Thursday 29 August 2019

18 ബേബിച്ചായന്റെ വികൃതികൾ..!


മാളയിലേക്ക് അഭയം തേടിയെത്തിയ യഹൂദരുടെ കാലത്ത് ജൂതതെരുവായും പിന്നീട് മുപ്പന്റെ ഇടുക്കായും മാറിയ മാള അങ്ങാടിയിലെ ഹോട്ട് സ്പോട്ടിലേക്ക് ദൂരെ ദിക്കിൽ നിന്നു പോലും ചായ കുടിക്കാരും, ചാരായം കുടിക്കാരും ഒരു പോലെ വന്നണഞ്ഞിരുന്നു.. യഹൂദർ പോയതിന് പിന്നാലെ നെയ്തകുടിക്കാരൻ പരമേശ്വരൻ മൂപ്പൻ അവിടെ ഒരു ചായകട തുടങ്ങിയതോടെയാണ് നാട്ടുകാർ അതിനെ മൂപ്പന്റ ഇടുക്കെന്ന് പുനർ നാമകരണം ചെയ്തത്.. ഇന്ന് പൂക്കടക്കാരൻ കിട്ടനും, ചെല്ലക്കുടം പോളിയും, മുള്ളൻ മാഷും എല്ലാം വിലസുന്ന ആധുനിക ഇടുക്കിന്റെ ആദ്യകാല ഫൗണ്ടറാണ് നമ്മുടെ പരമേശ്വരൻ മൂപ്പൻ പിന്നീട് മാധവേട്ടന്റെ ചാരായ ഷാപ്പ്, അന്തോണി മാപ്ലയുടെ പലചരക്കുകട, തട്ടാൻ കുട്ടപ്പൻ, രാവുണ്ണി കൊല്ലൻ, തേപ്പ്കാരൻ അലി, മഞ്ചക്കാരൻ ചുമ്മാരു മാപ്ല, തോലുകാരൻ മൊയലൻ മാപ്ല, ചുണ്ണാമ്പ് വിൽക്കുന്ന പടന്ന കോളനിയിലെ അമ്മുമ്മമാർ ഇവരെല്ലാം ഒരു കാലത്ത് ഇടുക്ക് അടക്കി വാണിരുന്നവരായിരുന്നു.... അരിമില്ല് ലക്ഷ്യമാക്കി പോകുന്ന കാളവണ്ടികളുടെ കടകടാ ശബ്ദം അതായിരുന്നു ഇടുക്കിന്റെ എക്കാലത്തേയും സംഗീതം.. പ്രധാന റോഡിൽ നിന്നും കടക്കുന്നിടത്ത് കൊച്ചുണ്ണി മാപ്പിളയുടെ പഞ്ഞിക്കടയുടെ പുറം ചുവരിൽ ആരോ ഒട്ടിച്ച് വെച്ച സിനിമ പോസ്റ്ററിൽ തന്റെ സ്വാധീനമുള്ള ഇടംകൈ കുത്തിപ്പിടിച്ചും, സ്വാധീനമില്ലാത്ത വലതുകാൽ ഇടതു കാലിന് മുകളിലേക്ക് മടക്കിവെച്ചും "ഞാനാരാ മോൻ" എന്ന മട്ടിൽ സൂപ്പർ എംപ്പോസ് ചെയ്ത ഏതോ വില്ലന്റെ ചിത്രം പോലെ കവിളുകൾ മറയുന്ന കൊമ്പൻ മീശ ഒന്നു കൂടി പെരുപ്പിച്ചും, വസൂരികല തെളിഞ്ഞ് കാണുന്ന പരുക്കൻ മുഖത്തെ ചുവന്ന കണ്ണുകൾ അങ്ങാടിയിലേക്ക് തുറന്നുവെച്ചും നിവർന്ന് നിൽക്കുന്ന #ഞൊണ്ടൻ_ബേബിച്ചായന്റെ ഞെളിഞ്ഞുള്ള നിൽപ്പ് ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരുടെ മനസ്സിൽ ഇന്നും തെളിഞ്ഞ് നിൽപ്പുണ്ടാവും പരിമതികൾ ക്കപ്പുറം എന്തൊക്കെയോ കഴിവും പ്രസരിപ്പുമുള്ള വ്യക്തി..



