Wednesday 5 May 2021

29, അമ്മ വീട്ടിലെക്കുള്ള വിഷുക്കാലയാത്ര.!

 

  

  രു വിഷു ശങ്കരാന്തി ദിവസ്സം ചേന്ദമംഗലത്തെ മാറ്റപാടത്ത് നിന്നും വല്യമ്മാവൻ വാങ്ങി തന്ന ചിരട്ടച്ചെണ്ടയുടെ കാലിൽ പിടിച്ച് തിരിക്കുമ്പോൾ കേൾക്കുന്ന അസുര താളമായിരുന്നു കുട്ടിക്കാലത്ത് ആസ്വദിച്ചിട്ടുള്ള ഏറ്റവും ഇമ്പമാർന്ന താളം.കുറെകൂടി മുതിർന്നപ്പോൾ എന്നിലെ സാഹസികനെ തിരിച്ചറിഞ്ഞ വല്യമ്മാവൻ ചിരട്ട ചെണ്ടക്ക് പകരം അമ്പും വില്ലുമായിരുന്നു വാങ്ങി തന്നത് അമ്മാവൻ്റ ഇളയമകൻ ശശിയേട്ടൻ തെറ്റാലിയിൽ അമ്പെയ്ത് വീടിന് മുന്നിലൂടെ ഒഴുകുന്ന പെരിയാറിൽ നിന്നും കരിമീൻ പിടിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കാറുള്ള എൻ്റെ മനസ്സിൽ അമ്മാവൻ വിഷു കൈനീട്ടമായി വാങ്ങി തന്ന അമ്പും വില്ലും കൂടുതൽ സന്തോഷം നിറച്ചു

ഉച്ചയൂണ് കഴിഞ്ഞ ശേഷമാണ് വില്ലാളികളുടെ  ആശാനായ ദ്രോണാചാര്യരേപ്പോലെ  ആയുധം കൈനീട്ടമായി എൻ്റെ കയ്യിൽ രുന്നത്.. സാധനം കിട്ടി ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ പരീക്ഷണം വിജയിച്ചു.. വിചാരിച്ചതിനേക്കാൾ വേഗത്തൽ അമ്പുകൾ ലക്ഷ്യസ്ഥാനത്ത് കൃത്യമായി തറച്ചു തുടങ്ങി.. ഇടയിൽ ഒരെണ്ണം മാത്രം കൈതെറ്റി ചുണ്ണാമ്പ് തേച്ച് ഇറയത്ത് വിശ്രമിച്ചിരുന്ന വെല്യമ്മാവൻ്റെ ചെവിയുടെ അരികിലൂടെ മൂളി പാഞ്ഞു പോയി അതുവരെ കൊട്ടും പാട്ടുമായി ഇരുന്നിരുന്ന അമ്മാവൻ ഇടഞ്ഞു  കൈനീട്ടം തിരിച്ചു വാങ്ങി ഒറ്റ ചവിട്ടിന് രണ്ട് കഷ്ണമാക്കി.. അതും പോരാഞ്ഞ് അടിയും അതോടെ എന്നിലെ സാഹസികൻ അമ്മാവനുമായി പിണങ്ങി.. 

