Friday 26 October 2018

16 കുന്നത്തുകാട്ടിലെ ഡ്രാക്കുള കോട്ട..!!





കൗമാര കാലത്ത് ഞങ്ങളെ വല്ലാതെ ഭയപെടുത്തിയിരുന്ന ഒരിടം നമ്മുടെ മാളയിൽ ഉണ്ടായിരുന്നു..ടൗണിൽ നിന്നും വടക്കോട്ട് പുത്തൻചിറയിലേക്ക് പോകുന്ന റോഡിൽ കുന്നത്തുകാട്ടിലെ കയറ്റം കയറി ചെല്ലുന്നിടത്ത് റോഡിന്റെ ഓരം ചേർന്നായിരുന്നു ആ കെട്ടിടം... മുകളിൽ നരിച്ചീറുകളും, എലികളും, മരപ്പട്ടികളും വിഹരിച്ചിരുന്ന മച്ച്, ആ ഒറ്റനില കെട്ടിടത്തിന്റെ മര ഗോവണി കയറി തുടങ്ങുമ്പോൾ തന്നെ ഉള്ള് പെട, പെടാ പെടക്കും..
ചോര ഇറ്റ് വീഴുന്ന കണ്ണുകളും, കൂർത്ത നഖങ്ങളും, കറപിടിച്ച പല്ലുകളും കാട്ടി ആർത്ത് അട്ടഹസിക്കുന്ന ഡ്രാക്കുളയുടെ രൂപമായിരിക്കും ആദ്യം മനസ്സിൽ ഓടിയെത്തുക.. കാരണം അതിലായിരുന്നു ഞങ്ങളെ ഭയവിഹ്വലതകളുടേയും..മാന്ത്രികതയുടേയും
മായാലോകത്തേക്ക് കൈപിടിച്ച് നടത്തിയ..അപസർപ്പക നോവലു കളുടേയും, മാന്ത്രിക നോവലു കളുടേയും വൻശേഖരം ഉണ്ടായിരുന്ന ഐക്യകേരള വായനശാലയും, കലാസമിതിയും പ്രവർത്തിച്ചിരുന്നത്.
ആ ഗ്രാമത്തിലെ മുഴുവൻ കാതുകളേയും കുളിരണിയിച്ച് കൊണ്ട് ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങൾ ഒഴുകിയിരുന്ന ഗ്രാമ പഞ്ചായത്തിന്റെ കോളാമ്പി റേഡിയോ പ്രവർത്തിച്ചിരുന്നതും ഇതിന് മുകളിലായിരുന്നു.. ബ്രാം സ്റ്റോക്കറുടെ ഒർജിനൽ ഡ്രാക്കുളയെ കൂടാതെ.. അടുത്ത കാലത്ത് അന്തരിച്ച കോട്ടയംപുഷ്പനാഥിന്റെ ഡ്രാക്കുളയുടെ തലയോട്ടിയും, ഡ്രാക്കുളയുടെ നട്ടെല്ലും, ഡ്രാക്കുളയുടെ വാരിയെല്ലും, ഡ്രാക്കുള കോട്ടയും, ഡ്രാക്കുളയുടെ മകളും പോലുള്ള നൂറുകണക്കിന് നോവലുകൾ.. മുട്ടത്തു വർക്കി മുതൽ പമ്മൻ വരെയുള്ളവരുടെ പുസ്തകങ്ങൾ കൂടാതെ നാടകം, കഥ, കവിത, ആത്മകഥകൾ തുടങ്ങി എല്ലാം കൊണ്ടും സമുദ്ധമായിരുന്നു കുന്നത്ത് കാട്ടിലെ ഐക്യ കേരള വായനശാല..