Saturday 20 May 2017

8 പുഞ്ചപാടത്തെ തുന്നംപാടികൾ..!

നമ്മുടെ കുഞ്ഞു മാള കമാലിയ എന്ന നടക്കാതെ പോയ സ്വപ്ന ലോകത്തെ ചുറ്റി വളഞ്ഞ് കുതിച്ചൊഴുകിയിരുന്ന ഒരു കാലം നമ്മുടെ ഓർമ്മയിൽ ഇരമ്പി മറിയുന്നുണ്ടല്ലോ.. അങ്ങ് ദൂരെ നാടുകളിൽ നിന്നു പോലും മാളയിലേക്ക് വന്നെത്തിയ.. കൂലി പണിക്കാരായ തൊഴിലാളികളേയും, ആശുപത്രി നടത്തിപ്പുകാരായ ഹാജിയാക്കന്മാരേയും,കോട്ടിട്ട മാന്യന്മാരെന്ന് തോന്നിക്കുന്ന വാടക ഗുണ്ടകളേയും, ഇതിനിടയിലേക്ക് മണം പിടിച്ചെത്തിയ രാഷ്ട്രീയക്കാരേയും.. എല്ലാം കൂട്ടത്തോടെ കണ്ടപ്പോൾ മാളയിലേക്ക് വന്നുചേരാൻ പോകുന്ന ഏതോ സുന്ദര കാലത്തിന്റെ മിന്നലാട്ടം..നമ്മുടെ കണ്ണുകളിൽ കുളിരു കോരിയിട്ട് കടന്നുപോയത്..നമ്മൾ മാളക്കാരുടെ ഓർമ്മയിൽ നിന്നും എളുപ്പം മാച്ചു കളയാനാവുമോ..!!

കവി പാടിയപ്പോലെ ഏത് സുന്ദര ലോകത്തിന്റെ നെറുകയിൽ പോയൊളിച്ചാലും ഇത്തിരിപ്പോന്ന ഈ പച്ചപ്പിലേക്ക് നമ്മേ മാടി വിളിക്കുന്ന..നമ്മുടെ നാടൻ കോഴിയും,നാടൻ മീനും, നാടൻ പോത്തുമെല്ലാം.. നമുക്കു തന്നെ അന്യമായിപ്പോയ കാലം..! എന്നിരുന്നാലും.. ഈ നാട്ടിൻ പുറത്താകെ എന്തൊരാവേശ തിമിർപ്പായിരുന്നു.!!

വേറെ ചിലരാണെങ്കിൽ.. നേരം വെളുക്കാൻ കാത്തിരിക്കയാണ് നമ്മുടെ അസനാരിക്കാടെ വീട്ടിലേക്ക് ഇടിച്ച് കേറാൻ.. തൂപ്പു ജോലി ആയാലും വേണ്ടില്ല.. അസനാരിക്കാടെ ശുപാർശയിൽ അവിടെയൊരു പണിയെങ്ങാനും തരപ്പെടുത്താൻ കഴിഞ്ഞാൽ നാട്ടിലെ ആക്കി ചോദ്യക്കാരിൽ നിന്നെങ്കിലും തൽക്കാലം രക്ഷപ്പെടാമല്ലോ..? ഇനി അഥവാ.. നിനക്ക് പണിയൊന്നും ആയില്ലേടാ..?
നിന്നെയൊക്കെ പഠിക്കാൻ വിട്ട നേരം കൊണ്ട്
അപ്പൻ നാല് ജാതിയോ തെങ്ങോ നട്ടു നനച്ചിരുന്നെങ്കിൽ.. എന്നിങ്ങനെ നാട്ടിലെ അനിഷ്ഠക്കാരായ വല്യപ്പന്മാർ ആരെങ്കിലും ചോദിച്ചു വന്നാൽ.. അവരുടെ നെറ്റി ചുരുട്ടി ക്കാൻ ഞാൻ കമാലിയയിലെ ജോലിക്കാരനാ.. എന്നങ്ങട് നെഞ്ചു വിരിച്ച് കാച്ചാമല്ലോ..?
ഇനി വേണമെങ്കിൽ ആ പേരിൽ തന്നെ ഒരു പെണ്ണും കെട്ടാം. അങ്ങിനെ എന്തൊക്കെ സ്വപനങ്ങൾ..!!

