Sunday 11 March 2018

14 മാളയുടെ മലയാള മുത്തശ്ശി..!!


രുപത്തിഞ്ച് വർഷം പുറകോട്ട് സഞ്ചരിച്ചാൽ 1993 ലെ ഒരു സായാഹ്നം.. മാള ഗവ: LP സ്കൂളിന്റെ ശതാബ്ദി ആഘോഷം നടക്കുന്നു.. പ്രധാന ആകർഷണം മാളയിലെ അന്നത്തെ നാടക കലാകാരന്മാർ അവതരിപ്പിക്കുന്ന CLജോസിന്റെ അക്കൽദാമ എന്ന നാടകം എന്നാണ് എന്റെ ഓർമ്മ.. പരിപാടി കാണാനാണെങ്കിൽ വലിയൊരു ജനാവലി സ്ക്കൂൾ വളപ്പിൽ തിങ്ങിക്കൂടി നിൽക്കുന്നുണ്ട്.. നാടകം സംവിധാനം ചെയ്തിരിക്കുന്നതാണെങ്കിൽ മാളയുടെ സ്വന്തം നാടക പ്രവർത്തകൻ KHM സുബൈർ..
കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു
വന്ദ്യ വയോധികനായ ഒരാളുടെ രണ്ട് ആൺ മക്കളിൽ ഒരാൾ ക്രൂരനായ പോലീസ് ഇൻസ്പക്ടർ,മറ്റൊരാൾ പോലീസ് പിൻതുടരുന്ന വലിയൊരു കള്ളനും.. ഒരേ വീട്ടിൽ തന്നെയാണ് ഇവർ രണ്ടു പേരും താമസിക്കുന്നത്..
സ്വന്തം പിതാവിനെ ജീവനു തുല്യം സ്നേഹിക്കുന്ന രണ്ടു മക്കളുടേയും ഇടയിൽ പെട്ടുപോകുന്ന ഹതഭാഗ്യനായ ഒരച്ചന്റെ കഥ പറയുന്നതാണ് നാടകം.
പിതാവായിട്ട് ഇതിൽ തകർത്തഭിനയിച്ചത് നമ്മുടെ ജോസ് വർക്കി മാഷായിരുന്നു.. അരങ്ങിൽ പ്രധാനമായും സംവിധായകൻ KHM സുബൈർ,വാച്ചർ ജോസപ്പേട്ടൻ, ഇന്നത്തെ മാധ്യമം ലേഖകൻ അബ്ബാസ് മാള,
റെഫീക്ക്,ഗോകുലൻ, ആൻറൂസേട്ടൻ, കള്ളിക്കാടൻ ബാബു, അഡ്വ: സ്റ്റാൻലി എടാട്ടുകാരൻ, പിന്നെ ഞാനും.. കൂടാതെ രണ്ട് അമേച്ചർ നാടക നടിമാരും ഉണ്ടായിരുന്നു.. ജൂത പള്ളിയിലാണ് പലപ്പോഴും അതിന്റെ റിഹേഴ്സൽ നടന്നിരുന്നത്. പരിചയപ്പെടുത്തൽ കഴിഞ്ഞ്
കർട്ടൻ ഉയർന്നു... പോലീസ് ഓഫീസറായി അഭിനയിക്കുന്ന അബ്ബാസ് മാള, അനുജനായി അഭിനയിക്കുന്ന അഡ്വ: സ്റ്റാൻലിയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു കൊണ്ട് സിവിൽ ഡ്രെസ്സിൽ വീടിന് മുൻമ്പിലെ മട്ടുപ്പാവിൽ ഉലാത്തുന്നതാണ് ആദ്യ സീൻ... അതിനിടയിലേക്ക് ഭാര്യ കടന്നുവന്ന് ഓർമ്മിപ്പിക്കുമ്പോഴാണ് പോലീസ് ഇൻസ്പെകർ വാച്ചിൽ നോക്കുന്നത്.. സ്റ്റേഷനിലെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.. അബ്ബാസ് വേഗം അകത്തേക്കോടി..
ഒരു മിനിട്ടിനുള്ളിൽ പോലീസ് യൂണിഫോം ധരിച്ച് ഇൻസ്പകർ അബ്ബാസ് ജോലി സ്ഥലത്തേക്ക് തിടുക്കത്തിൽ പോകുന്ന സീനാണ് അടുത്തത്..
അതിനിടയിൽ അനുജനും ചേടത്തിയും തമ്മിൽ ചെറിയൊരു സംഭാഷണവും നടക്കുന്നുണ്ട്..
അത് തീരുമ്പോഴേക്കും ഇൻസ്പക്ടർ സ്റ്റേജിൽ തിരിച്ചെത്തണം...
അകത്തേക്കോടിയ അബ്ബാസിനെ ഒരു മിനിട്ട് പോയിട്ട് 5 മിനിട്ട് കഴിഞ്ഞിട്ടും തിരിച്ച് സ്റ്റേജിലേക്ക് കാണുന്നില്ല..
സമയം സ്റ്റേജിൽ ലൈവായി നിൽക്കുന്ന ഇൻസ്പക്ടറുടെ ഭാര്യയും അനുജനും തമ്മിലുള്ള സംഭാഷണം പറഞ്ഞ് തീരുകയും ചെയ്തു.
ബാക്കി ഡൈലോഗ് പറയണമെങ്കിൽ അബ്ബാസ് സ്റ്റേജിലെത്തണം..പക്ഷേ അവനെ കാണാനുമില്ല.. അരങ്ങിലുള്ളവർ ആകെ പരിഭ്രാന്തരായി.. സമയം എന്തോ പന്തികേട് മണത്ത അഡ്വ:സ്റ്റാൻലി... പെട്ടെന്നു തന്നെ അടവൊന്നു മാറ്റി
കിട്ടിയ ഗ്യാപ്പിൽ നാടകത്തിലില്ലാത്ത ഡൈലോഗുകൾ അടിക്കാൻ തുടങ്ങി.. നടിയാണെങ്കിൽ സ്റ്റാൻലിയുടെ ഓരോ ഡൈലോഗിനും അനുസരിച്ച് മറുപടിയും പറയുന്നുണ്ട്.കാണികൾ ഇതൊന്നും അറിയുന്നില്ല..
സ്റ്റാൻലിയുടെ ഒരു ചോദ്യം ഇങ്ങിനെയായിരുന്നു..
ഞാനറിയുന്ന ചേട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. നേരത്തിന് ജോലിക്ക് പോകണമെന്ന് ചേച്ചിക്കെങ്കിലും ഒന്ന് ഉപദേശിച്ചു കൂടെ..??


