Friday 25 October 2019

20 കരീം കളത്തിൽ ഇറങ്ങി, പോത്ത് കീഴടങ്ങി..!!


മാളയിൽ പരിഭ്രാന്തി പരത്തിയ മുറപോത്ത് അവസ്സാനം വലിയപറമ്പിലെ കരീമിന്റെ മനോധൈര്യത്തിന് മുന്നിൽ കീഴടങ്ങി..  കൊല്ലാൻ ഇറങ്ങിയവരും, കൊല്ലപ്പെടാൻ പോകുന്നവനും തമ്മിലുള്ള ജെല്ലിക്കെട്ടിനാണ് ഇന്ന് രാവിലെ മുതൽ മാള അങ്ങാടിയും പരിസരങ്ങളും സാക്ഷിയായത്..

 KSRTC സ്റ്റേഷന് സമീപത്തെ കശാപ്പുശാലയുടെ മുന്നിൽ വെച്ച് അക്രമാസക്തനായ പോത്ത് മാളത്തോട് വഴി നീന്തി Bed കോളേജിന്റെ മുന്നിലെ കാട്ടിലെത്തി ഒളിച്ചു.. ഒരു തവണ പിടിക്കാൻ കഴിയുന്ന അടുത്തു വരെ രണ്ടുപേർ എത്തി എങ്കിലും സമയം അവരെ ആക്രമിച്ചത് പോത്തായിരുന്നില്ല പോത്തിന് സമീപം നിന്നിരുന്ന തെങ്ങിൽ ചുറ്റി കിടന്നിരുന്ന മൂർഖൻ പാമ്പായിരുന്നു.. പാമ്പിനെ കണ്ടതോടെ പോത്തിനെ ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു..

പിന്നീട് Bed കോളേജിന് മുൻഭാഗത്തെത്തിയ പോത്തിനോട് അടുക്കാൻ ശ്രമിച്ച മറ്റൊരു സംഘത്തിന് നേരേയും പോത്ത് പാഞ്ഞടുത്തു... തല നാരിഴക്കാണ് അവർ  പോത്തിന്റെ കുത്തേൽക്കാതെ രക്ഷപ്പെട്ടത്   അപകടം മണത്ത അവരും ശ്രമം ഉപേക്ഷിച്ച് പിൻവാങ്ങി..

കാര്യങ്ങൾ കൈവിട്ട് പോയതോടെ  പോത്തിന്റെ ഉടമ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു...  എന്തായാലും പോത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും  പോത്ത് ആരെയെങ്കിലും ആക്രമിച്ചതായി പരാതി ലഭിച്ചാൽ ഉടമയുടെ പേരിൽ കേസെടുക്കും എന്നുമുള്ള കർശന നിലപാടാണ് പോലീസ് സ്വീകരിച്ചത്.. അതോടെ നിയമവഴി തപ്പി പോയ പോത്തുടമ വീണ്ടും അങ്കലാപ്പിലായി..

 വിവരം അറിഞ്ഞ് വലിയപറമ്പിൽ നിന്നും എത്തിയ കസാപ്പുകാരൻ സംസം കരീം കളത്തിലിറങ്ങി അവൻ മറ്റൊരു എരുമയെ മറയാക്കി പോത്തിനോട് ഏതാണ്ട് ഒരു തെങ്ങുംപാട് അകലം വരെ എത്തി  അവിടെ വെച്ച് പോത്തും കരീമും തമ്മിൽ ഏറെ നേരം നേർക്കുനേർ നോക്കി നിന്നു അതിനിടയിൽ രണ്ട് തവണ കരീമിനെ ലക്ഷ്യമാക്കി പോത്ത് പാഞ്ഞടുത്തു..

വീണ്ടും അക്രമിക്കാൻ ഒരുങ്ങിയെങ്കിലും കരീം തന്ത്രപരമായി ഒഴിഞ്ഞുമാറി അവസ്സാനം കരീമിന്റെ മനോധൈര്യത്തിന് മുന്നിൽ പോത്ത് കീഴടങ്ങി..
അതോടെ കളി കരീമിനോട് വേണ്ടെന്ന് മാളയിലെ പോത്തുകൾ തിരിച്ചറിഞ്ഞു..!
xxxxxxxxxxxxxxxxx
#മാളകാഴ്ച്ചകൾ

