Thursday 13 September 2018

15 കൊടിവളപ്പിലെത്തിയ ഐ പി എസ് പട്ടം..!!


ഇത് ജമാലുദ്ദീൻ ഐ പി എസ്  കേരള പോലീസിൽ ഉയർന്ന പദവിയിലെത്തിയ എന്റെ പ്രിയ നാട്ടുകാരൻ ഞങ്ങളുടെ ഗ്രാമമായ നെയ്തക്കുടിയിൽ നിന്നും മാളയിലെ സെന്റാന്റണീസ് സ്ക്കൂളിലും,കോട്ടക്കൽ കോളേജിലും, എറണാകുളം മഹാരാജാസിലും എല്ലാം പഠിച്ച് ആദ്യം ലഭിച്ച  കൃഷി വകുപ്പിലെ ഗ്രാമ സേവകന്റെ ജോലിയും ചെയ്ത് വരുന്ന കാലത്താണ്.. ജമാലുദ്ദീന് കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിക്കുന്നത് പിന്നീട് DySP വരെയായി വിവിധ ഇടങ്ങളിൽ സേവനം അനുഷ്ടിച്ച ശേഷമാണ് ഇപ്പോൾ ഐപിഎസ് ലഭിച്ച് സംസ്ഥാനത്തിന്റെ ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ ചാർജെടുത്തിട്ടുള്ളത്.. 

ജമാലിനോടൊപ്പമുള്ള സ്കൂൾ കാലത്തെ ഒരനുഭവം പറയാം.. പഠിക്കാൻ വളരെ മിടുക്കനായിരുന്ന നമ്മുടെ ജമാലിന് SSLC പരീക്ഷ അടുത്തപ്പോൾ ഉള്ളിലൊരു പട പടപ്പ്.. പാസാകുമോ.. അതോ പത്തിന്റെ പടിയിൽ തട്ടി താഴെ വീഴുമോ.. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വാപ്പയാണെങ്കിൽ സ്വതവേ അൽപ്പം ഗൗരവക്കാരൻ ആയിരുന്നതിനാൽ.. തോറ്റ് ചെന്നാൽ പിന്നെ സ്വന്തം വീടിന്റെ പടി പോയിട്ട്  കൊടിവളപ്പിന്റെ നാലയലത്ത് പോലും ചെല്ലാനാവില്ല ആ കാര്യം ഉറപ്പാ.. 
 പരീക്ഷ അടുത്ത് വരും തോറും പേടി കൂടി വരുന്ന കാര്യം തൊട്ട് പിറകിലെ ബെഞ്ചിലിരിക്കുന്ന സഹപാഠിയായ കാർത്തികേയനോട് പറഞ്ഞു.. 
കാർത്തികേയൻ ഇത് കേൾക്കേണ്ട താമസം പിന്നീടങ്ങോട് ജമാലിനെ ജയിപ്പിക്കാനുള്ള തന്ത്രങ്ങൾ ഓരോന്ന് ആലോജിച്ചു കൊണ്ടിരുന്നു..
 അവസ്സാനം അമ്പത് രൂപയിൽ താഴെയുള്ള ഒരു തുകക്ക്  ജമാലിനെ ജയിപ്പിക്കിനുള്ള ക്വട്ടേഷൻ കാർത്തികേയൻ ഏറ്റെടുത്തു.. പിറ്റെ ദിവസ്സം  ചെറിയൊരു തുക ജമാലിന്റെ കയ്യിൽ നിന്നും അഡ്വാൻസും വാങ്ങി.. അക്കാലത്തെ രാഷ്ട്രീയ നേതാക്കന്മാരുമായിട്ടെല്ലാം നല്ല ബന്ധമുണ്ടായിരുന്ന കാർത്തികേയന്റെ  വാക്കിൽ നമ്മുടെ ജമാലിന് ഒട്ടും അവിശ്വസം തോന്നിയില്ല.. അങ്ങിനെ പരീക്ഷ വന്നെത്തി എല്ലാവരും നന്നായ് എഴുതി റിസൽട്ടിനായുള്ള കാത്തിരിപ്പായി.. 
 അതിനിടക്ക് കാർത്തികേയനെ വഴിയിൽ വെച്ച് കണ്ടപ്പോൾ ജമാലുദ്ദീൻ ചോദിച്ചു
 കാർത്തികേയാ നീ പറഞ്ഞ കാര്യം ഉറപ്പല്ലെ..?  കാല് മാറില്ലല്ലോ അല്ലേ..? 
 അപ്പോ കാർത്തികേയൻ അതെന്താ  ജമാലേ നിനക്കിത്ര സംശയം.. 
 ഈ കാർത്തികേയൻ പറഞ്ഞാ പറഞ്ഞതാ.. നീ ധൈര്യമായിട്ടിരുന്നോ ജയിപ്പിക്കാനുള്ള പണിയെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.. കാർത്തികേയൻ ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.. 
  കാത്തിരിപ്പിനൊടുവിൽ റിസൽട്ട് വന്നു. നമ്മുടെ കാർത്തികേയൻ പറഞ്ഞ പോലെ ജമാലുദ്ദീൻ തരക്കേടില്ലാത്ത മാർക്കോടെ ജയിച്ചു.. കൂട്ടത്തിൽ ക്ലാസിലുണ്ടായിരുന്ന മിക്കവരും  ജയിച്ചു കയറി.. 
പക്ഷേ നമ്മുടെ കർത്തികേയൻ മാത്രം 
എട്ടു നിലയിൽ പൊട്ടി..!