ഇന്നത്തേപ്പോലെ ബെങ്കാളികളൊക്കെ പണിക്കിറങ്ങി തുടങ്ങിയിരുന്ന കാലമായിരുന്നില്ല അന്നത്തേത് എന്നോർക്കണം. നാടൻ പണിക്കാരാണെങ്കിൽ നാട്ടിൽ തന്നെ നടന്ന് എല്ലാ വിളവു പഠിച്ച സൂത്രശാലികളും.. പണി ചോദിച്ച് വരുന്ന അന്നത്തെ ആളാവില്ല പിന്നീട് പണിക്കിറങ്ങി കഴിഞ്ഞാൽ..
തീരെ ക്ഷമയില്ലാത്തയാളാണെങ്കിൽ അതുമതി കൺട്രോള് പോകാൻ..! അതുകൊണ്ടൊക്കെ തന്നെയാ വണം ഇത്തരം കാര്യങ്ങൾ എല്ലാം നോക്കി നടത്താൻ.. നമ്മുടെ അസനാരിക്കായെ തന്നെ ഈ ഹാജിമാർ പ്രത്യേകം ചുമതലപ്പെടുത്തിയത്.


ആ കാലത്തേ കുറിച്ച്..മാളയിലെെ രസികന്മാരായ ചില നാട്ടുകാർ സ്വകാര്യമായി പറഞ്ഞ് കേട്ടിട്ടുള്ള ഒരു കാര്യം കൂടി പറയാം.. രാവിലെ ഒരു തോർത്തു മുണ്ടും തോളിലിട്ട് അസനാരിക്കാടെ മുന്നിലൂടെ പണി നടക്കുന്ന കോമ്പൌണ്ടിലേക്ക് മെല്ലെ കടന്നു കൂടിയാൽ.. പിന്നെ കുറച്ചു നേരം അവിടെ അങ്ങിനെ കറങ്ങി തിരിഞ്ഞ്.. പറ്റിയാൽ അതിനുള്ളിൽ വെറുതേ കിട്ടുന്ന ഒരു ചായയും കുടിച്ച്.. നീണ്ടു നിവർന്നു കിടക്കുന്ന... പുഞ്ചപാടത്തിന്റെ ഏതെങ്കിലും നടവരമ്പിലൂടെ പതുക്കെ പുറത്തേക്ക് സ്ക്കൂട്ടായി.. ബാക്കി സമയം അങ്ങാടിയിലോ മറ്റോ കഴിച്ചുകൂട്ടി വൈകീട്ടാവുമ്പോൾ ആളുകൾ പണി കേറുന്ന തക്കം നോക്കി ഏതെങ്കിലും ഉടുവഴിയിലൂടെ അസനാരിക്കാടെ മുന്നിലെത്തിയാൽ.. അന്നത്തെ കൂലിയും വാങ്ങി പോരാം..!
ദിവസേന തോർത്ത് കഴുകാൻ സോപ്പ് വാങ്ങുന്ന കാശ് പോലും ലാഭം..!! അങ്ങനെ കാര്യമായി മേലനങ്ങാതെ ഒട്ടിച്ച് ജീവിച്ചിരുന്ന വിരുതന്മാരും ഇവിടതന്നെ ഉണ്ടായിരുന്നു.


