Saturday 7 December 2019

22 അയ്യപ്പനും കാവാലനും.!


മാളയുടെ സമീപ ഗ്രാമങ്ങളിൽ അറിയപ്പെടുന്ന വേലി കെട്ടുകാർ ആയിരുന്നു ആലിങ്ങൽ അയ്യപ്പനും, കാവാലനും ഇഴപിരിയാത്ത സുഹൃത്തുക്കൾ..


മതിലുകളുടെ വേർതിരിവുകൾ ഇല്ലാതിരുന്ന നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു പ്രധാന തൊഴിലായിരുന്നുവല്ലോ വേലികെട്ട്.. പറമ്പുകളുടെ ഓരങ്ങളിലോ പട്ടിലുകളുടെ പരിസരത്തോ ആയിരിക്കും ഇവരുടെ തൊഴിലിടം...


മുളം കമ്പുകൾ വെട്ടിയും, മുള്ളുകൾ കെട്ടി മുറുക്കിയും ശ്രദ്ധാപൂർവ്വമുള്ള പണിതിരക്കി നിടയിലും വഴി പോക്കരോട് കുശലം പറഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചും അവർ നിമിഷങ്ങളെ വാചാലമാക്കും..


മുള്ളൻ പഴത്തിന്റെ കാവൽക്കാരായ മുള്ളുകളോട് പരിഭവം പറഞ്ഞും, ചെമ്പരത്തി പറിച്ചെടുത്ത് ഞെട്ടിപ്പഴം തിന്നും, തോട്ടരികിൽ പൂച്ചാട്ടിയെ ഓടിച്ചും മുന്നേറുന്ന സ്കൂൾ യാത്രാ വഴിയിലെ ആകെ ഒരു തടസ്സം വേലി കെട്ടുകാരൻ കാവാലൻ ആയിരുന്നു...


ഒറ്റനോട്ടത്തിൽ സാധുവായ മനുഷ്യൻ.. കുട്ടികൾക്ക് കാവാലൻ എന്നും പേടി സ്വപ്നമായിരുന്നു.. കാരണം കൂടുതൽ സ്നേഹം തോന്നുമ്പോൾ അവരോട് ഒരു പ്രത്യേക രീതിയിലായിരുന്നു കാവാലന്റെ സ്നേഹ പ്രകടനം...


അടുത്തെത്തുമ്പോൾ ആയിരിക്കും കയ്യിൽ കത്തിയുമായി കാവാലൻ ചാടി വീഴുന്നത്...
നിക്കട അവിടെ..


ഞാനിപ്പോ അത് ചെത്തിയെടുക്കും..


ഇതു പറഞ്ഞ് ഓടി വരുന്ന കാവാലനെ കാണുന്ന മാത്രയിൽ ഞങ്ങൾ ഓടും.. കാവാലൻ ഓട്ടം കണ്ടു നിന്ന് പൊട്ടിച്ചിരിക്കും..


ചിലപ്പോൾ കാവാലന്റ മുന്നിൽ പെട്ടു പോകും സമയം അയ്യപ്പനാണ് ഞങ്ങളുടെ രക്ഷകനാവുന്നത്...
കാവാലനെ തടഞ്ഞു കൊണ്ട് അയ്യപ്പൻ പറയും
അത് ഇപ്പവേണ്ട കാവാലാ...
ഒന്നുകൂടി മുക്കട്ടെ....


എല്ലാം കൂടി ഒന്നിച്ച് മുറിച്ചെടുത്ത് നമുക്ക് ഉപ്പിലിടാം.. അതോടെ കാവാലൻ പിൻവാങ്ങും...


കാവാലന്റെ പിച്ചാത്തി മുനയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞങ്ങൾ അയ്യപ്പനോടുള്ള നന്ദി മനസ്സിൽ നിറച്ച് സ്ക്കൂളിലേയ്ക്ക് ഓടും...


