നടത്തം.
കൂടുതൽ അടുത്തറിയുന്നതു വരെ ഞാനും ചെറിയൊരു ഭയത്തോടെയാണ്... ഇദ്ദേഹത്തിന്റെ മുന്നിലൂടെ ദിവസ്സവും കടന്നു പോയിരുന്നത്.
കാരണം അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലത്ത്.. ഇവരുടെ ക്രൂരതക്ക് ഇരയായിരുന്ന വടമയിലെ വിൽഫി യേപ്പോലെ അനവധി പേരെ ഞാൻ അടുത്തു കണ്ടിട്ടുണ്ട്. ഏറെയും പാവങ്ങളും നിരപരാധികളുമായവർ.
രാവിലെയുള്ള ഈ കണ്ടു മുട്ടൽ ഓരോ ദിവസ്സം കഴിയും തോറും.. ഞങ്ങൾക്കിടയിലെ അകലം ക്രമേണ.. ക്രമേണ.. കുറച്ച് കുറച്ച് കൊണ്ടുവന്നു. 
അങ്ങിനെ രൂപപ്പെട്ട ചെറിയ പരിചയത്തിനിടയിൽ എന്തും വരട്ടേ എന്ന ധൈര്യത്തിൽ ഒരു ദിവസ്സം ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
അല്ല പുഷ്പ്പേട്ടാ.... ആ മേക്കാട്ടെ നമ്പൂതിരിയെ എന്തിനാ വെറുതേ കൊന്നേ...? 
അവിടുത്തെ തമ്പുരാട്ടിമാർ എത്ര ശപിച്ചിട്ടുണ്ടാവും പുഷ്പ്പേട്ടനെ..?
ഇത്ര വലിയ ക്രൂരതകളൊക്കെ ചെയ്തിട്ട് എങ്ങിനെയാ പുഷ്പ്പേട്ടാ.. 
മനസ്സമാധാനമായി വീട്ടിൽ കടന്നൊറങ്ങുന്നേ...ഒരു കണക്കിന് ഞാൻ ഇത്രയും ചോദിച്ചു തീർത്തു..!!
അതുവരെ വിഷാദഭാവത്തിൽ ഇരുന്നിരുന്ന പുഷ്പ്പേട്ടന്റെ കണ്ണിൽ നിന്നും തീഗോളങ്ങൾ പാഞ്ഞു പോകുന്നത് അന്ന് ഞാൻ കണ്ടു. പിന്നീട് ഒരു തുള്ളി കണ്ണീരും..!
അല്പ്പനേരത്തെ മൗനത്തിന് ശേഷം പുഷ്പ്പേട്ടൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി..  ഒരിക്കലും സംഭവിക്കുമെന്ന് കരുതിയ കാര്യമല്ല അന്ന് നടന്നത്. ഞാനന്ന് തെങ്ങ് ചെത്തി നടന്നിരുന്നകാലം. മനയുടെ എതിർവശത്തുള്ള ചാറങ്ങാലി കുളത്തിന്റെ... പരിസരത്തായിരുന്നു ഞങ്ങളുടെ കളിയും കുളിയും,താമസവും, പിന്നെ അല്ലറ ചില്ലറ ഇടപാടുകളുമെല്ലാം. അതു കൊണ്ടു തന്നെ മനക്കലെ തിരുമേനി മാർക്കും തമ്പുരാട്ടിമാർക്കുമെല്ലാം ചെറിയ ഇഷ്ട്ടകേടുകളൊക്കെ ഞങ്ങളോട് അന്നുണ്ടായിരുന്നു. 
ഇടക്കൊക്കെ അവരത് പ്രകടിപ്പി ക്കാറുമുണ്ട്. ഞങ്ങളതത്ര കാര്യമാക്കാറില്ല.
ഇങ്ങിനെ ഇരിക്കെയാണ് മാള പോലീസ് സ്റ്റേഷനിൽ പുതിയതായി ചാർജെടുത്ത SI സോമശേഖരൻ മനക്കാരുടെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ താമസക്കാരനായി എത്തുന്നത്.
സാധാരണ മനക്കൽ താമസത്തിനെത്തുന്ന ഉദ്യോഗസ്ഥരിൽ മിക്കവരും ഞങ്ങളുമായി ചങ്ങാത്തത്തിൽ ആവാറാണ് പതിവ് എന്നാൽ ഇദ്ദേഹം അങ്ങിനെ ഒരാളായിരുന്നില്ല.
 