കാരണം എല്ലാവർക്കും തിരക്കോട് തിരക്കാണല്ലോ.. നൂറുകണക്കിനാളുകളാ ദിവസവും അവിടെ വിവിധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്... ഡോകടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും എല്ലാം വേറെ അതിനിടയിൽ ആരാ..എന്താ.. എങ്ങിനെയാ എന്നൊക്കെ നോക്കിയിരിക്കാൻ ആർക്കാ..നേരം..!
അങ്ങിനെ ദിവസങ്ങൾ ഒരു വിധം എണ്ണിയെണ്ണി കടന്നുപോയ് ക്കൊണ്ടിരുന്നു. അതിനിടയിൽ ഈ മെഡിക്കൽ കോളേജിന്റെ ഉയർച്ചക്കായി കണക്കില്ലാതെ പണ മൊഴുക്കികൊണ്ടിരുന്ന വലിയ ഹാജി കാന്തപുരത്തിന് നമ്മുടെ ചോട്ടാ ഹാജിമാരിൽ എന്തോ റോങ്ങ് മണത്തു തുടങ്ങി.. പിന്നെ ഏറെ വൈകിയില്ല.. പണത്തിന്റെ വരവ് പതുക്കെ, പതുക്കെ നിലച്ചു. അന്നാണ് അതുവരെ നമ്മൾ കണ്ടിരുന്ന ഹാജിമാരുടെ ഉള്ളിലെ യഥാർത്ഥ പൂച്ച.. പുറത്തേക്ക് ചാടുന്നത് മാളക്കാരായ നമ്മൾ നേരിട്ട് കാണുന്നത്. അതോടെ ഒരു സത്യം എല്ലാവരും തിരിച്ചറിഞ്ഞു.. ഇന്ന് വരെ നമ്മൾ കണ്ട ടൊയോട്ട ഹാജിയും, ബെൻസ് ഹാജിയും, ബി യം ഡബ്ലിയു ഹാജിയുമെല്ലാം കാന്തപുരം എന്ന ശക്തനായ സുന്നി നേതാവിന്റെ വെറും ഡമ്മികളോ, കാര്യക്കാരോ മാത്രമായിരുന്നെന്ന യഥാർത്ഥ സത്യം..!


കാര്യങ്ങൾ ഇവിടെ വരെ എത്തിയപ്പോഴേക്കും.. നമ്മുടെ നാട്ടിലെ തന്നെ കൊള്ളാവുന്ന കുറേയാളുകളുടെ.. കയ്യിലും കക്ഷത്തിലുമിരുന്ന പണം ഈ ഹാജിമാരുടെ പോക്കറ്റിലേക്ക്.. കയ്യും കണക്കുമില്ലാതെ ഒഴുകി പോയ് കഴിഞ്ഞിരുന്നു.


തുടക്ക കാലത്ത് കാവനാട് പാടത്തെ പാവം കൃഷിക്കാരിൽ നിന്നും.. ചുളുവിലക്ക് ഭൂമി വാങ്ങി.. നമ്മുടെ ഹാജിമാർക്ക് തന്നെ വലിയ വിലക്ക് മറിച്ചു കൊടുത്ത് വൻ തോതിൽ പണം കയ്യിൽ വന്നവർ.. കൂടുതൽ ആർത്തിപൂണ്ട്.. ആ പണം വീണ്ടും ഈ ഹാജിമാർക്കു തന്നെ മറിച്ച് കൊടുത്ത്.. ചില്ലറ പലിശയും വാങ്ങി സുഖമായി കഴിഞ്ഞിരുന്നു. അവസ്സാനമായപ്പോൾ പലിശയുമില്ല, മുതലുമില്ല..ഹാജിമാരെ തന്നെ കണികാണാനുമില്ല..! എന്ന വല്ലാത്ത അവസ്ഥയിൽ ചെന്ന് പെട്ട്... മിണ്ടാൻ പറ്റാണ്ടായി പോയവരും. ഈ കൂട്ടത്തിലുണ്ട്..!!


നാട്ടിലെ സിമന്റ് കച്ചോടക്കാരുടെ കാര്യമായിരുന്നു അതിലേറെ കഷ്ടം ഹാജിമാരെ വിശ്വസിച്ച് ലോഡുകണക്കിന് കമ്പീം സിമന്റും കടം നൽകി വന്ന നമ്മുടെ ഫ്രെൻസിലെ ഡേവിസും ബോബനുമെല്ലാം.. മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെ..അതുവരെ പടിഞ്ഞാട്ട് തിരിഞ്ഞിരുന്ന് കച്ചോടം ചെയ്തിരുന്നവർ ഹാജിമാരുടെ.. കാറ് കാണുമ്പോൾ നേരെ മുന്നിലേക്ക് ചാടി വീഴാൻ പാകത്തിന് ഇരിപ്പ് തന്നെ വടക്കോട്ടാക്കി.