ലോകം കീഴടക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയേക്കാൾ ഞങ്ങളെ മുൾമുനയിൽ നിർത്തിയിരുന്നതും, രാവുകൾ നിദ്രാവിഹീനം ആക്കിയിരുന്നതും, കോട്ടയം പുഷ്പനാഥിന്റെ അപസർപ്പക നോവലുകൾ വായിക്കുമ്പോഴാണ്... സ്കൂളിലേക്ക് ഗ്രാമ വഴിയിലൂടെയുള്ള യാത്രപോലും.. പുഷ്പനാഥ് കഥകളിലെ ഡിക്ടക്ടീവ് പുഷ്പ്പരാജിനേപ്പോലെ.. വള്ളിപടർപ്പുകളിൽ തൂങ്ങിയാടിയും.. ഇടതോടുകൾ ചാടികടന്നും, പുൽപാടത്ത് കൂട്ടുകാരുമൊത്ത് മൽപിടുത്തം നടത്തിയുമായിരുന്നു. ഇന്നത്തെ പുലിമുരുഖൻ സിനിമയിലെ മോഹൻലാലിനേ പ്പോലെ അന്ന് ഞങ്ങളുടെ മനസ്സിന്റെ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്ന ആളായിരുന്നു.. പുഷ്പനാഥ് കഥകളിലെ നായകൻ പുഷ്പരാജ്. അക്ഷര ലോകത്ത് പിച്ചവെച്ച് തുടങ്ങിയവരെപ്പോലും വായനയോട് ചേർത്ത് നിർത്തി അവരിൽ യുക്തിചിന്തയുടേയും, ശാസ്ത്രബോധത്തിന്റെയും ആവേഗങ്ങൾ നിറച്ചത് ഐക്യ കേരളയിലെ ഈ പുസ്തകങ്ങൾ ആയിരുന്നു... റുമാനിയയിലെ കാർപാത്യൻ മലനിരകളുടേയും, ഡ്രാക്കുള കോട്ടയുടേയും, മഞ്ഞു മൂടിയ ആൽപ്സ് പർവ്വതനിരകളുടേയും.. കാഡില്ലാക്ക് ഉൾപ്പെടെയുള്ള കാറുകളുേടേയും എല്ലാം ആരാധകരായിരുന്നു അന്ന് ഞങ്ങൾ.. പുസ്തകങ്ങൾ വായിക്കുന്നത് പോലെ തന്നെ ഒരുപക്ഷേ കൂടുതൽ ഇഷ്ട്ടം വായിച്ചവർ പറയുന്ന കഥകൾ കേൾക്കുന്നതിൽ ആയിരുന്നു... അത്തരം ധാരാളം കഥപറച്ചിലുകാർ അന്നവിടെ ഉണ്ടായിരുന്നു എന്റെ കൂട്ടുകാരിൽ ഏറ്റവും വലിയ വായനക്കാർ മാളയിലെ ഐപുഞ്ഞി മാഷുടെ മകൻ ദിലീപും, അനുജൻ അനിൽ കുമാറും എല്ലാമായിരുന്നു.. അനിലിന്റെ കയ്യിൽ അന്നൊരു പുസ്തകം കിട്ടിയാൽ ഒറ്റ ഇരിപ്പിൽ തന്നെ അവനത് വായിച്ച് തീർക്കും... അങ്ങിനെ ദിവസ്സവും അവൻ വായിച്ച പുസതകത്തിന്റെ കാഥാസാരവും കേട്ടുകൊണ്ട് വലിയ വായനക്കാരനല്ലാത്ത ഞാനും.. ഐക്യ കേരള വായനശാലയുടെ നിത്യ സന്ദർശകനായി.. കലാസമിതി വരാന്തയിൽ അന്ന് ചില പുസ്തക പുഴുക്കൾ കൂടും കൂട്ടി ഇരിക്കുന്നത് കാണാം.. ആ കൂട്ടത്തിൽ പരനാട്ട്കുന്നിലെ പത്മാക്ഷ പാപ്പന്റെ മകൻ ജയൻമാഷും ആയിട്ടായിരുന്നു ഞങ്ങൾക്ക് കൂടുതൽ അടുപ്പം..
ഒരു പക്ഷേ മാഷുമാരോടുള്ള സ്നേഹമാവാം... വെറുതേ നടക്കുന്ന ജയൻന്മാരെ പിടിച്ച് ചുമ്മാ മാഷാക്കുന്നത് ഞങ്ങടെ നാട്ടുകാരുടെ ഒരു ഹോബിയായിരുന്നു.. അത്തരം നിരവധി ജയൻ മാഷുമാർ ഉണ്ടായിരുന്നു ഇവിടെ... ഈ മാഷ് വിളി ഇവന്മാർക്ക് പാരയാകുന്നത് വല്ല കല്യാണാലോചനയോ മറ്റോ വരുന്ന സമയത്തായിരിക്കും..
