Wednesday 23 January 2019

17, ചെറുപുഷ്പം_ബെന്നിയും തോമസ് മാഷും..!!


നാല് കണ്ണുകൾ അറിയാതെ മാള അങ്ങാടിയിലൂടെ ആരും കടന്ന് പോകുന്നില്ല.. സൗഹൃദം അടുത്തറിയാത്ത മാളകാരും വിരളമായിരിക്കും.. കാരണം രണ്ട് തലമുറയുടെ ഹൃദയധമിനികൾ ഒന്നോടൊന്ന് ഇഴചേർത്ത് നെയ്തെടുത്ത വ്യത്യസ്ഥമായ രണ്ട് സ്ഥാപനങ്ങൾ അതാണ് ബെന്നിയുടെ ചെറുപുഷ്പ്പം ആയുർവ്വേദകടയും.. തോമസ്മാഷുടെ അനുപമ ജ്വല്ലറിയും. അങ്ങാടിയുടെ നടുക്കുള്ള രണ്ടു സ്ഥാപനങ്ങളും എക്കാലവും മാളയുടെ സൗഹൃദ കേന്ദ്രങ്ങൾ കൂടിയായിരുന്നു.. ഒരു സുഹൃത്തിന്റെ എങ്കിലും സാമീപ്യം ഒഴിഞ്ഞ ഒരു നേരം നമുക്കീ സ്ഥാപനങ്ങളിൽ കാണാനാവില്ല..
വിദേശത്തു നിന്നും വരുന്ന പഴയതും, പുതിയതുമായ തലമുറയിലുള്ളവരും നാട്ടിലെത്തിയാൽ ഇവരെ തേടിയെത്താതെ തിരിച്ചു പോകില്ല.. അത്രയും മാളയോട് അലിഞ്ഞു ചേർന്നവരാണിവർ രണ്ടു പേരേയും ഒന്നിപ്പിക്കുന്ന മറ്റൊരു കാര്യം ഇവർ നല്ല കൃഷിക്കാരും കൂടിയാണ് എന്നതാണ്.. മാളയിൽ നിന്ന് വടക്കോട്ട് സഞ്ചരിക്കുമ്പോൾ മാഷുടെ പുരയിടത്തിലേക്ക് ഒന്ന് പാളി നോക്കിയാൽ നമുക്കത് കാണാനാവും. ഏപ്പോഴും പച്ച പുതച്ച് കുലച്ചു നിൽക്കുന്ന നേന്ത്രവാഴകൾ, പൂക്കൾ പച്ചക്കറികൾ.. അത്യാവശ്യം കൃഷി കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിട്ടാണ് എല്ലാ ദിവസവും തോമസ് മാഷ് കടയിലെത്തുന്നത്.. അങ്ങനെയുള്ള ഒരു ദിവസ്സം രാവിലെ കടയിലേക്ക് യാത്ര തിരച്ച് കുറേ കഴിഞ്ഞാണ് മാഷുടെ ഭാര്യ വാഴ തോട്ടത്തിൽ എന്തോ അനങ്ങുന്നതായി കാണുന്നത്.. ടീച്ചർ നേരെ അങ്ങോട്ട് ചെന്നു സമയം രണ്ടു മൂന്ന് പേർ ചേർന്ന് വാഴക്കുലകൾ വെട്ടി ഒരു ഓട്ടോറിക്ഷയിൽ കയറ്റി പോകാൻ ശ്രമിക്കുന്നുണ്ട്.. നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് കുലകൾ വെട്ടിയെടുത്തത്.?
ടീച്ചർ ചോദിച്ചു..
അതിൽ ടീച്ചർക്ക് നല്ല പരിചയമുള്ളയാൾ അല്ല നിങ്ങളാരാണ് ഇത് ചോദിക്കാൻ.? അതോടെ ടീച്ചർ ഒന്ന് പരുങ്ങി..
ദേ ടീച്ചറോട് ഒരു കാര്യം പറഞ്ഞേക്കാം പറമ്പിലുള്ള മുഴുവൻ വാഴക്കുലകളും വെട്ടി എടുക്കാൻ മാഷ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് അവർ കുലയും കൊണ്ട് പോയി.. ടീച്ചർക്ക് ആകെ കൺഫ്യൂഷനായി.. വീട്ടിലെത്തി തോമസ് മാഷെ വിളിച്ച് കാര്യം അന്വോഷിച്ചപ്പോൾ മാഷ് പറഞ്ഞു ഞാൻ ആർക്കും കുലവെട്ടി കൊണ്ടു പൊയ്ക്കൊള്ളാൻ അനുവാദം നൽകിയിട്ടില്ല...ഉടനെ മാഷ് വീട്ടിലെത്തി നഷ്ടപ്പെട്ട കുലകളുടെ എണ്ണം നോക്കി ഏതാണ്ട് ആറെണ്ണത്തോളം വരും
കൊണ്ടു പോയവരാണെങ്കിൽ നാട്ടിൽ നല്ല പരിചയമുള്ളവരും... അതിനാൽ ആദ്യം കേസിനൊന്നും പോകാണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചത്.. പോയത് പോയ് എന്ന് കരുതി ടീച്ചറും മാഷും ഇരിക്കുമ്പോഴാണ് വിവരം അങ്ങാടിയിൽ പാട്ടാകുന്നത്.. എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ മാഷ് നേരെ സ്റ്റേഷനിലെത്തി പരാതി നൽകി മാഷന്ന് ടൗണിലെ വ്യാപാരി സംഘടനയുടെ പ്രസിഡണ്ടുകൂടിയാണ്.. അതിനാൽ തോമാസ് മാഷുടെ പരാതി പോലീസ് ഗൗരവമായെടുത്തു ഉടൻ അവർ ടൗണിലെത്തി വാഴകുല വെട്ടിയവരേയും, അവരത് വിൽപ്പന നടത്തിയ കടയിൽ നിന്നും തൊണ്ടി സാധനങ്ങളും പിടിച്ചെടുത്തു.. മാഷെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.. തോമസ് മാഷ് സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യം കാണുന്നത് ലോക്കപ്പിന് പുറത്തെ മൂലയിൽ പ്രതികളായവർ നിൽക്കുന്നുണ്ട്.. ആദ്യം അവരോട് സംസാരിച്ചു , മാഷോടവർ ചെയ്ത് പോയ തെറ്റിന് മാപ്പ് ചോദിക്കുകയും ചെയ്തു.. രണ്ടെണ്ണം അടിക്കാൻ കാശില്ലാതെ വന്നപ്പോൾ അബദ്ധത്തിൽ തോന്നി പോയതാണ് മാഷെ... എന്നവർ തുറന്ന് പറഞ്ഞു.. അതോടെ മാഷുടെ മനസ്സലിഞ്ഞു. അവരോട് പൊറുത്തു കാര്യത്തിൽ ഇനി പരാതിയില്ലെന്ന് സ്റ്റേഷനിൽ എഴുതി നൽകുകയും ചെയ്തു അങ്ങിനെ കേസ് തീർപ്പാക്കി..