അങ്ങിനെ ഒരു ദിവസം രാവിലെ ഹാജിയാരുടേത് പോലൊരു കറുത്ത ബെൻസ് പടിഞ്ഞാറു നിന്നും പാഞ്ഞു വരുന്ന കണ്ട്... നേരെ റോഡിലേക്ക്... ഇറങ്ങി ഓടാൻ നോക്കിയ ബോബനേം, ഡേവീസിനേം.. അന്നിവരുടെ അടുത്തുണ്ടായിരുന്ന നമ്മുടെ ബോബന്റെ അപ്പൻ ഔസേപ്പേട്ടൻ മിൽട്രി സ്റ്റൈലിൽ കത്രപ്പൂട്ടിട്ട് പിടിച്ചില്ലായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം..!!


ഇതിനൊക്കെ ഇടയിൽ ഹാജിമാർ തമ്മിലും അടി തുടങ്ങി അബോക്കർ ഹാജിയും, കാലീത് ഹാജിയും.. തമ്മിൽ ദൂരെ നിന്ന് കണ്ടാൽ പോലും... തീ പാറുമെന്ന അവസ്ഥയിലായി കാര്യങ്ങൾ.


ഈ രണ്ട് ഹാജിമാരുടേയും ഒത്ത നടുക്ക് പെട്ടു പോയ നമ്മുടെ അസനാരിക്കയാണെങ്കിൽ ബോട്ടിന്റെ സൈഡിൽ കെട്ടിയിട്ട ടെയറിന്റെ ഗെതി പോലെ... കരപറ്റാൻ നോക്കുമ്പോൾ കരയിൽ നിന്നും ബോട്ടിൽ നിന്നും ഒരുമിച്ച് ഇടികിട്ടുന്ന വല്ലാത്തൊരു അവസ്ഥയിലും ആയിപ്പോയി.


ഇതിന്റെ കൂട്ടത്തിൽ തന്നെ പൊന്തി വന്ന സമുദായത്തിനുള്ളിലെ സുന്നി, ജമാത്ത് വൈരുദ്ധ്യവും ചെറിയൊരു പാരയായി മുഴച്ചു നിന്നു.. എങ്കിലും അസനാരിക്ക അവിടെത്തന്നെ ധൈര്യമായി കടിച്ച് പിടിച്ച് കിടന്നു...!!


കാന്തപുരവും പൂർണ്ണമായി തള്ളികളഞ്ഞതോടെ.. നിലവിലെ ചെയർമാൻ അബോക്കർ ഹാജിക്ക് നിൽക്കകള്ളിയില്ലാത്ത അവസ്ഥയായി.. അതോടെ ആശുപത്രി പ്രവർത്തനവും താറുമാറായി..ശമ്പളം കിട്ടാതായതോടെ ഡോക്ടർമാർ പിരിഞ്ഞു പോകാൻ തുടങ്ങി.. നേഴ്സുമാരുടേയും ആശുപത്രി ജീവനക്കാരുടേയും എല്ലാം ജീവിതം വലിയ കഷ്ടത്തിലായി.
ഹാജിമാർക്കാണെങ്കിൽ ഉറക്കമില്ലാത്ത രാത്രികളും..!


അങ്ങിനെ താടിയും തടവി മാനം നോക്കിയിരുന്ന് ഓരോരോ കാര്യങ്ങൾ ആലോജിച്ചിരിക്കെ.. നമ്മുടെ അബോക്കർ ഹാജിയുടെ തലയിൽ വലിയൊരു വെള്ളിടി വെട്ടി.


അത് വേറൊന്നുമായിരുന്നില്ല..
എന്തിനും പോന്ന ആലങ്ങാട്ട് അദ്രമാൻ മാള പഞ്ചായത്തും, അദ്രമാന്റെ പാർട്ടി ഈ നാടും ഭരിക്കുന്ന കാലത്തോളം നമ്മളെന്തിനാ വെറുതേ കിടന്ന് ബേജാറാവുന്നെ...? ഹാജിയാര് തന്നോട് തന്നെ പലവട്ടം ചോദിച്ചു..?
ആശുപത്രിയിലേക്ക് കടക്കാൻ വഴിയില്ലാതെ തർക്കത്തിൽ പെട്ട കാലത്ത് പഞ്ചായത്തിന്റെ മതിലു പോലും പൊളിച്ച് വഴിയുണ്ടാക്കി തന്നയാളാണീ അ‌ദ്രമാൻ. അതിന്റെ നന്ദി കൊടുത്തു തീർക്കാൻ ഇനിയും ബാക്കിയുണ്ട്.
അങ്ങിനെ കുറേ ദിവസത്തിനിടയിൽ അന്നാദ്യമായി ഒരു രാത്രിയെങ്കിലും അബോക്കർ ഹാജി നന്നായൊന്ന് ഉറങ്ങി. പിറ്റേന്ന് രാവിലെ അദ്രമാന്റെ വീട് ലക്ഷ്യമാക്കി നേരെ വെച്ചു പിടിച്ചു...!
അങ്ങിനെ മാളയിൽ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അദ്രമാൻ അബോക്കർ ഹാജിയാരുടെ വലം കയ്യായി മാറി കഴിഞ്ഞിരുന്നു.


