Sunday 25 October 2020

26 മാളയെ സ്നേഹിച്ച ഫേമസ്

 




തൊണ്ണൂറുകളുടെ അവസാന പാതിയിൽ ഒരു സബ്ബ് ഇൻസ്പെക്ടർ മാളയിൽ തൊഴിലെടുത്തിരുന്നു പേര് ഫേമസ് വർഗ്ഗീസ് ഏതാണ്ട് രണ്ടര വർഷകാലം മാത്രമാണ് അദ്ദേഹം ഇവിടെ ജോലി ചെയ്തത്.. കാലം ഏറെ സഞ്ചരിച്ചിട്ടും, സ്മൃതി പഥങ്ങൾ കണ്ണെത്താ ദൂരത്തേക്ക് ഓടി മറഞ്ഞിട്ടും മാളക്കാരുടെ മനസ്സിൽ ഫെമസ് എന്ന പേര് ഇന്നും മായാതെ നിൽക്കുന്നു.. അതിനുള്ള ഒരു കാരണം അദ്ദേഹത്തിൻ്റെ കയ്യിൽ അന്ന് സ്ഥിരമായി കണ്ടിരുന്ന ഏതാണ്ട് ആറടിയോളം നീളമുള്ള ചൂരൽ ആയിരിക്കാം ആട്ടോറിക്ഷക്കാർ മുതൽ വഴിയരികിൽ നേരം പോക്കാൻ ഇരുന്നിരുന്നവർ വരെ SI പ്രശ്നക്കാരനാണെന്നും, സൂക്ഷിക്കണമെന്നും അടക്കം പറഞ്ഞിരുന്നത് ഇന്നും ഓർമ്മിക്കുന്നു.. പിന്നീടറിഞ്ഞു ഇത്രയും നിർഭാഗ്യവാനായ ഒരു ചൂരൽ മറ്റൊരു സ്റ്റേഷനിലും ഉണ്ടാവാൻ സാധ്യതയില്ല എന്ന സത്യം, കാരണം ഒരിക്കൽ പോലും അടിയേറ്റ് പുളയുന്ന മനുഷ്യൻ്റെ ചൂടറിയാൻ പാവം ചൂരലിന് അവസ്സരം ലഭിച്ചിരുന്നില്ല ഒരു പക്ഷേ നിയമവഴിയിലെ പരുക്കൻ ഭാവങ്ങളിൽ നിന്നും മാറി നടക്കാൻ ഒട്ടും പരുക്കനല്ലാത്ത തൻ്റെ മനസ്സിനെ നിരന്തരം ഓർമ്മിപ്പിക്കാനാവാം ചൂരൽ അദ്ദേഹം ചേർത്ത് പിടിച്ചിരുന്നത് എന്നിട്ടും കൃഷ്ണൻകോട്ട ക്കാരനായ ഒരാളെ മർദ്ധിച്ചു എന്ന ഒരു വ്യാജ പരാതിയുടെ പേരിൽ അദ്ദേഹത്തിന് ഇവിടെ നിന്നും നാടു കടക്കേണ്ടിവന്നു എന്നത് മറ്റൊരു ചരിത്രം.. കണ്ണീർ ഇന്നും ഒരു പാടായി മാള സ്റ്റേഷനിൽ കിടക്കുന്നുണ്ട്.. ഇനി ഒരു ചെറിയ സംഭവം പറയാം, അന്നമനട ഭാഗത്തു നിന്നും ഒരു പരാതി നാളികേരം തുടങ്ങിയ വസ്തുക്കൾ മോഷണം പോകുന്നു ഒന്നു രണ്ട് കുട്ടികളാണ് ഇതിനെല്ലാം പിന്നിലെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.. ആദ്യം സംശയം പ്രകടിപ്പിച്ച കുട്ടികളുടെ മാതാപിതാക്കളോട് വിവരം തിരക്കി അവർ നിഷേധിച്ചു തങ്ങളുടെ മക്കൾ അത്തരക്കാരല്ലെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു കുറച്ചുനാൾ പ്രശ്നങ്ങൾ ഉണ്ടായില്ല.. ഒരിടവേളക്ക് ശേഷം വീണ്ടും പരാതിയുമായി നാട്ടുകാരെത്തി നേരത്തേ സംശയിച്ച വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ച് സംസാരിച്ചു.. അവർ ആദ്യ നിലപാടിൽ തന്നെ ഉറച്ചു