Wednesday 7 July 2021

30 മാളയെ കൊറിപ്പിച്ച നൈന

 




മാ അങ്ങാടിയുടെ സായാഹ്നങ്ങളെ ഏറെനാൾ കൊറിപ്പിച്ചവനാണ് നൈന.. കപ്പലണ്ടി കച്ചവടം ഉപജീവന മാർഗ്ഗമാക്കിയവൻ, മാളയുടെ വൈകുന്നേരങ്ങളെ ചൊരിമണലുംകപ്പലണ്ടിയും കൂട്ടി ഇളക്കി മാളക്കാരുടെ വായിൽ കപ്പലോടിപ്പിച്ചിരുന്നവൻ,  നൈന കപ്പലണ്ടി വറുത്ത് കോരുന്നത് ഒരിക്കലെങ്കിലും കണ്ട് നിന്നിട്ടില്ലാത്തവരും, ഒരു പൊതിയെയെങ്കിലും വാങ്ങി കഴിച്ചിട്ടില്ലാത്തവരുമായ മാളക്കാർ ഉണ്ടാവാനിടയില്ല... 

നൈന നിശബ്ദമായി കടന്ന് പോയിട്ട് മൂന്ന് വർഷമാവുന്നു.. നൈനഎന്നാൽ വെറുമൊരു കപ്പലണ്ടിക്കാരൻ മാത്രമായിരുന്നില്ല... ഞങ്ങളുടെ വായനയെ വികസിപ്പിച്ച, സഞ്ചരിക്കുന്ന ഗ്രന്ധശേഖരത്തിൻ്റെ ഉടമ കൂടിയായിരുന്നു.. നൈന കപ്പലണ്ടി വണ്ടിയിൽ പുസ്തകങ്ങൾ കരുതിയിരുന്നത്, മാളയിലെ മുഴുവൻ തെണ്ടി പിള്ളേരും വായിച്ച് നന്നാവട്ടെ എന്ന സദുദ്ദേശത്തെ കരുതി ആയിരുന്നില്ല, ചൂടൻ കപ്പലണ്ടി പൊതിഞ്ഞ് കൊടുക്കാൻ വേണ്ടിയായിരുന്നു.. കൂട്ടത്തിൽ സിനിമാ മാസികയായ നാനയും, കുങ്കുമവും, കലാകൗമുദിയും മുതൽ ഭാഷാപോഷിണി വരെയുണ്ടാവും, അതിൽ നിന്നും അഞ്ചോ ആറോ എണ്ണം വലിച്ചെടുത്ത് ഓൺ സ്പ്പോട്ടിൽ വായിച്ച് തിരിച്ചേൽപ്പിക്കുക അതായിരുന്നു ഞങ്ങളുടെ പതിവ്.. ഇങ്ങനെ ഓസിന് പുസ്തകം വായിച്ചിരുന്ന ഞങ്ങളെ ഒരിക്കലും നിരുൽസാഹ പെടുത്തിയില്ല നൈന.. ഇടക്ക് വല്ലപ്പോഴും ചട്ടകം എടുത്ത് കപ്പലണ്ടി ഇളക്കാൻ സഹായിക്കണം എന്നുമാത്രം.. പകൽ നേരങ്ങളിലും നൈന തിരക്കിലായിരിക്കും, കല്യാണ വീടുകളിൽ ഷെഫ് ആയും, ഉത്സവ പറമ്പുകളിൽ ചായ, പായസം വിൽപ്പനക്കാരനായുമെല്ലാം നൈന പ്രത്യക്ഷപ്പെടും.. കൂട്ടത്തിൽ അങ്ങാടിയിൽ എന്തെങ്കിലും അലമ്പു നടന്നാൽ അതിലും ഇടപെടും.. ഒരിക്കൽ ഒരു അപരിചിതൻ അങ്ങാടിയിൽ ബഹളം വെക്കുകയാണ്.. മാളക്കാരെ മുഴുവൻ വെല്ലുവിളിക്കുന്നുണ്ട് കുറേ നേരം ക്ഷമയോടെ കേട്ടു നിന്ന നൈന ബഹളം വെച്ചയാളോട് വേഗം സ്ഥലം വിടാൻ ആവശ്യപ്പെട്ടു.., അതോടെ അയാൾ നൈനയുടെ നേരെ തിരിഞ്ഞു... താനാരാ എന്നോട് സ്ഥലം വിടാൻ പറയാൻ ഞാനോ, ഞാൻ റായനാടാ.. നൈനയുടെ മറുപടി. റായൻ എന്ന് കേട്ടറിവ് മാത്രമുള്ള അപരിചിതൻ ഇയാളാണോ റായൻ എന്ന മട്ടിൽ ഒന്നു തുറിച്ച് നോക്കിക്കൊണ്ട് പെട്ടെന്ന് നടന്നകന്നു.. ഇത് കണ്ട് നിന്ന വിശ്വംഭരേട്ടൻ നൈനയോട് ചോദിച്ച എടാ നീ നൈനയല്ലെ.. നീ എങ്ങിനെയാണ് റായനാവുന്നത് അതേടോ... ഒരു റായൻ പോയാൽ നൂറ് റായൻവരും.. കാക്കയ്ക്ക് വയസ്സായെന്ന് കരുതി ഒരു കൊക്കും പുറത്ത് കയറി കൊത്തി പറക്കാൻ നോക്കണ്ട നൈന പറഞ്ഞു

ഒരു  കോർണ്ണർ പീസ്... 

ചക്കാംപറമ്പ് ഉത്സവത്തിന് പാതിരാത്രിയിൽ നൈനയുടെ പായസ കച്ചവടം പൊടി പൊടിക്കുകയാണ്.. പരിചയക്കാരായ ഒന്നു രണ്ട് പേർ നൈനയുടെ പായസം ഓർഡർ ചെയ്തു.. നല്ല ചൂടുപായസം വാങ്ങി ഊതി, ഊതി കഴിക്കുന്നതിനിടയിൽ ഒരാളുടെ വായിൽ എന്തോ തടഞ്ഞു... കയ്യിലെടുത്ത് നോക്കിയപ്പോൾ ഈച്ചയാണ്.. ദേ... നൈനാ.. മണികണ്ഠൻ പായസം കഴിച്ചു നിന്നയാൾ പറഞ്ഞു. ഉടൻ വന്നു നൈനയുടെ പ്രശസ്ഥമായ മറുപടി അത് മണികണ്ഠനൊന്നും അല്ലടെർക്കാ... മുന്തിരിങ്ങാ പഴടാ..

മാളകാഴ്ചക