Wednesday 31 January 2018

13 കിട്ടനും,മുട്ടനും കുറേ വട്ടന്മാരും..!!















മാള അങ്ങാടിയിൽ പുതിയതായി സ്ഥാപിച്ച വിളക്കു കാലിനു താഴെ വലിയൊരാൾക്കൂട്ടം.. ആദ്യം കരുതിയത് നമ്മുടെ മാതാവ് തോമാസ് എന്തെങ്കിലും പുതിയ പ്രശനം സൃഷ്ഠിക്കുന്നതായിരിക്കും എന്നായിരുന്നു..
കാരണം ജൂതപ്പള്ളിയുടെ മുൻഭാഗം മുഴുവൻ പുള്ളിക്കാരന്റെ കയ്യിലാണെന്നാണല്ലോ പറയുന്നത്.. അതിന്റെ എല്ലാ രേഖയും തന്റെ കയ്യിലുണ്ടെന്ന് പറയുന്ന മാതാവ് തൊപ്പി സായ്വിനു നേരെ ഇടക്ക് ചില കടലാസുകൾ പൊക്കി കാണിക്കാറുള്ളതും
ഇതു കാണുമ്പോൾ തൊപ്പി സായ്വ് മാതാവിനു നേരെ തുണി പൊക്കി കാണിക്കുന്നതും എത്രയോ തവണ നമ്മൾ കണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിനിടയിലേക്ക് ഒന്നു കൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒത്ത നടുക്ക് നമ്മുടെ തൊപ്പി സായ്വ് നിന്ന് അലറി വിളിക്കുന്നത് കണ്ടത്
കിട്ടനും, മുട്ടനും മാളയിലെ കുറേ വട്ടന്മാരും കാരണം മാള അങ്ങാടിയിൽ ഒരു കാര്യവും ചെയ്യാൻ പറ്റാണ്ടായി.
വെല്ല രാജ്യത്ത് നിന്നും വന്ന് ഇവിടെ കിടന്ന് മരിച്ച് കുഴീ പോയവർക്ക് വേണ്ടി കൊടീം പിടിച്ച് കുറേ എണ്ണങ്ങൾ ഇറങ്ങിയിരിക്കുന്നു സായ്വ് ആകെ ദേഷ്യത്തിലാണ്..
ഇതിന് കാരണമായത് റോഡ് വികസനത്തിനായി പൊളിച്ചു മാറ്റിയതിനിടയിൽ ശേഷിച്ച ഒരു കട തൊപ്പി സായ്വ് നേരത്തേ വിലക്ക് വാങ്ങിയിരുന്നു. ജൂത പള്ളിയുടെ നേരെ മുൻഭാഗത്ത് വരുമിത് അതിന്റെ ചുമരിൽ നിന്നും കുമ്മായം അടർത്തി മാറ്റിയപ്പോൾ ജൂതപളളിയുടെ പഴയ നടപ്പുരയുടെ ചില ഭാഗങ്ങൾ തെളിഞ്ഞു വന്നു.. വിവരം നാട്ടിൽ പരന്നു അതോടെ ആളുകൾ കൂടാൻ തുടങ്ങി ആകൂട്ടത്തിൽ പത്രക്കാരെ ചിലരെ കൂടി കണ്ടതോടെ സായ്വ് പണിതുകൊണ്ടിരുന്ന ബെങ്കാളിയെ അകത്തു തന്നെ നിർത്തി ഷട്ടർ താഴ്ത്തി പുറത്തിറങ്ങി.. കേട്ടറിഞ്ഞ് പിന്നെയും ആളുകൾ കൂടി കൂടി വന്നു.. ക്യാമറയുമായി പത്രക്കാർ സായ്വ് ഷട്ടർ തുറക്കുന്നതു കാത്ത് അവിടത്തന്നെ പതുങ്ങി നിൽപ്പായി.. ബെങ്കാളി അകത്തുള്ളതുകൊണ്ട് സായ്വിന് ഷട്ടർ തുറക്കാതിരിക്കാനും വയ്യ..
പത്രക്കാരും, പൈതൃക സമിതിക്കാരും പുറത്തുള്ളത് കൊണ്ട് തുറക്കാനും വയ്യ.. എന്ന അവസ്ഥയിലായി സായ്വ്.. അതിനിടയിൽ സർവ്വാണി ബാബുവും, മണ്ടകൻ ജോബിയും എല്ലാം സായ്വിനെ വീണ്ടും വീണ്ടും പിരികേറ്റുന്നുണ്ട്..


