Friday, 19 January 2018

12 ഇട്ടൂപ്പേട്ടന്റെ സുപ്രഭാതം..!




ഡിസംമ്പറിലെ ഒരു ക്രിസ്തുമസ് തലേന്ന് സന്ധ്യയോടടുത്ത നേരം.. പുറത്തെ റോഡിലൂടെ ക്രിസ്തുമസ് ആവേശത്തിൽ ഒരാഘോഷകൂട്ടം കൈവീശി കടന്നു പോകുന്നു.. ആഹ്ലാദം പങ്കിട്ട് നിൽക്കുന്ന ഞങ്ങൾക്കിടയിലേക്ക് സ്കൂളിലെ ഐസ് വിൽപ്പനക്കാരൻ ഇട്ടൂപ്പേട്ടൻ കടന്നു വരുന്നു.. എന്റെ അടുത്തെത്തിയപാടെ എടാ അവനേ അച്ചനുണ്ടോടാ അവിടെ..?
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇട്ടൂപ്പേട്ടൻ ചോദിച്ചു..
അങ്ങാടിയിൽ നിന്നും ധിറുതി പിടിച്ച് നടന്നതിന്റെ ക്ഷീണം കൊണ്ടാവണം നന്നായ് വിയർത്തിട്ടുണ്ട്..
അച്ചൻ വീട്ടിലെത്താൻ ഇനിയും വൈകൂല്ലോ ഇട്ടൂപ്പേട്ടാ.. എന്ന് ഞാൻ പറഞ്ഞ മറുപടി കേട്ടിട്ടും തിരിച്ചൊന്നും പ്രതികരിക്കാതെ.. മടി കെട്ടിൽ നിന്നും ഒരു ബീഡിയെടുത്ത് ചുണ്ടിൽ തിരുകി തീ കൊളുത്തിയ ശേഷം.. എന്തോ തിരയുന്ന പോലെ താഴെ തന്നെ നോക്കി നിൽക്കുകയാണ് ഇട്ടൂപ്പേട്ടൻ..
ഓരോ പുക വലിച്ചു വിടുമ്പോഴും ഒട്ടിയ കവിൾത്തടം കൊല്ലപ്പുരയിലെ ചാണപ്പെട്ടി പോലെ അകത്തേക്ക് കയറിയും ഇറങ്ങിയും ഇട്ടൂപ്പേട്ടനോടു തന്നെ എന്തൊക്കെയോ.. പറയുന്നതുപോലെ തോന്നി..
എഴുപതുകളിൽ മാള സെന്റാൻറണീസിലെ
പഠന കാലത്ത്.. സ്കൂളിന് പുറത്ത് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരേ ഒരാളായിരുന്നു ഐസ് വിൽപനക്കാരൻ ഇട്ടൂപ്പേട്ടൻ.. പലരോടും ശണ്ണ്ടകൂടാറുണ്ടെങ്കിലും കുട്ടികളായ ഞങ്ങളോട് പ്രത്യേകസ്നേഹമായിരുന്നു ഇട്ടൂപ്പേട്ടന്..ഒരു പക്ഷേ മിടുക്കനായൊരു കച്ചവടക്കാരൻ തന്റെ കസ്റ്റമേഴ്സിനോട് കാണിക്കുന്ന കൗശലമാവാം.. കഷ്ടപ്പെട്ട് അപ്പാപ്പന്റെ മുറുക്കാൻ പെട്ടിയിൽ നിന്നും,അതുമല്ലെങ്കിൽ അമ്മയുടെ പരിപ്പു പാത്രത്തിൽ നിന്നുമെല്ലാം ഞങ്ങൾ ചൂണ്ടി യെടുക്കുന്ന ചില്ലറത്തുട്ടുകളെല്ലാം.. വന്നു ചേരുന്നത് ഇട്ടൂപ്പേട്ടന്റെ ഐസ് പെട്ടിയിലാണല്ലോ..
പുള്ളിക്കാരൻ നല്ല മൂഡിലാണെങ്കിൽ തന്റെ സൈക്കിളിന് മുന്നിലെ ബൾബ് ഹോണിൽ എത്ര തവണ ഞെക്കിയാലും ഒരു പരിഭവവും പറയില്ല.. എടാടാ വേൺഡ്ര.. എന്നു മാത്രം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞാലായി..
പാടത്ത് കൊമ്പു കുലുക്കി പുല്ല് മേയുന്ന പോത്തിന്റെ പുറത്ത് കൊത്തിപറക്കുന്ന കൊറ്റിയെ കണ്ടിട്ടില്ലെ.. അതുപോലൊരു സ്നേഹ ബന്ധമായിരുന്നു അന്ന് ഞങ്ങളും ഇട്ടൂപ്പേട്ടനും തമ്മിൽ ഉണ്ടായിരുന്നത് എന്നു വേണമെങ്കിൽ പറയാം.. ഇട്ടൂപ്പേട്ടന്റെ മക്കളായ ബാബുവും, ഷീലയുമെല്ലാം സഹപാഠി കളായിരുന്നതിനാൽ കളിക്കാൻ വിടുന്ന നേരം പലപ്പോഴും വെള്ളം കുടിക്കാൻ ഓടിയിരുന്നത് സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള ഇട്ടൂപ്പേട്ടന്റെ വീട്ടിലേക്കായിരുന്നു.. അന്ന് കിണറി നരികിൽ നിറയെ കായ്കളുമായി കുട്ടികളെ കാത്തിരിക്കുന്ന ഒരു മധുര ലൂവി നിൽക്കുന്നുണ്ടായിരുന്നു
ക്ലാസിലായിരിക്കുമ്പോഴും ദാഹം വന്ന് തൊണ്ടയിൽ മുട്ടുമ്പോൾ ഇട്ടൂപ്പേട്ടന്റെ ഐസ് പെട്ടിയും മധുര ലൂവിയുമായിരിക്കും മനസ്സിൽ ആദ്യം ഓടിയെത്തുക.
പുളിയും മധുരവുമുള്ള ലൂവിക്ക വായിലിട്ട് ചവച്ച് ഇട്ടൂപ്പേട്ടന്റെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ചതിന്റെ രുചി.. 'ഹോ'.. പറഞ്ഞറിയിക്കാൻ വയ്യ.. അതുപോലെയായിരുന്നുഞങ്ങളും ഇട്ടൂപ്പേട്ടനും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം.