സമയം മാഷുടെ പരിചയക്കാരായ പോലീസുകാർ ചോദിച്ചു.. മാഷേ ഇനി മാഷ്ക്കെന്തിനാ മുക്കാത്ത കുലകൾ .? ഞങ്ങളത് എടുത്തോട്ടെ..? എന്നാപ്പിന്നെ അത് നിങ്ങൾക്കിരിക്കട്ടെ എന്നും പറഞ്ഞ് വാഴകുലകൾ പോലീസ് സ്റ്റേഷനിൽ തന്നെ ഉപേക്ഷിച്ച് മാഷ് തിരിച്ച് പോരാൻ ഇറങ്ങി അപ്പോഴാണ് പ്രതികളിൽ ഒരാൾ.. മാഷേ ഒരു കാര്യം കൂടി പറയാനുണ്ട്.. മാഷ് അവരുടെ അടുത്തേക്ക് ചെന്നു.. എന്റെ മാഷേ ഞങ്ങളുടെ കയ്യിൽ നിന്നും കുലകൾ വാങ്ങിയ കടക്കാരൻ തന്ന രണ്ടായിരം രൂപയോ അല്ലെങ്കിൽ ഇപ്പോ സ്റ്റേഷനിൽ ഇരിക്കുന്ന വാഴ കുലകളോ തിരിച്ച് കൊടുക്കാതെ ഞങ്ങൾക്ക് അങ്ങാടിയിലേക്ക് ചെല്ലാനാവില്ല.. അതോടെ തോമസ് മാഷ് ആകെ കൺഫ്യൂഷനിലായി.. കുല തിരിച്ചു കൊടുക്കാമെന്ന് വെച്ചാൽ അത് പോലീസിനോട് എടുത്തോളാൻ പറഞ്ഞും പോയി.. മാഷ് ഒന്നു കൂടി ആലോചിച്ച് പോക്കറ്റിൽ നിന്നും ഒരു രണ്ടായിരം രൂപയെടുത്ത് അവർക്ക് കൊടുത്തു.. അത് വാങ്ങി കഴിഞ്ഞപ്പോഴാണ് പ്രതിയുടെ അടുത്ത ഡിമാൻറ് മാഷേ.. നേരത്തേ കിട്ടിയ കാശു കൊണ്ട് കഴിച്ച കള്ള് പോലീസ് പിടിച്ചതോടെ പോയി... 'കൈ'വിറയൽ മാറാൻ ഒരു രണ്ടെണ്ണം കൂടി അടിക്കണം..
ഇത് കേട്ട് മാഷ് വീണ്ടും വളളിക്കെട്ടിലായി.. എന്തോ ഇവരുടെ പ്രയാസം മാഷുടെ മനസ്സ് വീണ്ടും അലിയിച്ചു.. ഉള്ളം കയ്യിൽ ഇരുന്ന കണ്ണട മൂക്കിന് മുകളിൽ ഒന്നു കൂടി നേരെയാക്കി വെച്ച് മാഷ് പോക്കറ്റിൽ നിന്നും ഒരഞ്ഞൂറു രൂപ കൂടി എടുത്ത് അവർക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു ഇനി ഒരിക്കലും നിങ്ങൾ ഇത്തരം ഒരു പണിക്കിറങ്ങരുത്.. അതും പറഞ്ഞ് മാഷ് മാള പോലീസ് സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് ലക്ഷ്യമാക്കി നടന്നു..!

സുരേഷ് ബാബു
#മാളകാഴ്ച്ചകൾ