ഞങ്ങൾ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ജൂതപള്ളിയുടെ പടിഞ്ഞാറേ അതിരിലാണ് സഹപാഠി മുരിങ്ങാംപുറത്ത് ജോസിന്റെ വീട്.. അവിടെ പള്ളിപറമ്പിനോട് ചേർന്നുള്ള ഒരു കൽകൂനയിൽ പലപ്പോഴും നമ്മുടെ ബേബിച്ചായൻ ഇരിക്കുന്ന കാണാം പുഴയോരത്ത് ചൂണ്ടക്കാരൻ ഇരിക്കുന്നതു പോലെ എന്തോ പ്രതീക്ഷിച്ചിരിക്കുന്ന മുഖഭാവം ഒന്നുകൂടി ശ്രദ്ധിച്ചാൽ കുറച്ച് ടങ്കീസ് മുറുകെ പിടിച്ചിരിക്കുന്നത് കാണാം.. ചെവിയിൽ ആരോ ചെറുതായൊന്ന് കുശലം പറഞ്ഞപ്പോൾ ബേബിച്ചായൻ ഉഷാറായി.. ഉടനെ ടങ്കീസിന്റെ കൂട്ടത്തിൽ നിന്നും ഒരെണ്ണമെടുത്ത് തന്റെ കൈപ്പത്തിയിൽ ചുറ്റാൻ തുടങ്ങി. കമ്പ്യൂട്ടറിൽ നിന്നും എന്തോ ഡൗൺലോഡ് ചെയ്യുന്ന ലാഘവത്തിൽ ബേബിച്ചായൻ പ്രവർത്തി തുടർന്നു.. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ പുല്ല് മൂടി കിടക്കുന്ന പള്ളിപറമ്പിന്റെ ഏതോ മൂലയിൽ നിന്നും ഒരു കുപ്പി പട്ടച്ചാരായം അനുസരണയുള്ള കുട്ടിയേപ്പോലെ ബേബിച്ചായന്റെ തൊട്ടടുത്ത് വന്ന് നിന്നു.. നിമിഷ നേരം കൊണ്ട് ആവശ്യക്കാരൻ അതും എടുത്ത് എവിടയോ മറഞ്ഞു. അച്ചായന്റെ മാന്ത്രിക വിദ്യ ഞാനും, മുരിങ്ങാംപുറത്ത് ജോസും, സോമനും, സുരേന്ദ്രനും, കുഞ്ഞുമോനുമെല്ലാം മായാവിയുടെ മാന്ത്രിക വിദ്യ നേരിട്ട് കാണുന്ന പോലെ എത്രയോ തവണ നോക്കി നിന്നിരിക്കുന്നു..