എല്ലാവർക്കും ഇത് അൽഭുതമായി തന്റെ സ്വാധീനം ഉപയോഗിച്ച് ജമാലുദ്ദീനെ ജയപ്പിക്കാൻ ക്വട്ടേഷനെടുത്ത കാർത്തികേയൻ തോൽക്കെ..? 
 ആർക്കും വിശ്വസിക്കാനായില്ല..
 പിന്നീട്  കാണുമ്പോൾ കാർത്തികേയൻ ജമാലിനോട് പറഞ്ഞു. തോറ്റ് പോകുമായിരുന്ന നിന്നെ ഞാൻ
എത്ര പരിശ്രമം നടത്തിയിട്ടാണ്  ജയിപ്പിച്ചെടുത്തത് എന്ന കാര്യം
 നിനക്ക് നാളെയും ഓർമ്മ വേണം..
 ഇത് കേട്ടപ്പോൾ ജമാലുദ്ദീൻ ചോദിച്ചു..
അപ്പോ കാർത്തികേയാ.. എല്ലാവരേം ജയിപ്പിക്കാൻ നടന്ന നീ എങ്ങിനെയാണ്  
 ഈ പരീക്ഷയിൽ തോറ്റ് പോയത്..? 
അത് പിന്നെ..  
 എനിക്ക് കിട്ടേണ്ട മാർക്കുകൂടി നിനക്ക് തന്നതു കൊണ്ടല്ലെ ഞാനീ  അവസ്ഥയിലായത്.. 
 വേറെ ആര് ചെയ്യും
 ഇതുപോലൊരു ത്യാഗം..?
 ഇതും പറഞ്ഞ് കാർത്തികേയൻ നടന്നകന്നു..

പിന്നീട് ആ കാർത്തികേയനെ കാണുന്നത് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ. കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും വിശ്വസ്ഥനായ ഉദ്യോഗസ്ഥൻ ആയിട്ടാണ്.. ആ കാലത്ത് തലസ്ഥാനത്ത്  എന്തെങ്കിലും കാര്യ സാധ്യത്തിനെത്തുന്നവർ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തി കാർത്തികേയനെ കാത്തിരിക്കുന്നത് പതിവായിരുന്നു.. കാരണം ലീഡർ  കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അന്ന് നമ്മുടെ  കാർത്തികേയൻ..!!

#കോർണ്ണർപീസ്... 

അൽപ്പം പരീക്ഷാപേടി ഉണ്ടെന്നതൊഴിച്ചാൽ പഠിക്കാൻ വളരെ മിടുക്കനായിരുന്ന  ജമാലുദ്ദീന് എത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാനുള്ള കഴിവുണ്ടെന്ന്  കാർത്തികേയൻ അന്നേ  തിരിച്ചറിഞ്ഞിരുന്നു.. 
 അതു കൊണ്ടാണ് സ്വയം തോൽക്കുമെന്ന റിഞ്ഞിട്ടും സുഹൃത്തായ ജമാലുദ്ദീൻ ജയിക്കും എന്ന് കാർത്തികേയൻ ഉറപ്പു പറഞ്ഞത്..  പക്ഷേ  നമ്മുടെ ജമാലിന് മാത്രം അന്നത് തിരിച്ചറിയാൻ കഴിയാതെ പോയി..!! 

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സുരേഷ് ബാബു
മാള കാഴ്ചകൾ..!!