നമ്പൂതിരിയുടെ വാക്കുകേട്ട് ഒരു ദിവസം ഒരു പോലീസുകാരനെ ഇദ്ദേഹം എന്റെ അടുക്കലേക്ക് അയച്ചു... പോലീസ് സ്റ്റേഷൻ വരെ കൂടെ വരാൻ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് കുറ്റമൊന്നും ചെയ്യാത്ത ഞാനെന്തിനാണ് നിങ്ങളുടെ കൂടെ വരുന്നത് ഞാൻ തിരിച്ചു ചോദിച്ചു.. 
പോലീസുകാരനുമായി പിന്നെ വലിയ തർക്കമായി തർക്കത്തിനൊടുവിൽ ഭീഷിണി മുഴക്കിക്കൊണ്ട് അദ്ദേഹം തിരിച്ചു പോയി. പിറ്റേ ദിവസ്സം നേരം വെളുക്കുന്നതിന് മുൻമ്പ്... ഞാൻ കാണുന്നത് എന്റെ വീടും പരിസരവും നിറയേ പോലീസിനെയായിരുന്നു. ഞാൻ നിസ്സഹായനായി.. എന്നെ അവർ ബലമായി പിടിച്ചു കൊണ്ടു പോയി... അവരുടെ തിരപ്പ് തീരുവോളം നന്നായി തന്നെ പെരുമാറി.. ബൂട്ടുകൾ എന്റെ മേൽ വന്നു വീഴുന്നതേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു.

പോലീസിന്റെ ഓരോ ചവിട്ടേൽക്കു മ്പോഴും മനക്കലെ നമ്പൂതിരിയോടുള്ള എന്റെപക പെരുത്തുവന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചപ്പോൾ തന്നെ കയ്യിൽ കിട്ടിയ കൊല മുട്ടുമായി നേരെ പോയത് മനക്കലെ നമ്പൂതിരിയെ തേടിയായിരുന്നു. ഞാൻ പാഞ്ഞടുത്തപ്പോഴേ ക്കും തിരുമേനി താഴെ വീണ്പോയിരുന്നു. 
പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
ഞാൻ കൊന്നിട്ടില്ല...!!  ഞാൻ കൊന്നിട്ടില്ല...!!
ഇങ്ങനെ പറയുബോഴും പുഷ്പ്പേട്ടന്റെ ശബ്ദത്തിലുള്ള ഇടർ ച്ച ഞാൻ ശ്രദ്ധിച്ചിരുന്നു ആസംഭവത്തിന് ശേഷം പോലീസ് കേസും, 
മർദ്ധനവും, ജയിൽവാസവും ഒക്കെയായി... ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും 
ഒരിക്കലും മാഞ്ഞു പോകാത്ത ഒരു പേരു കൂടി എന്റെ കുടുമ്പത്തിനു മേൽ വീണു കഴിഞ്ഞിരുന്നു.
നാട്ടുകാരുടെ ശാപവാക്കുകളും.
അതോടെ ജീവിതത്തിൽ ഒരു നല്ല മാറ്റത്തിന് വേണ്ടി കൊതിച്ച.. എന്റെ
മുന്നിൽ നിന്നും നല്ല വഴികളെല്ലാം
മാഞ്ഞു പോയിരുന്നു... എന്നെ ആവശ്യമുണ്ട് പുതിയ ആളുകൾ
എത്തി തുടങ്ങിയതോടെ വീണ്ടും ഞാൻ ആ വഴി തന്നെ തിരഞ്ഞെടുത്തു. 
അതിനിടക്കാണ് വടമയിൽ വെച്ച് എന്നെ ചിലർ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുന്നത്. അതിന് ശേഷം മാസങ്ങളോളമുണ്ടായ ആശുപത്രി വാസം വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സ. കടബാധ്യതകൾ . അതോടെ പുതിയ കൂട്ടുകാരും എന്നെ കൈവിട്ടു
ജീവിതത്തിലാദ്യമായി ദാരിദ്ര്യവും അറിഞ്ഞു തുടങ്ങി 
വീട്ടുകാരും ശപിച്ചു തുടങ്ങിയതോടെ പലപ്പോഴും ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന ചിന്ത പോലും മനസ്സിൽ കയറി വന്നു തുടങ്ങി. അപ്പോഴും എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തിയിരുന്നത് എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്ന മകളുടെ സ്നേഹമായിരുന്നു.
ആ മക ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതോടെ യാണ്... രാത്രികൾ എന്നെ ഭയപ്പെടുത്തി തുടങ്ങിയത്. തീരെ ഉറക്കമില്ലാതാവുമ്പോൾ നേരെ എഴുന്നേറ്റ് മാളയിലെ റോഡുകളിലൂടെ വെറുതേ നടക്കും..!! 
അങ്ങനെയുള്ള ഒരു നടത്തത്തിനിടക്കാണ് മാളയിലെ പുളിഞ്ചോട്ടിൽ 
വെച്ച് ദുരൂഹമായ ഒരു വാഹന അപകടത്തിൽ പുഷ്പ്പേട്ടൻ മരണത്തിന് കീഴടങ്ങുന്നത്.

By Suresh Babu
Mala Kazhchakal.

2 comments:

  1. എഴുത്ത് നന്നായി. സംഭവം നടന്നതാണോ? ആശംസകൾ

    ReplyDelete
  2. njan oru vadamakkarana .. pambumekkattu mana thirumeniye konna karyam okey vayasaya alkkar paranja kettarivundu .. pinne ee pushpante kaluvetya kesum arnjittundu ... ithil paranja pole ayal orupadu dhroham cheythittundu athupole anubivicha marichathum..

    ReplyDelete