അതെല്ലാം ഒരുകാലം വിഷു ദിവസം പകൽ അമ്മയുടെ നാടായ പഴംപുള്ളി തുരുത്തിലേക്കുള്ള യാത്ര തന്നെ സാഹസികയിരുന്നു.. മാളയിൽ നിന്നും നേരിട്ട് ഒന്നോ രണ്ടോ ബസ്സ് മാത്രമേ പുത്തൻവേലിക്കര സ്റ്റേഷൻ കടവിലേക്ക് ഉണ്ടായിരുന്നുള്ളു.. അതും ചാലക്കുടിയിൽ നിന്നും ആരംഭിച്ച് മാള അങ്ങാടിയിൽ അരമണിക്കൂറോളം കിടന്നശേഷം വീണ്ടും പുറപ്പെട്ട് പൊയ്യയിൽ എത്തുമ്പോൾ നേരെ പടിഞ്ഞാറോട്ട് വെറുതേ യാത്രചെയ്ത് കൃഷ്ണൻകോട്ട കടവിൽ എത്തി തിരിച്ച് പുറപ്പെടാൻ നേരത്താവും പുഴയുടെ നടുവിൽ നിന്ന് തോണിക്കാരൻ ഗംഗൻ്റെ കൂവൽ പിന്നെ വഞ്ചി കടവിൽ അടുക്കുന്നവരെ ഇപ്പപോകും എന്നമട്ടിൽ വണ്ടി റെയ്സ് ചെയ്ത് അങ്ങിനെ കിടക്കും.. നേരിട്ട് ഇരുപത് മിനിറ്റിനകം എത്താവുന്നിടത്തേക്ക് ഒരു മണിക്കൂറിലധികം നീളുന്ന ബസ് യാത്ര.. എന്നാലും യാത്ര മനം മടുപ്പിക്കില്ല അത്രയും പ്രകൃതി രമണീയമായ വഴിയിലൂടെയാണ് വണ്ടി കടന്ന് പോകുന്നത് വണ്ടി മാനാഞ്ചേരി കുന്ന് കയറുമ്പോൾ ഏതോ പർവ്വതം കയറുന്ന ഫീലാണന്ന്.. കുത്തനെയുള്ള  കയറ്റം കയറുന്നതിന് ഇടക്ക് ഒരു നാല് തവണയെങ്കിലും ഡ്രൈവർ ഗിയർ മാറ്റുന്നത് കാണാം... 

അമ്മയോട് ഒപ്പമാണ് യാത്രയെങ്കിൽ ആദ്യം കിട്ടിയ വണ്ടിയിൽ കയറി പൊയ്യയിൽ ഇറങ്ങും പിന്നെ അവിടന്ന് ഓരോ കപ്പലണ്ടി മിഠായി വാങ്ങികഴിച്ച് അമ്മയുടെ കൈ പിടിച്ച് നേരെ തെക്കോട്ട് ഒറ്റ നടത്തം, എലിച്ചിറയിൽ എത്തുമ്പോൾ വലതുവശത്തെ പാടത്തേക്ക് ഒറ്റതിരിച്ചിൽ കൊയ്തൊഴിഞ്ഞ പാടശേഖരത്തിലെ ഒറ്റയടി പാതയിലൂടെ മാനാഞ്ചേരി കുന്ന് കയറി ഇറങ്ങി അരമുക്കാൽ മണിക്കൂറിനുള്ളിൽ അമ്മ ഞങ്ങളെ സ്റ്റേഷൻ കടവിൽ എത്തിക്കും... 

സമയം കടത്തു വഞ്ചി ഇക്കരെയാണെങ്കിൽ രക്ഷപ്പെട്ടു, അതല്ലെങ്കിൽ വഞ്ചി തിരിച്ചു വരുന്നവരെ പെരിയാറിലെ വെള്ളത്തിലൂടെ ഓടി കളിക്കുന്ന കരിമീനുകളേയും,, മീൻകൂട്ടങ്ങളേയും നോക്കി അങ്ങിനെ നിൽക്കും.. വഞ്ചി അടുക്കുന്നതോടെ വീണ്ടും തുരുത്ത് ലക്ഷ്യമാക്കിയുള്ള യാത്ര... നിറയെ യാത്രക്കാരുമായി വഞ്ചി തുഴയുന്നത് ജന്മനാ ഇരു കാലുകളും ശോഷിച്ച ബേബി ചേട്ടനാണ് എന്നാലും ആർക്കും ഭയമോ പരിഭവമോ ഇല്ല കാരണം പുഴയിൽ കളിച്ചും, കുളിച്ചും വളർന്നവരാണ് അമ്മ ഉൾപ്പടെയുള്ള മിക്കവാറും യാത്രക്കാർ.. വെള്ളത്തിൽ തൊട്ടും തലോടിയും, വിശേഷങ്ങൾ പങ്കുവെച്ചും പടിഞ്ഞാറോട്ട് നോക്കി ഇരിക്കുമ്പോൾ ദ്വീപിൻ്റെ വടക്കെ അരികിലെ അമ്മവീട് തെളിഞ്ഞു കാണാം, പിന്നെ സ്കൂൾ തുറക്കുന്നവരെ അമ്മാവന്മാരോട് ഒപ്പവും, പുതിയ കൂട്ടുകാരോട് ഒപ്പവും കറക്കം തന്നെ കറക്കം..!! 

