Sunday 25 October 2020

28 കാർത്തിക കാവിലെ പ്രണയം.

കാർത്തിക_കാവിലെ_പ്രണയം..!

നമ്മുടെ നാടിനും ഉണ്ടായിരുന്നു ഒരു പ്രണയകാലം.. കളിയും, കാവടിയും കളം നിറഞ്ഞാടുന്ന പൊരിയും, കരിമ്പും ഈന്തപ്പഴവും  രസം നിറയ്ക്കുന്ന ഉത്സവകാലം...

സീതയെ തട്ടിയെടുത്ത മൾട്ടി  തലയൻ  രാവണൻ  ലങ്കയിൽ  ലാന്റ് ചെയ്തതിന് പിന്നാലെ ഹനുമാൻ നടത്തിയ സർജിക്കൽ ക്വട്ടേഷനിൽ ലങ്കാ നഗരം  ചാമ്പലാവുന്നത് ലൈവായി കാട്ടി തരുന്ന ബാലേയും കഥാപ്രസംഗവും,
എല്ലാ കണ്ടും കേട്ടും ആൾക്കൂട്ട ആരവങ്ങൾക്കിടയിൽ കറങ്ങി തിരിയുന്ന ഉത്സവകാലം..

എക്സ് കാമുകിമാർ... സ്വപ്നാടനത്തിലെ നായകനേപ്പോലെ കറങ്ങുന്ന ഓൾഡ്ജെൻ കാമുകന്മാർ.. തഴപ്പായിൽ വട്ടമിട്ടിരുന്ന് കുശലം പറയുന്ന സുന്ദരിമാരുടെ സെക്യൂരിറ്റിക്കാരായ അമ്മൂമ്മമാർ...

വൃശ്ചികം തുടങ്ങുമ്പോൾ പാമ്പുമേക്കാട്‌ നിന്നും തുടങ്ങി ചക്കാംപറമ്പ് ഭരണിയിൽ അവസാനിക്കുന്ന ഈ പ്രണയ രസവാഹിനി മറ്റെങ്ങും തങ്ങിയില്ലെങ്കിൽ മഞ്ഞുകാലവും വസന്തകാലവും കടന്ന് വീണ്ടും ഒഴുകും.. 

 പ്രണയ സഞ്ചാരികൾക്ക് മാത്രമായി ചക്കാംപറമ്പിലേക്ക് ഒരു പ്രണയ വഴി തന്നെ ഉണ്ടായിരുന്നു ചാര കണ്ണുകൾക്കോ, നാട്ടിൻ പുറത്തെ റഡാറുകൾക്കോ  കണ്ടു പിടിക്കാൻ ആവാത്ത കിടിലൻ വഴി...

ടിപ്പു അമ്മാവനെ പേടിച്ച് കൊച്ചി രാജാക്കന്മാർ പണിത മൺകോട്ടയുടെ ബാക്കിയായ കോട്ടമുറി കോട്ടവാതിൽ റോഡിലൂടെ അൽപ്പം വടക്കോട്ട് സഞ്ചരിച്ചാൽ ആദ്യം ഒരു
ഇരുമ്പു പാലത്തിന് അടുത്തെത്തും അവിടന്ന്  താഴോട്ടിറങ്ങി വയൽ വരമ്പിലൂടെ കിഴക്കോട്ട് വെച്ചു പിടിച്ചാൽ കാണുന്ന ഒരു സർപ്പക്കാവും കടന്ന് പിന്നെയും മുന്നോട്ട് പോയാൽ ചക്കാംപറമ്പ് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ എത്തും..

ആ വഴിയിലൂടെയാണ് മാളയെ ആലിംഗനം ചെയ്യാൻ ചാലക്കുടി പുഴ പാഞ്ഞെത്തിയതും മാളയുടെ ഹൃദയ ധമിനികൾ തകർത്ത് അറബിക്കടലിലേക്ക് ഒഴുകി പോയതും.. ആ കുത്തൊഴുക്കിൽ തകരാതെ അവശേഷിച്ചത് മാളയിലെ  പ്രണയിതാക്കൾക്ക് വഴികാട്ടി ആയിരുന്ന ആ ഇരുമ്പുപാലം മാത്രമാണ്...