കാവാലന് ഇത് നേരം പോക്കായിരുന്നു എങ്കിലും ഞങ്ങൾക്ക് ചങ്കിടിപ്പായിരുന്നു..
സഹപാഠികളായ ഷാജിയും, വിജയനും കാവാലനെ കുറിച്ച് പറയുന്ന കഥകൾ കൂടി കേട്ടതോടെ ഞങ്ങയുടെ ഭയം വീണ്ടും ഇരച്ചു കയറി..


ഒരിക്കൽ പാമ്പുമേയ്ക്കാടു ഭാഗത്ത് വേലികെട്ടി കൊണ്ടിരുന്ന കാവാലനും കൂട്ടരും അതിലേ പോയ ചില കുട്ടികയുടേത് മുറിച്ചെടുത്ത കാര്യവും അവർ ഇപ്പോഴും അതില്ലാതെ അവിടെ നടക്കുന്ന കാര്യവും നേരിട്ട് കണ്ട പോലെ വിജയൻ പറയുന്നതു കൂടി കേട്ടതോടെ ഉറക്കവും പാതി വഴിയായി...


പിന്നീടുള്ള ചിന്ത കാവാലനെ എങ്ങിനെ മറികടക്കാം എന്നതായി തന്ത്രങ്ങൾ പലതും ഞങ്ങൾ ചർച്ച ചെയ്തു..


ഒരു ദിവസ്റ്റം വഴി തിരിയുന്ന ജങ്ഷനിൽ എത്തിയപ്പോൾ എതിരേ ചെത്തുകാരൻ ബോസേട്ടൻ വരുന്നു..
ഞങ്ങൾ ചോദിച്ചു.... ബോസേട്ടാ... നമ്മുടെ അണ്ടി പുലയനെ അവിടെ എങ്ങാൻ കണ്ടോ..?


ബോസേട്ടൻ തന്റെ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു അയ്യോ മക്കളെ അതു വഴി പോകണ്ട.. കുരിപ്പ് വഴിയിൽ തന്നെ നിൽപ്പുണ്ട്... അതോടെ നാട്ടിൽ ഏറ്റവും ധീരനായ ബോസേട്ടനും കാവാലനെ പേടിയാണെന്ന് മനസ്സിലായി...


അന്നു മുതൽ ഞങ്ങൾ അടവൊന്നു മാറ്റി കാവാലനെ ഒഴിവാക്കിയായി പിന്നീടുള്ള യാത്ര... ദിവസ്സവും എതിരേ വരുന്നവരോട് ചോദിക്കും... എന്നിട്ടു വേണം അന്ന് ഏതു വഴി പോകണമെന്ന് തീരുമാനിക്കാൻ..


കാവാലൻ തെക്കെ വഴിയിൽ വേലി കെട്ടുന്നുണ്ടെങ്കിൽ ഞങ്ങൾ യാത്ര വടക്കേ വഴിലൂടെയാക്കും..
അങ്ങിനെ കാവാലന് പിടികൊടുക്കാതെ ഞങ്ങളുടെ യാത്ര തുടർന്നു കൊണ്ടിരുന്നു...


പിന്നീടെന്നോ ഒരു ദിവസ്സം ബാവാകക്ഷി പറഞ്ഞു മക്കളേ നമ്മുടെ കാവാലൻ പോയി... ഇനി മക്കൾക്ക് ധൈര്യമായി ഏത് വഴിക്കും പോകാം..


ബാവുക്ക അത് പറഞ്ഞെങ്കിലും ഞങ്ങൾ അങ്ങിനെ തന്നെ വിശ്വസിച്ചില്ല.. മുളം കൂട്ടങ്ങൾക്ക് ഇടയിൽ നിന്നും കാവാലൻ ഓടി വരുന്നതും... അയ്യപ്പൻ ഞങ്ങളെ രക്ഷിക്കുന്നതും പിന്നെയും സ്വപ്നം കണ്ടു കൊണ്ടിരുന്നു..!!

മാളകാഴ്ച്ചകൾ