അപ്പോൾ ചേടത്തിയുടെ മറുപടി... ദിവസവും
വെളുപ്പിന് എഴുന്നേറ്റ് പോയാൽ പാതിരാക്ക് മാത്രം വീട്ടിലേക്ക് കയറി വരുന്ന നിന്റെ ചേട്ടനെ... ഞാനെന്തിന് ഉപദേശിക്കണം..?? അങ്ങിനെ ഉരുളക്ക് ഉപ്പേരിപോലെ ചോദ്യവും മറുപടിയും സ്റ്റേജിൽ അങ്ങിനെ കൊഴുക്കുകയാണ്.. ഇടക്ക് സ്റ്റാൻലി വീടിന്റെ വാതിൽക്കലേക്ക് തിരിഞ്ഞ് അബ്ബാസ് വരുന്നുണ്ടോ എന്ന് എത്തി നോക്കുന്നുമുണ്ട്..
അവനെ മാത്രം കാണുന്നില്ല..
കുറേ കഴിഞ്ഞപ്പോൾ എങ്ങിനെയോ കുത്തിക്കേറ്റിയ ഒരു പോലീസ് യൂണിഫോമും ധരിച്ച് അബ്ബാസ് സ്റ്റേജിൽ ഓടികിതച്ചെത്തി.///// അങ്ങിനെ ഊരാ കുരുക്കിൽ നിന്നും തലനാരിഴക്ക് എല്ലാവരും രക്ഷപ്പെട്ടു..!!
.........................................
ഇനി ഒരു കോർണ്ണർ പീസ്...
.........................................
ഇങ്ങനെ സംഭവിക്കാൻ കാരണം തലേ ദിവസ്സം ഒരു പോലീസ്കാരനിൽ നിന്നും വായ്പയായി വാങ്ങിയ യൂണിഫോം പാകമാണോ എന്നു നോക്കാൻ അബ്ബാസ് മറന്നു പോയിരുന്നു.. പുതിയതായി വാങ്ങിയ ബെൽട്ടാണെങ്കിൽ പാന്റി ന്റെ ഹുക്കിൽ കയറുന്നുമില്ല..
അതാണ് അബ്ബാസ് സ്റ്റേജിന് പിന്നിൽ കുടുങ്ങാൻ കാരണം..
പെട്ടെന്നുള്ള വെപ്രാളത്തിൽ കുത്തിക്കേറ്റിയപ്പോൾ പാൻസ് കീറുകയും ചെയ്തു..
പിന്നീട് രണ്ടു കൈ കൊണ്ട് വയറിനു മുകളിൽ ബെൽട്ടും പാൻസും ചേർത്ത് പിടിച്ച് വലിയ ഗൗരവത്തിൽ അബ്ബാസ് സ്റ്റേജിലേക്ക് കടന്നു വന്നത്.. മറക്കാനാവാത്ത സുവർണ്ണ കാഴ്ചയായി ഇന്നത്തെ ശതോത്തര നിറവിലും.. മലയാള സ്ക്കൂളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ മായാതെ കിടക്കുന്നു.//////!
..............................................
സുരേഷ് ബാബു
മാള കാഴ്ചകൾ.