ആദ്യകാല പ്രണയ ജോഡികളായിരുന്ന രാധാ, ജീവന്മാരും, ഇന്ദിര, സഹദേവമാരും, ഷീല,ശശിമാരും, ലതിക,കെന്നഡിമാരും എല്ലാം ഒരു വട്ടമെങ്കിലും ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ടാവും...

അത്തരം  ഒരു ഉത്സവ കാലത്താണ് കാർത്തിക കാവിൽ വിളക്ക് തെളിയുന്നത് കാണാൻ കാത്തിരുന്ന പ്രകാശന്റെ മനസ്സിലേക്ക് ഒരു മിന്നാമിനുങ്ങ് കയറി വരുന്നത്....

 അന്നു മുതൽ പ്രകാശന്റെ മനസ്സിൽ ഈ മിന്നാമിനുങ്ങിന്റെ  വെട്ടവും നിറഞ്ഞു കത്തി...
ഓരോ വർഷവും കാർത്തിക
 കഥ പറഞ്ഞും, കളി പറഞ്ഞും കാർത്തിക രാവുകൾ അവർ ആഘോഷമാക്കി, കാർത്തിക വരവിനായി കാത്തിരുന്നു...

കാലം പിന്നെയും നീണ്ടു പോയി...

പിന്നീട് എപ്പോഴോ മിന്നാമിനുങ്ങ് കാർത്തിക കാവിലേക്കുള്ള വഴി മറന്നു.. പ്രകാശൻ പതിവുപോലെ  കാവിലെത്തി കാത്തിരുന്നു..

 വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു  പ്രതീക്ഷയുടെ കിരണങ്ങൾ കെടാതെ പ്രകാശൻ പിന്നെയും കൊണ്ടു നടന്നു.. കാർത്തിക പതിവുപോലെ വന്ന് പോയ് കൊണ്ടിരുന്നു..

 കരിയുണങ്ങാത്ത ചിരാത് നെയ്തിരിക്കിയി കാത്തിരിക്കുന്ന പോലെ ആണ്ടൊരിക്കൽ വന്നെത്തുന്ന കാർത്തികക്കായി കാത്തിരുന്നു..

 സുഹൃത്ത് ആൻറപ്പൻ ഒരിക്കൽ പ്രകാശനോട് പറഞ്ഞു...
എടാ പ്രകാശാ.. എനിക്ക് ഉറപ്പാ....  അവൾ തേച്ചിട്ടുണ്ടാവും...
നീ വെറുതെ കാത്തിരിക്കേണ്ട....
ഇനിയെങ്കിലും പ്രകാശാ
നിന്റെ അമ്മ പറേണത് കേട്ട്
എന്നിട്ട് നീ പോയി ഒരു കല്യാണം കഴിക്ക് അമ്മയ്ക്കെങ്കിലും കൂട്ടാവൂല്ലോടാ.. പ്രകാശാ....

 എന്നിട്ടും പ്രകാശൻ പ്രതീക്ഷ കൈവിട്ടില്ല.. ഒരിക്കൽ മെയിൻ റോഡിലെ ആലിൻ ചുവട്ടിൽ നിൽക്കുമ്പോൾ അതുവഴി വന്ന പയ്യപ്പിള്ളി ബസ്സിന്റെ മുൻഭാഗത്തെ ചില്ലിലൂടെ ആ മിന്നാമിനുങ്ങിന്റെ പ്രകാശം പ്രകാശൻ ഒരു മിന്നായം പോലെ കണ്ടു..
അതോടെ ആ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ വീണ്ടും ഉണർന്നു..

പ്രതീക്ഷ തെറ്റിയില്ല
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും മിന്നാമിനുങ്ങിനെ കണ്ടുമുട്ടി..  അന്ന് അവൾ ഒറ്റക്കായിരുന്നില്ല കൂടെ രണ്ട് കുട്ടികൾ രൂപവും ഏറെ മാറിയിരിക്കുന്നു.. എങ്കിലും  നിരാശ പുറത്തറിയിക്കാതെ സംസാരിച്ചിരുന്നു...