ഇനി കഥയിലേക്ക് വരാം..


തോളിൽ അലസമായി കിടക്കുന്ന തോർത്ത്.. വലതു കൈ കൊണ്ട് നെഞ്ചിനോട് ചേർത്ത് പിടിച്ച് തടവി മുറ്റത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഇട്ടൂപ്പേട്ടൻ..
ഇടക്ക് ഞാൻ ചോദിച്ചു.. അല്ല ഇട്ടൂപ്പേട്ടാ.. നല്ലൊരു ആഘോഷദിവസ്സായിട്ട് എന്താ ഇങ്ങനെ വിഷമിച്ച് നിൽക്കുന്നെ..?
തല ചെറുതായൊന്ന് വെട്ടിച്ച്, മൂക്ക് മുകളിലേക്ക് ഉയർത്തി ഇട്ടൂപ്പേട്ടൻ കാര്യത്തിലേക്ക് കടന്നു. എന്റെ മോനെ.. ചെറിയൊരബദ്ധം പറ്റി പോലീസ് ആണെന്ന് തോന്നുന്നു.. എന്നെ അന്വോഷിച്ച് വരുന്നത് കണ്ട് വീടിന്റെ പുറകുവശത്തൂടെ പതുക്കെ ഇങ്ങ് പോന്നതാ..
അതെന്തിനാ ഇട്ടൂപ്പേട്ടാ പോലീസ് അന്വോഷിക്കുന്നേ..?
ഞാൻ ചോദിച്ചു
ജിനി ബേക്കറീലെ ജോസ് എന്റെ പേരിൽ കേസ് കൊടുത്തിരിക്കയല്ലേ..
എന്നാലും എന്റെ മോനേ ഞാൻ അവനെ എന്തോരം എടുത്തോണ്ട് നടന്നിട്ടുള്ളതാ..
ദേ കണ്ടോ വയറ്റത്ത് അവൻ മുള്ളിയതിന്റെ നനവ് ഇപ്പോഴും മാറീട്ടില്ല.. അയൽപക്കത്തിരുന്നോണ്ട് അവനീ കൊലച്ചതി ചെയ്യാൻ പാടുണ്ടോ..? ലവൻ കാരണം ഒരു നല്ല ദിവസ്സായിട്ട് എനിക്ക് വീട്ടീനിക്കാൻ പറ്റാണ്ടായി.? ആരെങ്കിലും ഒന്ന് ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ ആകെ വള്ളിക്കെട്ടിലാവും.. ഇട്ടൂപ്പേട്ടന്റെ പറച്ചിൽ കേട്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് എന്റെ മനസ്സിൽ മിന്നി മറഞ്ഞു.. അത് പുറത്ത് കാണിക്കാതെ ചോദിച്ചു എന്റെ ഇട്ടൂപ്പേട്ടാ.. യഥാത്ഥത്തിൽ എന്താ ഇണ്ടായേ.. ഇത്രേം അടുപ്പമുള്ള ജോസേട്ടൻ ഇട്ടൂപ്പേട്ടന്റെ പേരിൽ വെറുതേയൊരു കേസ് കൊടുക്കോ.?
ഞാൻ വീണ്ടും ചോദിച്ചു....
എന്റെ മോനേ നിനക്കവനെ അറിയാൻ മേലാണ്ടാ.. അവൻ എനിക്ക് കുറച്ച് കാശ് തരാനുണ്ട്..
അത് ചോദിക്കുന്നത് തെറ്റാണോ മോനേ..
നീ പറ..?
ഇട്ടൂപ്പേട്ടന്റെ മറു ചോദ്യത്തിനു മുന്നിൽ ഞാൻ നിശബ്ദനായി.. എന്നാലും "ഇട്ടൂപ്പേട്ടന്റെ കയ്യിന്ന് ജോസേട്ടൻ കടം വാങ്ങി" എന്ന് പറഞ്ഞത് എനിക്കത്ര വിശ്വസിക്കാനായില്ല..