Saturday 5 October 2019

19 ജോൺസൻ സ്പെഷ്യൽ സർബത്ത്

ഊശാൻ താടിക്കാരനില്ലെ അവനാണ് ജോൺസ..
മാള സർക്കാർ ആശുപത്രി പടിയിൽ പെട്ടികട നടത്തുന്ന സുഹൃത്ത്  ബാഗ്ലുരിലെ തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ച് അപ്പൻ കൈമാറി തന്ന മുറുക്കാൻ കട മാളയിലെ  സംത്തിങ് സ്പെഷ്യലായ സർബത്ത് പോയന്റാക്കി മാറ്റിനാണ് ജോൺസൻ 
പൊരിഞ്ഞ വേനൽ ചൂടുള്ള ഒരു ദിവസ്സം അങ്ങാടിയിൽ സുഹൃത്ത് മാള പള്ളിപ്പുറത്തെ തമ്പിയുമായി സംസാരിച്ചിരിക്കുമ്പോൾ അവൻ പറഞ്ഞു ചേട്ടാ നമുക്ക് ജോൺസന്റെ കടവരെ പോയി ഓരോ സർബത്ത് കഴിച്ചാലോ.. കേട്ടപ്പോൾ ആദ്യം ഞാനൊന്ന് മടിച്ചു അവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാലെ ജോൺസന്റെ കടയിലെത്താനാവു.. ഒരു സർബത്ത് കുടിക്കാൻ വേണ്ടി ഏതാണ്ട് നൂറ് സർബത്ത് കടകൾ താണ്ടിവേണം അവിടെയെത്താൻ.. അതും ചൂടത്ത്... സംശയിച്ചെങ്കിലും കട ലക്ഷ്യമാക്കി ഞങ്ങൾ വെച്ചടിച്ചു..
അവിടെ ചെല്ലുമ്പോൾ ഒന്നു രണ്ട് അമ്മമാർ കടയുടെ മുന്നിൽ നിൽക്കുന്നുണ്ട്... അവരുമായി നല്ല പരിചയക്കാരേപ്പോലെ ജോൺസൻ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്..
പതിവായി ആശുപത്രിയിൽ വരുന്നവരാണ് അവരെന്ന കാര്യം സ്നേഹഭാവത്തിൽ തന്നെ വ്യക്തമാണ്.. ഞങ്ങളും അവരുടെ നർമ്മ സംഭാഷണത്തിൽ കൂടി...
ഓരോ ആശുപത്രി യാത്രയും സുഹൃത്തുക്കളായ അമ്മമാർക്ക് വീട്ടിൽ നിന്നുള്ള ഔട്ടിങ്ങാണ് അതവർ നന്നായി ആസ്വദിക്കുന്നുണ്ട് ഓരോ വരവിലും ഒഴിവാക്കാനാവാത്ത രണ്ട് ലക്ഷ്യങ്ങളുണ്ട് അവർക്ക്..

ഒന്ന് ആശാമോളെ കാണുന്നത്, അടുത്തത് ജോൺസന്റെ എരിവും, മധുരവും, പുളിയും ചേർത്ത്  മേമ്പൊടിയായി അൽപ്പം സ്നേഹവും ചേർത്തിളക്കി ജോൺസ നൽകുന്ന മസ്സാല സർബത്തും കഴിക്കുന്നതാണ്..  അമ്മമാരുടെ സന്തോഷം ആസ്വദിച്ചു കൊണ്ട് ഞങ്ങളും ഓരോ സർബത്ത് ഓർഡർ ചെയ്തു... അത് തയ്യാറാക്കുന്നതിനിടയിൽ നാട്ടുകാര്യം മുതൽ വീട്ടുകാര്യം വരെ ജോൺസൺ ചോദിച്ചറിഞ്ഞ് ഓരോ ഗ്ലാസ് സർബത്ത് ഞങ്ങളുടെ നേരെ നീട്ടി.. അത് കഴിച്ച് തീരും വരെ ജോൺസ ഞങ്ങളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല.. ദാഹം മാറിയിട്ടും കുളിരിൽ അൽപ്പ നേരം കൂടി ഞങ്ങൾ നിന്നു..