 വിവാഹിതയായി  വിദേശത്ത് പോയ കാര്യവും, കുറേകാലം കാർത്തിക വിളക്കിന് വരാൻ പറ്റാതായതും എല്ലാം..

സംസാരത്തിനിടയിൽ അവൾ  ചോദിച്ചു... എന്റെ കുട്ടികളെ കണ്ടോ എത്ര വേഗമാണ് കാലം കടന്നു പോകുന്നത്
അല്ലേ പ്രകാശാ...
പിന്നെ നീ നിന്റെ കുട്ടികളെ കുറിച്ച് ഒന്നും പറഞ്ഞല്ലല്ലോ..?

 മിന്നാമിനുങ്ങിനെ കാത്തിരുന്ന് അവിവാഹിതനായിപ്പോയ പ്രകാശൻ ഈ ചോദ്യത്തിന് മുന്നിൽ അൽപ്പം ഒന്ന് വിളറിയെങ്കിലും

ഒരു നിമിഷം മാനത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് പ്രകാശൻ പറഞ്ഞു..

 എന്റെ കാര്യവും ഏതാണ്ട് അങ്ങിനെ തന്നെയാ...
മൂത്തവൻ ഏഴിലും രണ്ടാമത്തവൻ ആറിലും...

പിറ്റേവർഷവും കാർത്തികയ്ക്ക് അവർ കണ്ടുമുട്ടി സംസാരത്തിനിടയിൽ അവൾ ചോദിച്ചു പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ...

പ്രകാശൻ പറഞ്ഞു മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...

 തലേവർഷവും ഇതുപോലെ തന്നെ പറഞ്ഞിരുന്ന കാര്യം അപ്പോഴേക്കും പ്രകാശൻ മറന്നിരുന്നു..

പിറ്റെ വർഷവും കാർത്തികയ്ക്ക് അവർ വീണ്ടും കണ്ടുമുട്ടി..
സംസാരത്തിനിടയിൽ വീണ്ടും ചോദിച്ചു അപ്പോ പ്രകാശാ മക്കളുടെ പഠിപ്പൊക്കെ എങ്ങിനെ..

പ്രകാശൻ വീണ്ടും പറഞ്ഞു  മൂത്തവൻ ഏഴിലും, ഇളയവൻ ആറിലും...

 പ്രകാശാ നിന്റെ മക്കൾ ആ സ്കൂളിൽ പഠിക്കുകയാണോ അതോ പഠിപ്പിക്കുകയാണോ..

 അതെന്താ അങ്ങിനെ ചോദിച്ചത് എന്റെ മക്കൾക്കും പഠിക്കണ്ടെ..

അതല്ല.. മൂന്ന് വർഷമായിട്ടും നീ നിന്റെ മക്കൾക്ക് ക്ലാസ് കയറ്റം കൊടുക്കാതിരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാ..

ആ നിമിഷം അവിടന്ന്  നിന്നനിൽപ്പിൽ മാഞ്ഞു പോയ പ്രകാശൻ പിന്നീട് കാർത്തിക കാവിന് മുന്നിലൂടെ പോകുന്ന ലൈൻ ബസ്സിൽ പോലും കയറിയിട്ടില്ല..!!

  #മാളകാഴ്ചകൾ.!!

27, നീചനും ഞാനും..!!



പെങ്ങളുടെ വിവാഹ ദിവസ്സം രാവിലെ പന്തലിൽ അവസാന മിനുക്കു പണികൾ പൂർത്തിയായി വരുന്നതേയുള്ളു... ബന്ധുക്കളും, സുഹുത്തുക്കളും എല്ലാം രാവിലെ തന്നെ എത്തി തുടങ്ങി..


പന്തലിന് പുറത്ത് കുറെ കാക്കകൾ കലപില കൂട്ടുന്നു... കുറച്ചെണ്ണം ഒരു സ്ഥലത്ത് വട്ടമിട്ടു നിന്ന് എന്തോക്കയോ കൊത്തി പെറുക്കി തിന്നുന്നുണ്ട്...
കാഴ്ച്ച എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു....