തൊപ്പി സായ്വ് ഇങ്ങനെ പറയുന്ന കേട്ടപ്പോൾ കിട്ടൻ മാഷ് എന്ന് പറയുന്നയാൾ ഏതോ കൊച്ചിക്കാരൻ ജൂതനാണെന്നാണ് ഞാൻ ആദ്യം കരുതിയത്.. നാട്ടിൽ ജീവിച്ചിരിക്കുന്ന എത്രയോ ആൾക്കാരുണ്ട് എന്നിട്ടാണോ മാഷ് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോയ ജൂതന്മാർക്കു വേണ്ടി വെറുതേ മരിക്കാനിറങ്ങിയിരിക്കുന്നത് എന്നു വരെ ശങ്കിച്ചു പോയി.
അങ്ങിനെ കൂടുതൽ അന്യോഷിച്ചിറങ്ങിയപ്പോഴാണ് കിട്ടൻ മാഷ് നമ്മുടെ തൊട്ടടുത്ത കുഴിക്കാട്ടുശ്ശേരിക്കാരനാണെന്നും. നാടിന്റെ സമൂഹ്യനന്മക്കും സാംസ്ക്കാരിക മുന്നേറ്റത്തിനും വേണ്ടി സമർപ്പിത ജീവിതം നയിക്കുന്ന വെറും ഒരു സാധാരണക്കാരനാണെന്നും അറിഞ്ഞത്..!
സ്വന്തം പ്രയത്നത്താൽ പണം കൊണ്ട് സമ്പന്നരായ ധാരാളം പേരെ നമുക്കു ചുറ്റും കാണാനാവും..
എന്നാൽ കഠിന പ്രയത്നത്തിലൂടെ
ജനിച്ച് വളർന്ന സ്വന്തം ഗ്രാമത്തെ തന്നെ രാജ്യത്തിന്റെ സാംസക്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞ വളരേ കുറച്ച് ആളുകളേയെ നമുക്ക് കാണാൻ കഴിയു. അങ്ങിനെ ഒരാളാണ് ഞാനറിഞ്ഞ കിട്ടൻ മാഷ്.


യഹൂദ സ്മാരകങ്ങൾ കയ്യേറി തകർക്കാൻ വന്നവർക്കെതിരെ ഇത്ര വലിയ പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വരാനും..അതിലേക്ക് രാജ്യത്തിന്റെ തന്നെ ശ്രദ്ധ തിരിയാൻ പാകത്തിന് നർമ്മതാ പ്രക്ഷോഭ നായിക
മേധാ പട്ക്കറേയും, അറിയപ്പെടുന്ന എഴുത്തുകാരൻ ആനന്ദിനേയും പോലുള്ളവരെ മാളയിലേക്ക് കൊണ്ടുവരാനും..എല്ലാം നിമിത്തമായത് കിട്ടൻ മാഷുടെയും, കർമ്മചന്ദ്രൻ മാഷുടേയും വലിയ നിശ്ചയധാർഷ്ട്യം ഒന്നുകൊണ്ട് തന്നെയാണ്.
എത് പ്രസ്ഥാനത്തേയും മുന്നിൽ നിന്ന് നയിക്കുന്നതിനേക്കാൾ ശ്രമകരമാണ്.. അവസാനത്തെയാളേയും മുന്നിൽ നടത്തി പുറകിൽ നിന്ന് നയിക്കുക എന്നത്.
പരിഹാസവും, ദുരാരോപണങ്ങളും എത്ര മാത്രം ഏറ്റുവാങ്ങേണ്ടി വന്നാലും പതറാതെ നിൽക്കാനും.. കൂടെ നിൽക്കുന്ന ആൾക്കൂട്ടം എത്ര ചെറുതായാലും.. പ്രതിരോധത്തിന്റെ ഊർജ്ജം പകർന്ന് അവരെ ജ്വലിപ്പിച്ച് നിലനിർത്താനും നിഷ്പ്രയാസം കഴിയുക എന്നത് നമുക്കൊക്കെ ചിന്തിക്കാൻ പോലും കഴിയുന്നതിൽ എത്രയോ മേലെയാണ്.
എല്ലാം കച്ചവടവൽക്കരിച്ച് കൊണ്ടിരിക്കുന്ന ആഗോളവൽകൃത ലോകത്ത് മാളക്കുമാത്രം എന്ത് ചരിത്രം എന്ത് പൈതൃകം.