എങ്കിൽ നാളെ ജോസേട്ടനുമായി നേരിട്ട് സംസാരിച്ച് നമുക്ക് പരിഹാരമുണ്ടാക്കാം ഇട്ടൂപ്പേട്ടാ.. ഇന്ന് ധൈര്യമായി പൊക്കോളു. ഒരു കണക്കിന് ഇട്ടൂപ്പേട്ടനെ പറഞ്ഞു വിട്ടു. പുള്ളി നാട്ടിലെ വലിയ പുലിയാണെങ്കിലും പോലീസ് എന്ന് കേട്ടാൽ അടിമോള് വിറക്കും.. അപ്പോ പോലീസ് നേരിട്ട് വന്നാലുള്ള കാര്യം പിന്നെ പറയേണ്ടതില്ലല്ലോ..


എങ്ങിനെ നേരം വെളുപ്പിച്ചെന്നറിയില്ല.. ചുവരിൽ പന്തടിച്ച പോലെ.. ദേ... പിന്നേം തിരിച്ചു വന്നിരിക്കുന്നു നമ്മുടെ ഇട്ടൂപ്പേട്ടൻ.. വെട്ടം വെക്കും മുൻപേ തന്നെ പോന്നതിന്റെ കാരണം മറ്റൊന്നുമല്ല..
വീട്ടിൽ അന്യോഷിച്ചു വന്ന പോലീസുകാരൻ പിറ്റേന്ന് ക്രിസ്തുമസ് ദിനത്തിൽ.. രാവിലെ 8 മണിക്ക് സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞിട്ടാണ് പോയത്.