അക്കാലത്തെ പ്രധാന അധോലോക വ്യവസായമായിരുന്ന വാറ്റുചാരായം നിർമ്മിക്കുന്നതും, വിൽക്കുന്നതും എല്ലാം കയ്യൂക്കും, സ്വാധീനവും ഉള്ളവർ മാത്രം ചെയ്യുന്ന കാര്യമായിരുന്നു.. എന്നിട്ടും എല്ലാ പരിമിതികളേയും, മറികടന്ന് ബേബിച്ചായനും അതിൽ കിങ്ങായി മാറി. അന്നാളിൽ പെരിയാറിന്റെ തീരത്തെ തിരുത്തൂര്, തിരുത്തിപ്പുറം, ഗോതുരുത്ത് എന്നീ ഗ്രാമങ്ങളിൽ നിന്നായിരുന്നു മാളവഴി വൻ തോതിൽ വാറ്റു ചാരായം കടത്തിയിരുന്നത് മാളയിൽ നിന്നു കൊണ്ട് അവരുടെ നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത് ബേബിച്ചായനായിരുന്നു.. പലപ്പോഴും പോലീസിന്റെയും, എക്സൈസിന്റെയും, കണ്ണുവെട്ടിച്ചും, അല്ലാതേയും കടത്താൻ അവർ പതിനെട്ടടവും പയറ്റും.. ഒരിക്കൽ ഒരോണക്കാലത്ത് റോഡിൽ എക്സൈസിന്റെ കർശന പരിശോധന നടക്കുന്നു.. ഓണകച്ചവടം പൊടിപൊടിക്കാൻ ഏതു വിധേനയും സാധനം എത്തിക്കുകയും വേണം.. സാധാരണ പോലെ കടത്താൻ ശ്രമിച്ചാൽ ഉറപ്പായും കുടുങ്ങും അങ്ങിനെയാണ് തവണ ആമ്പുലൻസിൽ കടത്താൻ തീരുമാനിച്ചത്.. അതാവുമ്പോൾ പോലീസിന്റെ കണ്ണ് വെട്ടിക്കാനുമാവും, ഒറ്റയടിക്ക് കൂടുതൽ സാധനം കൊണ്ടു പോകുകയും ചെയ്യാം.. വൈകാതെ പഴയൊരു ആമ്പുലൻസ് കടത്തുകാർ ഏർപ്പാടാക്കി അപ്പോഴും ഒരു പ്രശ്നം ആമ്പുലൻസ് വെറുതേ പാഞ്ഞുപോയാൽ പോലീസ് ഉറപ്പായും സംശയിക്കും.. അങ്ങിനെ ആമ്പുലൻസിൽ ശവമായി പോകുവാൻ ബേബിച്ചായൻ തന്നെ തയ്യാറായി അടുക്കി വെച്ച വലിയ കന്നാസുകൾക്ക് മുകളിൽ ബേബിച്ചായൻ മൂടി പുതച്ച് കിടന്നു വണ്ടി പാഞ്ഞു ഒന്നു രണ്ടിടത്ത് വെച്ച് പോലീസും, എക്സൈസും കണ്ടെങ്കിലും ആമ്പുലൻസ് ആയതിനാൽ സൗകര്യപൂർവ്വം കടത്തി വിട്ടു.. വണ്ടി വീണ്ടും കുതിച്ചു മാളയും, അഷ്ടമിച്ചിറയും കഴിഞ്ഞ് കോൾകുന്നിൽ എത്തിയപ്പോൾ എന്തോ തകരാറ് ഡ്രൈവർ വണ്ടി അരികിൽ ഒതുക്കി അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി.. അത്രയും സമയം അനങ്ങാതെ കിടന്ന ബേബിച്ചായന് സമയം ഒരു ശങ്ക.. ഒരു ബീഡി വലിക്കണം കുറച്ചു സമയം കൂടി പിടിച്ചു നിന്നു പിന്നെയും ശങ്ക കലശ്ശലായപ്പോൾ മടിയിൽ നിന്നും ഒരു കാജാ ബീഡിയെടുത്ത് കിടന്നു കൊണ്ടു തന്നെ വലിതുടങ്ങി.. കോൾകുന്നല്ലെ ചില കുസൃതി പിള്ളേർ അത് കണ്ടുപിടിച്ചു ആമ്പുലൻസിൽ കിടക്കുന്ന ശവം ബീഡി വലിക്കുന്നു. വിവരം തൊട്ടടുത്ത കോളനിയിലും പരന്നു ആളുകൾ കൂടാൻ തുടങ്ങി എന്തോ പന്തികേട് മണത്ത കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു... ഓടാനാവാത്ത ബേബിച്ചായൻ അനങ്ങാതെ കിടന്നു.. സംഭവത്തിലാണ് കേരള പോലീസ് അതിന്റെ ചരിത്രത്തിൽ ആദ്യമായി ബീഡി വലിച്ചതിന് ഒരു മൃതദേഹത്തെ അറസ്റ്റ് ചെയ്യുന്നത്..