അതൊക്കെ അങ്ങ് പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലക്സോ, കല്യാണമണ്ഡപമോ ഒക്കെ പണിയണമെന്ന് ചിന്തിക്കുന്നവർ കൂടി, കൂടി വരുന്ന കാലമാണിത്..
അവിടെയാണ് കിട്ടൻ മാഷെപ്പോലുള്ളവരുടെ ചെറിയ ചെറുത്തു നിൽപ്പുകളുടെ കാലിക പ്രസക്തി.
നമ്മൾ തിരിച്ചറിയാതെ പോയ നമ്മുടെ തന്നെ നന്മകൾ തലമുറകൾക്ക് വേണ്ടി ഇനിയും തകർക്കപ്പെടാതെ നിലനിർത്താൽ വിയർപ്പൊഴുക്കിയവരെ തിരിച്ചറിയാൻ നമ്മൾ മാളക്കാർ ഇനിയും കുറച്ചു കാലം കൂടി എടുത്തേക്കാം.
പണ്ട് K A തോമാസ് മാഷ് ആദ്യം ഇത് വിളിച്ചു പറഞ്ഞപ്പോൾ അന്നത് കേൾക്കാൻ നമുക്കായില്ല..
അഴിമതി രാഷ്ട്രീയക്കാർ അവിടെ റാകി പറക്കുന്നത് കണ്ടപ്പോഴും നമ്മൾ നിശബ്ദരായിരുന്നു. നൂറ്റാണ്ട്കളോളം നമ്മളോട് ഇണങ്ങി ജീവിച്ച് മാളയെ സുരക്ഷിതമായൊരു കച്ചവടകേന്ദ്രമാക്കി രൂപപ്പെടുത്തി വളർത്തിയ അന്നത്തെ യഹൂതന്മാർ വെറുക്കപ്പെടേണ്ടവരാണ് എന്നുവരെ ചിലർ പറഞ്ഞു വെച്ചു..
ഇന്ന് ഇവിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതോടെ ആഗോള ശ്രദ്ധയിലേക്ക് പതുക്കെ, പതുക്കെ നമ്മുടെ മാള വളരുകയാണ്.
അവഗണിച്ചും, എതിർത്തും, പരിഹസിച്ചും മാറി നിന്നവർക്കു കൂടിയാണ് നാളെ ഇവരുടെ കൂടി വിയർപ്പിന്റെ ഫലങ്ങൾ അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കാൻ പോകുന്നത്..
ഇത്ര വലിയ അസൗകര്യങ്ങൾ ക്കിടയിലും നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകളും,സ്കൂൾ കുട്ടികളും നാട്ടുകാരായ ടൂറിസ്റ്റുകളുമാണ് ചരിത്ര ശേഷിപ്പുകൾ കാണാൻ ഓരോ മാസവും ഇവിടെയെത്തുന്നത്.
നാളെ മാളക്കാരുടെ ലാന്റ് മാർക്കായി അറിയപ്പെടാൻ പോകുന്ന സ്മാരകങ്ങൾ കേടുപാടുകൾ തീർത്ത് അതി മനോഹരമായി സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരേയും, അതിനായി പരിശ്രമിച്ച ഗ്രാമ പഞ്ചായത്തിനേയും, വലിയ സമ്മർദ്ധങ്ങളിലും പതറാതെ നിന്ന MLA സുനിൽകുമാറിനേയും നമ്മൾ മാളക്കാർക്ക് ഇനിയും അഭിനന്ദിക്കാതിരിക്കാനാവില്ല.. ഒരു പക്ഷേ വിസ്മൃതിയിലാണ്ടു പോകുമായിരുന്ന ചരിത്ര സ്മാരകങ്ങൾ നിലനിർത്താനായ് പാടുപെട്ട ഇവരെയെല്ലാം നാളെ നമ്മൾ കൂടുതൽ തിരിച്ചറിഞ്ഞേക്കാം അന്ന് പൊന്നാടയുമായി പാഞ്ഞു ചെന്നേക്കാം.. അപ്പോഴേക്കും ഇവർ നീതി നിഷേധിക്കപ്പെട്ട മറ്റേതെങ്കിലും സാമൂഹ്യ പ്രശ്നത്തിന്റെ മുന്നിലേക്ക് യാത്ര തിരിച്ചിട്ടുണ്ടാവും..!!
........................................
By,
സുരേഷ് ബാബു.
മാള കാഴ്ച്ചകൾ..!!