ഒരു ജയൻ മാഷ് ഇതുപോലെ നാലാം ക്ലാസിൽ പഠനം നിർത്തി നാട്ടിൽ ചുറ്റി തിരിയുന്ന കാലം... പ്രായമെത്തിയപ്പോൾ വീട്ടുകാർ വിവാഹാലോചന തുടങ്ങി.. ജയൻ മാഷ്ക്ക് പറ്റിയ ഒരു പെണ്ണുവേണം ഇത് കൂട്ടുകാർ പറഞ്ഞ് നാടാകെ അറിഞ്ഞു... മൂന്നാൻന്മാർ വരവായി അവരാണെങ്കിൽ.. കൊണ്ടുവരുന്നത് മുഴുവൻ ടീച്ചർ മാരുടെയും, ഉദ്യോഗസ്ഥകളുടേയും കേസുകൾ...
ഇതറിഞ്ഞ മറ്റൊരു സുഹൃത്ത് മൂന്നാനേ)))
ഈ മാഷ് നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ മാഷല്ല... ഇത് വെറും മാഷ്.. അങ്ങിനെ എത്ര തിരുത്താൻ ശ്രമിച്ചിട്ടും പല മുന്നാൻന്മാരും അന്ന് വിശ്വസിച്ചില്ല.. മാഷും മാർക്ക് അത്രയും ഡിമാന്റുള്ള കാലമായിരുന്നു അത്... അത് കൊണ്ട് തന്നെ ജയൻ മാഷുമാർക്ക് നാട്ടിൽ പെണ്ണ് കിട്ടാൻ പ്രയാസമില്ല എന്നാണ് വെപ്പ് അത് ഇത് ഇവിടത്തെ പരസ്യമായൊരു രഹസ്യമാണ്. ഞങ്ങളുടെ വായനശാലാ സുഹൃത്തിനേയും ജയൻമാഷ് എന്ന് തന്നെയാണ് ഞങ്ങളും വിളിക്കാറ്.. പരന്ന വായനക്കാരൻ ശാസ്ത്രത്തിലും, ചരിത്രത്തിലും എല്ലാം നല്ല അറിവുള്ളയാൾ... കലയും, കളരിപയറ്റും, എഞ്ചിനീയറിങ്ങും, എന്നു വേണ്ട ഏന്തും വഴങ്ങുന്ന ആൾ അതാണ് ഞങ്ങളുടെ ജയൻ മാഷ്...
കഥ കേട്ട് ഞങ്ങൾ പതുക്കെ ജയൻ മാസ്റ്ററുടെ ശിഷ്യന്മാരായി മാറിയിരുന്നു... ഒട്ടേറെ സംഭവ കഥകളും മാഷന്ന് പറയാറുണ്ട് അതിൽ ഒന്നാണ് ചുണ്ടൻ ഭാസ്കരന്റെ കഥ..
ഏറെ സാഹസികമായി തന്റെ പ്രണയിനിയെ സ്വന്തമാക്കിയ ഭാസ്ക്കരന്റെ കഥ.. നാട്ടിൽ അറിയപ്പെടുന്ന ഒരു കാർഷിക കുടുംമ്പത്തിലെ കൗസല്യ അമ്മായി ചെത്തുകാരനായ ഭാസ്ക്കരനുമായി കടുത്ത പ്രണയത്തിലായി.. പ്രണയം കൊടുമ്പിരി കൊണ്ടിരിക്കെ വിവരം മണത്തറിഞ്ഞ പെൺവീട്ടുകാർ ഭാസ്ക്കരനെതിരെ എതിർപ്പുമായി രംഗത്തുവന്നു.. അവർ അമ്മായിയെ വീട്ടു തടങ്കലിലാക്കി.. ഭാസ്ക്കരനെ വഴിയിൽ തടഞ്ഞ് ഭീഷിണിപ്പെടുത്തി.. എത്ര എതിർപ്പുണ്ടായാലും പ്രണയത്തിൽ നിന്നും പിൻമാറില്ലെന്ന് ഭാസ്ക്കരനും.. "ഭാസ്ക്കരൻ" വന്ന് വിളിച്ചാൽ കൂടെ ഇറങ്ങി പോകുമെന്ന് അമ്മായിയും നിലപാടെടുത്തു...