സ്വാധീന കുറവുണ്ടെങ്കിലും ബേബിച്ചായൻ ഒരിക്കലും അതൊരു കുറവായി സ്വയം അംഗീകരിച്ചിരുന്നില്ല...
ആരെയും ഒന്ന് കൊടുക്കാനും, തക്കം വിട്ടാൽ എതിരാളിയുടെ കാല് പിടിച്ചായാലും രക്ഷപ്പെടാനും അച്ചായന് നന്നായറിയാം.. അഷ്ടമിച്ചിറക്കാരും മാളക്കാരും തമ്മിൽ കുറെ കാലം നീണ്ടു നിന്ന ഒരു തല്ല് നടന്നിരുന്നു.. അതിന്റെ തുടക്കം അണ്ണല്ലൂരിലെ അച്ചാമയുടെ ഓട്ടുകമ്പനിയിലെ (കണിച്ചായി) തൊഴിലാളി സമരമായിരുന്നു.. തൊഴിലാളികളെ കായികമായി എതിർക്കാൻ അന്ന് മുതലാളിയെ സഹായിച്ചിരുന്നത് മാളയിലെ രാഷ്ട്രീയ നേതാക്കളായിരുന്ന റായൻ മാപ്പിളയുടേയും, പൊയ്യത്തറ പരമേശ്വരന്റെയും, നേതൃത്യത്തിലുള്ള ഗുണ്ടാ സംഘങ്ങളായിരുന്നു.. മാളക്കാരായ മീശ കരീമ്, കൊച്ചുപോള്, കെടങ്ങൻ മമ്മാലി, പൊയ്യത്തറ പുഷ്പ്പൻ, താടി കുഞ്ഞുമോൻ, എന്നിവരായിരുന്നു അതിലെ പ്രമുഖർ. കരീമിനും, മമ്മാലിക്കും തടിമിടുക്ക് ഉണ്ടായിരുന്നെങ്കിലും "ധൈര്യം" ഒരു ടീസ്പൂൺ കുറവായിരുന്നു.. തക്കം വിട്ടാൽ ഇവർ ആദ്യം ഓടി രക്ഷപ്പെടും.. ഗത്യന്തരമില്ലാതെ അഷ്ട്ടമിച്ചിറ അണ്ണല്ലുർ ഭാഗത്തെ തൊഴിലാളികളും ഇവരെ ചെറുക്കാനിറങ്ങി... പിന്നീടത് മാളക്കാരും അഷ്ടമിച്ചിറക്കാരും തമ്മിലുള്ള തല്ലായി മാറി അഷ്ടമിച്ചിറ ഭാഗത്തുള്ളവർ മാളവഴി വന്നാൽ ഇവർ അടിക്കും.. മാളക്കാർ അഷ്ടമിച്ചിറയിൽ ചെന്നാൽ അവന്മാർ ഓടിച്ചിട്ടടിക്കും.. അങ്ങിനെ കുറേ കാലത്തേക്ക് മാളക്കാർക്ക് അഷ്ടമിച്ചിറയിലേക്കും, അഷ്ടമിച്ചിറക്കാർക്ക് മാളയിലേക്കും വരാനും, പോകാനും പ്രയാസമായി.