ഇതെല്ലാം ആസ്വദിച്ച് നിന്നിരുന്ന എന്റെ സുഹൃത്ത് കണ്ണപ്പനാണ് പറഞ്ഞത് രാത്രിയിൽ ആരോ നൽകിയ വാറ്റടിച്ച് കിറുങ്ങിപ്പോയ നമ്മുടെ ജോയി മാഷ് വാളു വെച്ചിടത്താണ് കാക്കകൾ വട്ടമിട്ട് പറക്കുന്നത് എന്ന കാര്യം..


ക്യാമറയുടെ സൂം ശെരിയാക്കി നോക്കുന്ന കല്യാണ ഫോട്ടോഗ്രാഫർ അത് ക്യാമറയിൽ പകർത്തുന്നുണ്ട്..
പിന്നീട് കല്യാണ കാസറ്റ് കയ്യിൽ കിട്ടിയപ്പോഴാണ് മനസ്സിലായത് വീഡിയോയുടെ ആദ്യ ഷോട്ട് തന്നെ ആരംഭിക്കുന്നത് കാക്കാമാരുടെ കൊത്തി പറക്കലിൽ നിന്നാണെന്ന്...


ആളുകൾ കൂടുതലായി വരുന്നന്നതിന് മുൻപേ കാക്കാമാരുടെ സംഘം പുണ്യസ്ഥലം വെടുപ്പാക്കി ജോയി മാഷുടെ മാനം രക്ഷിച്ചു..


മധുര ചക്കകൾ കായ്ക്കുന്ന വലിയ പഴപ്ലാവിന് സമീപത്ത് തന്നെയായിരുന്നു എന്റെ നീചന്റെയും ഇരിപ്പിടം.. അരൂപിയാണ്, വിരൂപിയാണ് എന്നു പറഞ്ഞ് എല്ലാവരും ആട്ടി അകറ്റി പറമ്പിന്റെ മൂലയിൽ വരെ എത്തിച്ചിരുന്ന നീചൻ എനിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു..


എന്നു മുതലാണ് നീചനെ ഞാൻ പ്രണയിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ പാൽപായസം ഇഷ്ടപ്പെട്ടു തുടങ്ങിയ കാലം മുതൽ എന്നു തന്നെ പറയേണ്ടി വരും..


കുറെ കൂടി പവർ ഫുള്ളായ ദൈവങ്ങൾ ടോൾമാൻ സെക്യൂരിറ്റിക്കാരേപ്പോലെ തറവാടിന്റെ മുറ്റത്ത് തന്നെ ഇരിപ്പുണ്ട്.... എന്നാൽ അവർക്കും നീചനെ ഭയമായിരുന്നു എന്നതാണ് ഒരു സത്യം...


അഹങ്കാരത്തിനാണെങ്കിൽ ഒരു പണ തൂക്കം പോലും കുറവുമില്ല.. പായസമേ കഴിക്കു, കൊടുക്കാൻ പൂണൂലിട്ടവൻ വേണം, ദിവസ്സവും കുളിപ്പിച്ച് കുറി തൊടുവിക്കണം അങ്ങിനെ എന്തെല്ലാം, ഏതെല്ലാം കണ്ടീഷനുകൾ...


അനുഗ്രഹം ആണെങ്കിൽ വേനൽ കാലത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളം വരുന്ന പോലെയാ.... വല്ലപ്പോഴുമേ വരു...
വന്നാൽ തന്നെ കയ്യിൽ കിട്ടാൻ, കാശും കൊടുക്കണം, നാട്ടുകാരുടെ ഇടിയും തൊഴിയും കൊള്ളുകയും വേണം..


എന്റെ നീചന് അങ്ങിനെ യാതൊരു നിർബന്ധവുമില്ല... കിട്ടുന്നത് എന്തും കഴിക്കും, പാൽപായസം ആയലും, പോത്തിറച്ചി ആയാലും ഒന്നിലും അയിത്തമില്ല.. നീചന് വേണ്ടി ഞാൻ അതെല്ലാം വെട്ടി വിഴുങ്ങും..