നിന്നു... സഹികെട്ട എസ് കുട്ടികളെ സ്റ്റേഷൻ വരാന്തയുടെ അറ്റത്തേക്ക് കൊണ്ടുപോയി ആറടിയോളം നീളമുള്ള ഒരു ചൂരൽ അവരുടെ ചുമലിൽ വെച്ച് കൊടുത്തിട്ട് മാതാപിതാക്കളുടെ മുന്നിലൂടെ ഇടിമുറി ലക്ഷ്യമാക്കി നടത്തിക്കൊണ്ടുപോയി, പോകുന്ന പോക്കിൽ ഒരുത്തൻ്റെ മൂത്രം തുള്ളി തുള്ളിയായി താഴെ വീഴുന്നുണ്ട് അവർ തൊട്ടപ്പുറത്തെ മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ മുറിയിൽ അടിയുടെ ശബ്ദം ഉയരാൻ തുടങ്ങി... അത് കേട്ട് മാതാപിതാക്കൾ കരച്ചിലായി തങ്ങളാണ് മക്കളെ മോഷ്ടിക്കാൻ വിട്ടിരുന്നതെന്നും, ഇനിയത് ഒരിക്കലും ആവർത്തിക്കില്ലെന്നും ഏറ്റു പറഞ്ഞു ഉറപ്പിൽ അവരെ വിട്ടയച്ചു... മാതാപിതാക്കൾ നേരെ അടികേട്ട മുറിയിലേക്ക് ചെന്നു അപ്പോൾ കണ്ടത് പോലീസ് ഉദ്യോഗസ്ഥൻ്റെ അടുത്തിരുന്ന് മിഠായി തിന്നുന്ന കുട്ടികളെയാണ്, തലങ്ങും വിലങ്ങും നോക്കിയിട്ടും അടിയുടെ ഒരു ലക്ഷണവും അവിടെ കാണുന്നില്ല... സമയം കുട്ടികളുടെ നോട്ടം തൊട്ടടുത്ത് കിടന്നിരുന്ന മേശയിലായിരുന്നു... കാരണം കുട്ടികൾക്ക് പകരം ചൂരൽ പഴം മുഴുവൻ ഏറ്റുവാങ്ങിയത് മരമേശയായിരുന്നു പിന്നീട് ജീവിതത്തിൽ ഒരിക്കലും അത്തരം ഒരു തെറ്റിലേക്ക് മക്കൾ പോയിട്ടുണ്ടാവില്ല... അതുപോലെ ചെറുതും വലുതുമായ എത്രയോ സംഭവങ്ങൾ ഫേമസ് സാറിൻ്റെയും ടീമിൻ്റെയും തന്ത്രപരമായ ഇടപെടലുകളിലൂടെ തെളിയിച്ചിരിക്കുന്നു... അതിൽ ഒരു കാലത്ത് ഇരിങ്ങാലക്കുടക്കാരുടെ ഉറക്കം കെടുത്തിയിരുന്ന റിപ്പർ സുരേന്ദ്രൻ കേസുമുണ്ട് കൊടും ക്രിമിനലിനെ പിടികൂടി ശിക്ഷിപ്പിക്കുക മാത്രമല്ല രണ്ടോ മൂന്നോ തവണ സുരേന്ദ്രൻ ജയിലിൽ നിന്നും ചാടിപോയിട്ടുണ്ട്.. ഓരോ തവണ ജയിൽ ചാടുമ്പോഴും സുരേന്ദ്രൻ ആദ്യം എത്തുക തമിഴ്നാട്ടിലെ ഏതെങ്കിലും ഉൾഗ്രാമത്തിൽ ആയിരിക്കും.. അങ്ങിനെ സുരേന്ദ്രൻ എത്തിപെടാൻ സാധ്യതയുള്ള അത്തരം ഗ്രാമങ്ങളിൽ പ്രച്ഛന്ന വേഷത്തിൽ കറങ്ങി നടന്ന് പിടികൂടി വീണ്ടും തിരിച്ചെത്തിച്ചത് പോലുള്ള എത്രയോ കേസുകൾ, സംഭവങ്ങൾ, അന്വോഷണങ്ങൾ.. ജനപ്രിയനായ ഫേമസ് സാർ 2020 അവസ്സാനിക്കുന്നതിന് മുൻപേ ഉദ്യോഗ സേവനത്തിൻ നിന്നും വിരമിക്കുകയാണ് ഇപ്പോൾ ഇരിങ്ങാലക്കുട DYSPയാണ്.! 

സുരേഷ് ബാബു

മാളകാഴ്ച്ചക


No comments:

Post a Comment