ഇനി_ഒരുകോർണ്ണർ_പീസ്... 

ഒരു വിഷുവിന്  നാട്ടുകാരെ കണി കാണിക്കാൻ  കണിയുമായി ഇറങ്ങുവാൻ  തീരുമാനിച്ചു കൂട്ടുകാരൊന്നിച്ച് തീരുമാനം ഉറപ്പിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു തപ്പും, കണിക്കൊന്നയുമെല്ലാം നാട്ടിൽ നിന്ന് തന്നെ സംഘടിപ്പിച്ചു കണിയി പ്രധാനിയായ കണിവെള്ളരി മാത്രം കിട്ടിയില്ല പകരം ഒരു ഇടിയൻ ചക്ക മഞ്ഞ കടലാസിൽ പൊതിഞ്ഞ് കൂട്ടത്തിൽ വെച്ചു... അർദ്ധരാത്രി കണിയും തലയിലേറ്റി പുറപ്പെട്ടു കൂട്ടത്തിൽ അഞ്ചാറ് പേരുണ്ട് ഓരോ വീടിൻ്റെ മുറ്റത്ത് കണിവെച്ച് ചെണ്ടകൊട്ടി വീട്ടുകായെല്ലാം ഉണർത്തിയ ശേഷം കണി ഓണർമാർ ഒളിച്ചിരിക്കുന്നതാണ് രീതി.  അവസാനം ചെത്തുകാരൻ ഓടാശ്ശേരി സുബ്രേട്ടൻ്റെ വീട്ടിലെത്തി തപ്പുകൊട്ടി ഉണർത്തിയ ശേഷം ഞങ്ങൾ ഒളിച്ചിരുന്നു... സുബ്രേട്ടൻ വാതിൽ തുറന്ന് കണികണ്ട ശേഷം പണം ഇടുന്നതിനായി കൈ നീട്ടിയപ്പോൾ  കടലാസ് കണിവെള്ളരിയിൽ കൈ തട്ടി, എന്തോ പന്തികേട് മണത്ത സുബ്രേട്ടൻ കടലാസ് പൊക്കി നോക്കിയപ്പോൾ അകത്ത്  ഇടിയൻ ചക്ക പിന്നെ ഒരു അലർച്ചയായിരുന്നു ഏത് പട്ടികളാടാ കണിവെള്ളരി ഇല്ലാതെ കണിയും കൊണ്ട് വന്നിരിക്കുന്നത്... ഒളിച്ചിരിക്കാതെ നേരെ ഇറങ്ങിവാടാ.. ഒരെണ്ണത്തിനേം ഇവിടന്ന് വിടില്ല സുബ്രേട്ടൻ നല്ല ചൂടിലാണ് ചിലർ ഇരുന്നിടത്ത് ഇരുന്ന് ട്രൗസറിൽ മുള്ളി... രണ്ട് ധൈര്യശാലികൾ ഓടി രക്ഷപ്പെട്ടു.. ബാക്കിയുള്ളവർ സുബ്രേട്ടൻ്റെ കലി അടങ്ങും വരെ പിടികൊടുക്കാതെ അവിടെ കാത്തിരുന്നു.. ഇടക്കെപ്പോഴോ സുബ്രേട്ടൻ ഒന്ന് മാറിയ തക്കത്തിന് കണിയും എടുത്ത് ഞങ്ങൾ ഓടി രക്ഷപ്പെട്ടു

മാളകാഴ്ചക