നാട്ടിലെ ചെറുപ്പക്കാരിൽ വലിയൊരു വിഭാഗം ഭാസ്ക്കരന്റെ കൂടെ കൂടി.. വീട്ടുതടങ്കലിൽ നിന്നും അമ്മായിയെ രക്ഷിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.. എതിർപക്ഷവും ശക്തമായി ചെറുത്തുനിന്നു... ഇരുകൂട്ടരും തമ്മിൽ പരസ്പരം പോരു വിളിയായി.. ആരെല്ലാം എതിർത്താലും ഇന്നെക്ക് മൂന്നാം ദിവസ്സം ഇരുട്ടി വെളുക്കുന്നതിന് മുൻപ് കൗസല്യ ചുണ്ടന്റെ പെണ്ണായിരിക്കും... എന്ന് കടത്തനാടൻ ശൈലിയിൽ അങ്ങാടിയിൽ വെച്ച് അങ്ങാടിയിൽ വെച്ച് ഭാസ്ക്കരൻ വെല്ലുവിളിച്ചു.. പ്രശ്നം രൂക്ഷമായി.. എന്നാൽ അതൊന്ന് കാണട്ടെ എന്നായി പെൺപക്ഷം.. ആകെ ഉദ്യോഗഭരിതമായ രംഗങ്ങൾ.. ഇരുവശത്തും ആളുകൾ സംഘടിച്ചു.. പെൺ വീട്ടുകാരും, ബന്ധുക്കളും ഉറക്കമൊളിച്ച് അവരുടെ വീടിന് മുന്നിൽ കാവലിരിപ്പായി..ആളുകൾ ചാര കണ്ണുകളുമായി നാട്ടിൽ റോന്ത് ചുറ്റാൻ തുടങ്ങി.. ഭാസ്ക്കരന്റെ ചെത്ത്കാരായ സുഹൃത്തക്കൾ തെങ്ങിന് മുകളിലിരുന്ന് യുദ്ധ മുഖത്തെ റഡാറിൽ എന്ന പോലെ... പരിസരത്തെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു.. മൂന്നാം ദിവസ്സം രാത്രി ഏറെ വൈകി.. ദിവസങ്ങളായി ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന അമ്മായിയുടെ ബന്ധുക്കൾ തിണ്ണയിൽ ഇരുന്ന് മയങ്ങുന്നത് ദൂരെ നിന്നും കണ്ട ഭാസ്ക്കരനും കൂട്ടരും ആ തക്കം നോക്കി വീടിന്റെ പുറകിലൂടെ പാഞ്ഞെത്തി.. നിമിഷനേരം കൊണ്ട് ജനാല ഇളക്കി മാറ്റി അമ്മായിയെ പുറത്ത് കടത്തി ഭാസ്ക്കരനും കൂട്ടരും രക്ഷപ്പെട്ടു... നേരം വെളുത്തിട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്.. അപ്പോഴേക്കും അമ്മായി ഭാസ്ക്കരൻ ജീവിതസഖിയായ് കഴിഞ്ഞിരുന്നു.!

കോർണ്ണർപീസ്..!!
കളിച്ചും, കഥ പറഞ്ഞും ഞങ്ങളെ വിസ്മയിപ്പിച്ചിരുന്ന ജയൻ മാഷ് ITI പഠനം കഴിഞ്ഞ് കുറച്ചു കാലം... നാട്ടിൽ പല ജോലികളും ചെയ്ത ശേഷം തൊഴിൽ തേടി നാടുവിട്ടു..
പിന്നീട് ഈ അടുത്ത കാലത്ത് പൂപ്പത്തിക്കടുത്ത് പറമാടുവെച്ച് ലോട്ടറി വിൽപനയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ജയൻ മാഷെ വീണ്ടും കാണാനിടയായി.. റോഡരികിൽ നിന്നു കൊണ്ടു തന്നെ നന്മയൂറുന്ന ഒരുപാട് ഓർമ്മകൾ ഞങ്ങൾ പരസ്പരം പങ്കുവെച്ചു..!!

സുരേഷ് ബാബു
#മാളകാഴ്ചകൾ..!!