ഇതറിഞ്ഞതോടെ അസനാരിക്കയും.. കൂടെയുള്ള പഴയ ആശുപത്രിക്കാരും കാലിത് ഹാജിയുടെ കൂടെ കൂടി..
കാന്തപുരത്തിന്റെ പിൻതുണയും കാലീത് ഹാജിക്കായിരുന്നു.
പിന്നെയങ്ങോട്ട് നടന്നത്.. ആശുപത്രി ഭരണം പിടിച്ചെടുക്കാൻ ബാഹുബലിയിലെ മഹിഷ്മതിയിൽ നടന്ന പോലുള്ള ആനയും അമ്പാരിയും വെച്ചുള്ള ഘോരയുദ്ധങ്ങളായിരുന്നു. ഇവിടെ ആനകൾക്കും കുതിരകൾക്കും പകരം ഒരു ഭാഗത്ത് കലീത് ഹാജിയുടെ നേതൃത്യത്തിലുള്ള മലപ്പുറം ഗുണ്ടകളും..!! മറുഭാഗത്താണെങ്കിൽ അബോക്കർ ഹാജിയുടേയും, അദ്രമാന്റെയും നേതൃത്വത്തിലുള്ള നാടൻ ഗുണ്ടകളുമായിരുന്നു എന്നു മാത്രം... !!
കിലീത് ഹാജിയുടെ നേതൃത്വത്തിലുള്ള മലപ്പുറം ഗുണ്ടകളാണെങ്കിൽ ഒരു കോട്ടക്കുള്ളിലെന്നപോലെ ആശുപത്രി കോമ്പൗണ്ടിനകത്ത് നിന്നു കൊണ്ടു തന്നെ പ്രതിരോധ വലയം തീർത്തു.. അപ്പുറത്ത് അബോക്കർ ഹാജിയുടെ നേതൃത്വത്തിലുള്ള നാടൻ ഗുണ്ടകൾ ആശുപത്രിക്ക് വടക്കുഭാഗത്ത് മാള കുളത്തിന് സമീപത്തെ ഗെസ്റ്റ് ഹൗസിലും.. കിഴക്കു ഭാഗത്ത് വലിയപറമ്പിലെ അദ്രമാന്റെ വീടിന്റെ പരിസത്തും തമ്പടിച്ച് ആശുപത്രി ലക്ഷ്യമാക്കി പ്രത്യാക്രമണത്തിനുള്ള കരുക്കൾ നീക്കി..നാട്ടിലാകെ ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന വിധമുള്ള യുദ്ധ സമാനമായ...ഭീകരാവസ്ഥ...!!!
അദ്രമാനാണെങ്കിൽ ഈ ആശുപത്രിയുടെ തൊട്ടടുത്തുള്ള ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ കിഴക്കു ഭാഗത്തെ ചെറിയ വിടവിലൂടെ.. ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്ന.. എതിരാളികളുടെ ഓരോ നീക്കവും.. ഒരു ഭൂതകണ്ണാടിയിലെന്ന പോലെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു....!!!
.........................................................

ഇനിയൊരു കോർണ്ണർ പീസ്....!!

ഈ ഒരൊറ്റ മാന്തി തീറ്റ കാരണം
നൂറു് പെരുംത്തീറ്റകൾ കയ്യീന്ന് പോയ.. 
പാട്ടുകാരൻ അദ്രമാന്റെ ബാക്കി കഥ 
പിന്നീട്.....!!!

By Suresh babu NV
malakazchakal.blogspot.com