സിനിമയും ഇവർക്കിടയിലെ ഒരു വില്ലനായിരുന്നു.. അക്കാലത്ത് ഭേധപ്പെട്ട ചിത്രങ്ങൾ കളിക്കുന്ന തിയ്യേറ്ററുകൾ മാളയിലേതും, അഷ്ടമിച്ചിറയിലേതും മാത്രമായിരുന്നു.. പടം മാറുന്ന വെള്ളിയാഴ്ച ഇരു കൂട്ടർക്കും ഇരിക്ക പൊറുതിയുണ്ടാവില്ല.. എങ്ങിനേയും സിനിമ കാണണം തല്ല് കിട്ടുന്ന കാര്യമോർക്കുമ്പോൾ പോകാനും വയ്യ... അതുപോലെ ഒരു വെള്ളിയാഴ്ച അഷ്ടമിച്ചിറ മഹാലക്ഷ്മിയിൽ പ്രേംനസീറിന്റെ ഒരു ഹിറ്റ് പടം കളിക്കുന്നു പാത്തും പതുങ്ങിയും സിനിമക്ക് പോയ
മാളക്കാരായ രണ്ടു പേരെ അഷ്ടമിച്ചിറക്കാർ വളഞ്ഞിട്ട് തല്ലി വിവരം അറിഞ്ഞ് ഒരു സംഘം കാറിൽ മാളയിൽ നിന്നും പുറപ്പെട്ടു.. കുട്ടത്തിൽ അവർ ബേബിച്ചായനേയും കൂടെ കൂട്ടി.. തല്ലാനാവില്ലെങ്കിലും കാറിൽ ഇരുന്നുള്ള നോട്ടം കണ്ടാൽ ഗ്യാങ്ങ് ലീഡറാണെന്ന് കരുതി ആരും ഒന്ന് പതുങ്ങും.. കൊമ്പൻ മീശയും, കൂടെ പല്ലിറുമ്മിയുള്ള പുളിച്ച തെറിയും അത് കേട്ടാൽ പിന്നെ ആരും അധികം മുട്ടാൻ നിൽക്കില്ല.. അവിടെ എത്തിയപ്പോൾ ഉരുണ്ടോളിയിൽ കുറച്ച് പേർ കൂട്ടം കൂടി നിൽപ്പുണ്ട് വന്നപാടെ മാളക്കാർ അടി തുടങ്ങി.. ഒന്ന് പതറിയെങ്കിലും തിണ്ണമിടുക്കിന്റെ ബലത്തിൽ അഷ്ടമിച്ചിറക്കാർ തിരിച്ചടി തുടങ്ങി.. വണ്ടി ഉപേക്ഷിച്ച് കാർ ഡ്രൈവർ ഉൾപ്പടെ എല്ലാവരും ഓടി രക്ഷപ്പെട്ടു.. ഓടാനാവാത്ത ബേബിച്ചായൻ മാത്രം ബാക്കിയായി.. അപ്പോഴും മാളക്കാരെയായിരുന്നു അച്ചായൻ തെറി പറഞ്ഞുകൊണ്ടിരുന്നത് അതോടെ തല്ലാൻ വന്നവർ ബേബിച്ചായനെ വെറുതേ വിട്ടു. അങ്ങിനെ തല്ലിന് പോയ ബേബിച്ചായൻ ഒരു പോറൽ പോലും ഏൽക്കാതെ മാളയിൽ തന്നെ തിരിച്ചെത്തി.!!


കോർണ്ണർ_പീസ്


പിന്നീടെന്നോ ഒരു ദിവസ്സം ഞങ്ങൾ ഇടുക്കിലൂടെ കടന്നു പോയപ്പോൾ പലചരക്ക് കടക്കാരൻ അന്തോണി മാപ്ലയുടെ ഉപ്പുപെട്ടിയുടെ മുകളിൽ മലർന്ന് കിടന്നു കൊണ്ട് ബേബിച്ചായൻ സ്ഥിരമായി പാടാറുള്ള ഗാനം ഒരിക്കൽ കൂടി കാതിൽ മുഴങ്ങി..
അവശന്മാർ ആത്തന്മാർ
ആലംമ്പഹീനന്മാർ..
അവരുടെ സങ്കടം ആരറിയാൻ..
കൊലയൊന്നും ചെയ്തില്ല,കട്ടlല്ല, ചുട്ടില്ല പഥിതരെ നിങ്ങടെ ഞൊണ്ടൻ ബേബി..!!
x