ബന്ധുക്കളുടെ വകയായും, ചിലപ്പോൾ നാട്ടുകാരും പായസം വെച്ചുള്ള പൂജകൾ അവിടെ നടത്താറുണ്ട് കുട്ടികൾക്ക് ആണെങ്കിൽ സന്തോഷം ടാക്സി പിടിച്ച് വരുന്ന പോലെയാണ് ദിവസ്സം..


നീചനുമായുള്ള ഒരു കമ്പനിക്കായി അച്ഛാച്ചൻ വല്ലപ്പോഴും എല്ലാം നോൺവെജ്ജ് പൂജകളും നടത്താറുണ്ട്..
അന്നും ഞങ്ങൾക്ക് കുശാലാണ് പ്ലാവിൻ ചുവട്ടിൽ വെക്കുന്ന ഇളം കള്ളും, വരട്ടിയ പോത്തിറച്ചിയും രുചിക്കാനുള്ള സ്വാതന്ത്യം എല്ലാവർക്കും അന്ന് ഒരു പോലെ കിട്ടും...


പൂജകൾ നടക്കുന്ന ദിവസ്സം അനുജൻ വളരേ ആക്ടീവ് ആയിരിക്കും പായസം ഉണ്ടാക്കലും, മാലകെട്ടലും പൂജാരിയെ സഹായിക്കലും എല്ലാം അവന്റെ ഡ്യൂട്ടി പോലെയാണ്....


പായസ്സം ഇളക്കികൊണ്ട് ഇരിക്കുമ്പോഴും അവൻ എന്നെ നോക്കി പിറുപിറുക്കും... എന്നിട്ട് പറയും ദേ.... നീചൻ ഇരിക്കുന്നു..


ഒരു കണക്കിന് എങ്ങിനെ പിറു, പിറുക്കാതിരിക്കും...
പൂജ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും നീചനുള്ളത് കൊടുത്ത് കൈപ്പറ്റ് രസീത് വാങ്ങണം.. അല്ലെങ്കിൽ പിന്നീട് ചെയ്യുന്ന പൂജകൾ ശെരിയാവില്ല എന്നാണ് വെപ്പ്...


ഡ്യൂട്ടി എനിക്കുള്ളതാണ് പായസം പാകമായാൽ കുറച്ച് ഭാഗം വാഴ ഇലയിൽ ഇട്ട് അച്ചാച്ചൻ എന്റെ കയ്യിൽ തരും ഞാനത് രണ്ട് മിനിട്ട് പ്ലാവിൻ ചുവട്ടിൽ വെച്ച ശേഷം എടുത്ത് അകത്താക്കും...


പിന്നെയും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പൂജ കഴിഞ്ഞാലെ അനുജനും മറ്റുള്ളവർക്കും പായസം കൈകൊണ്ട് തൊടാൻ കഴിയൂ...


നീചന്റെ പായസം കഴിച്ച് നേരത്തേ തന്നെ വയറു നിറച്ച് നടക്കുന്ന എന്നെ കാണുമ്പോൾ അനുജന് കലികയറും...കാരണം പുജകൾ കഴിയുന്നവരെ നീചനായ ഞാൻ പരിസരത്തേക്ക് വരാൻ പാടില്ല എന്നാണ് നിയമം ഞാൻ ഇടക്കിടയ്ക്ക് അത് തെറ്റിക്കും..


എന്റെ നിഴല് പരിസരത്ത് കണ്ടാൽ അപ്പോൾ തന്നെ അനുജൻ അച്ചാച്ചനോട് പരാതി പറയും ദേ... അച്ഛാച്ച
നീചൻ നിൽക്കുന്നു...
സമയം അച്ഛാച്ചൻ എന്നെ നോക്കി കണ്ണുരുട്ടും...
അതോടെ ഞാൻ സ്കൂട്ടാവും...


പിന്നീട് എപ്പോഴോ തറവാട്ടിൽ ഭാഗം തിരിച്ചപ്പോൾ പഴപ്ലാവ് അമ്മായിമാരുടെ ഭാഗത്തായി... അന്നു മുതൽ നീചൻ ഞങ്ങളുടെ അയൽ വീട്ടുകാരനായി കഴിയുകയാണ്..!!

മാളകാഴ്ചകൾ.