അപ്പോഴാണ് സ്ക്കൂൾ കാലത്ത് എന്റെ സഹപാഠിയായിരുന്ന ജോൺസ തന്ന പച്ച റോസിൽ പൂ വിരിയുന്നതും കാത്തിരുന്ന കഥ ഞാൻ ഓർത്തത്...
അക്കാലത്ത് ഒരു പനിനീർ ചെടിയെങ്കിലും ഇല്ലാത്ത വീടുണ്ടായിരുന്നില്ല...
എന്റെ വീട്ടിലും നിറയെ റോസാചെടികൾ പിതാവ് നട്ടു വളർത്തിയിരുന്നു വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ... അതിൽ എനിക്ക് ഇഷ്ടം ഇളം ചുവപ്പ് നിറത്തിലുള്ള, സുഗന്ധം പരത്തുന്ന പനിനീർ പൂവിനോടായിരുന്നു...
അതിൽ ഒന്നു രണ്ടെണ്ണം അച്ഛൻ കാണാതെ അറുത്തെടുത്ത് സ്ക്കൂളിൽ കൊണ്ടുപോയി കൂട്ടുകാരുമായി സുഗന്ധം ആസ്വദിക്കാറുണ്ട്..
അത്തരം ഒരു ദിവസ്സം ജോൺസ ചോദിച്ചു നിന്റെ വീട്ടിൽ പച്ച നിറത്തിലുള്ള പൂവുണ്ടാവുന്ന റോസാചെടിയുണ്ടോ...ഞാൻ പറഞ്ഞു.. ഇല്ല..
മാത്രമല്ല അത്തരം ഒരു റോസാപൂ ഞാൻ കണ്ടിട്ടുമില്ല... എനിക്ക് അൽഭുതമായി.. ജോൺസൺ പറഞ്ഞു എന്റെ വീട്ടിലുണ്ട്.. പനിനീർ പൂവിന്റെ ഒരു കമ്പ് തരുകയാണെങ്കിൽ പകരം ഞാൻ പച്ച റോസാ പൂവിന്റെ കമ്പ് തരാം..

എനിക്കു തോന്നി ജോൺസന്റെ ഓഫർ തരക്കേടില്ലല്ലോ....
അന്നും അവൻ ഓഫറുകളുടെ രാജാവായിരുന്നു...
അന്നു മുതൽ ഞാൻ പച്ച റോസാ പൂവിനെ സ്വപ്നം കാണാൻ തുടങ്ങി.. ഒരു ദിവസ്സം രാവിലെ പൂന്തോട്ടത്തിൽ അച്ഛൻ ചെടികൾ പരിപാലിച്ച് നിൽക്കുമ്പോൾ   പച്ച റോസിന്റെ കാര്യം ഞാൻ പറഞ്ഞു..
അത് കേട്ട് ഒന്ന് പുഞ്ചിരിച്ച ശേഷം പകരം നമ്മൾ എന്താണ് കൊടുക്കേണ്ടത് എന്ന് അച്ഛൻ ചോദിച്ചു... സമയം തൊട്ടടുത്ത് നിൽക്കുന്ന പനിനീർ പൂവിന് നേരെ ഞാൻ കൈ ചൂണ്ടി... എങ്ങാൻ ഒരു പച്ചറോസ് കിട്ടിയാലോ എന്ന് അച്ചനും കരുതിക്കാണും..
ഒന്നു രണ്ട് കമ്പ് അറുത്ത് എനിക്ക് തന്നു.. പകരം ജോൺസൻ തന്ന പച്ച റോസിന്റെ കമ്പുമായിട്ടാണ് ഞാൻ  വീട്ടിലെത്തിയത്....

അച്ഛനും ഞാനും മാറി,മാറി വളവും വെള്ളവും എല്ലാം നൽകി പരിപാലിച്ചതിനാൽ കുറഞ്ഞ കാലം കൊണ്ടത് വളർന്ന് പന്തലിച്ചു.. എന്നിട്ടും മൊട്ട് മാത്രം കാണുന്നില്ല...
ഒരു ദിവസം പോലും മുടങ്ങാതെ വെള്ളമൊഴിച്ചു ഒഴിവുള്ളപ്പോഴെല്ലാം ഓടി ചെന്ന് ചെടിയോട് കിന്നാരം പറഞ്ഞു പൂവിടാൻ വൈകുന്നതിൽ പരിഭവം പറഞ്ഞു.. അങ്ങിനെ അക്ഷമനായി കാത്തിരുന്നു..
പല ദിവസങ്ങളിലും നിറയെ പച്ച നിറത്തിലുള്ള റോസാപൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് ഞാൻ സ്വപ്നത്തിൽ കാണും...
രാവിലെ ചെന്ന് നോക്കുമ്പോൾ അതിൽ പൂ മാത്രം കാണാറില്ല..
പിന്നീട് ഒരു ദിവസ്സം ആശുപ്പത്രിയുടെ കിഴക്കേ വഴിയിലെ ജോൺസന്റെ വീടിന് മുന്നിലൂടെ നടന്ന് പോയപ്പോൾ.. അന്നത്തെ പനിനീർ ചെടി പൂത്തുലഞ്ഞ് പരിസരമാകെ പനിനീർ സുഗന്ധം വാരിവിതറി നിൽക്കുന്നത് ഞാൻ കണ്ടു..!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
മാളകാഴ്ചകൾ