ഇന്നലെ ഇട്ടൂപ്പേട്ടൻ പറയുന്ന കേട്ടപ്പോൾ നിസ്സാരമായ എന്തോ മാത്രമേ നടന്നിട്ടുള്ളു എന്നാണ് തോന്നിയത് ഇനി മറ്റെന്തെങ്കിലും ആയിരിക്കുമോ കാര്യം എന്ന് നേരിട്ട് തിരക്കാനുമായിട്ടില്ല.. എന്നാലും..
എന്തും വരട്ടെ എന്നു കരുതി ഞാൻ ഇട്ടൂപ്പേട്ടനേയും കൂട്ടി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടപ്പു തുടങ്ങി.. മാളങ്ങാടിയിൽ നിന്നും
പ്രൈവറ്റ് ബസ്സ് സ്റ്റാന്റും കഴിഞ്ഞ് പഞ്ചായത്തിന് മുന്നിലെ കേറ്റം കേറി സ്റ്റേഷനു വലതുവശത്തെ ആലിൻ ചോട്ടിൽ എത്തുമ്പോഴേക്കും ജിനി ജോസേട്ടനെ കണ്ടുമുട്ടി..
ആളെ കണ്ടപാടെ ഇട്ടൂപ്പേട്ടൻ പതുക്കെ തൊട്ടടുത്തുള്ള സോമന്റെ കടയിൽ കയറി പരുങ്ങി നിൽപ്പായി..
ജോസേട്ടൻ എന്നെ വിളിച്ച് മാറ്റി നിർത്തി ചോദിച്ചു..
അല്ല.. നീ ഇയാളേം കൊണ്ടാണോ വന്നിരിക്കുന്നത്..
ഇന്നലെ എന്റെ കടയുടെ മുന്നിലുണ്ടായ പുകില് വല്ലതും നീ അറിഞ്ഞോ,,?


അതോടെ ഇട്ടൂപ്പേട്ടന്റെ കാര്യത്തിൽ ചെറിയൊരു പന്തികേട് മണത്തു തുടങ്ങി..
പൊതുവേ സൗമ്യനായ ജിനി ജോസേട്ടൻ അയൽവാസികൂടിയായ നമ്മുടെ ഇട്ടൂപ്പേട്ടനെതിരെ.. ഇതുപോലൊരു കേസ് കൊടുക്കണമെങ്കിൽ കാര്യമായിട്ടെന്തെങ്കിലും അവിടെ നടന്നിട്ടുണ്ടാവണം.. എന്ന്
എന്റെ മനസ്സു പറഞ്ഞു.
നിസ്സാര കേസല്ലാട്ടോ മാരകായുധങ്ങളുമായി വന്ന് ഭീഷിണിപ്പെടുത്തിയ കേസാ...ജോസേട്ടൻ പറഞ്ഞു.
അതോടെ എന്റെ നില വീണ്ടും പരുങ്ങലിലായി ഒരു പെറ്റികേസിനപ്പുറം വലിയ സംഭവമൊന്നും യഥാർത്ഥത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..


അപ്പനോടെന്ന പോലെ ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നതാ ഇയാളെ..
അയൽവാസിയല്ലേ.. കഷ്ടപ്പെട്ട് ജീവിക്കുന്നയാളല്ലേ.. എന്നെല്ലാം കരുതി വിശേഷഅവസരങ്ങളിൽ ചെറിയ സഹായങ്ങൾ ഞാൻ ചെയ്യാറുണ്ട്.. ക്രിസ്തുമസ് ആയതിനാൽ ഇന്നലെ കടയിൽ നല്ല തിരക്ക്.. അന്നേരമായിരുന്നു ഇട്ടൂപ്പേട്ടന്റെ വരവ്. അൽപ്പം വെയിറ്റു ചെയ്യാൻ ഞാൻ പറഞ്ഞു എന്നത് ശെരിയാ.. ഇട്ടൂപ്പേട്ടനാണെങ്കിൽ കുറ്റിയടിച്ച പോലെ കടയുടെ മുന്നിൽ തന്നെ അങ്ങിനെ നിൽപ്പായി.. ഇടക്ക് കടയിലേക്ക് കഴുത്ത് നീട്ടി നോക്കിക്കൊണ്ട് ജോസേ.. എന്ന് വിളിക്കും
കുറച്ചു നേരം അവിടെ നിൽക്ക് ഇട്ടൂപ്പേട്ടാ എന്ന് ഞാൻ വീണ്ടും ആങ്ങ്യം കാട്ടി,,,
അത് അയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ ഇട്ടൂപ്പേട്ടനെ അവിടെ കണ്ടില്ല..
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു കാണും. ഇട്ടൂപ്പേട്ടൻ തന്റെ മൂത്ത ജേഷ്ഠൻ കുഞ്ഞർദിനേം കൂട്ടി വീണ്ടും തിരിച്ചു വന്നു.. കടയിലേക്ക് വന്ന് കയറിയ പാടെ... നീ എന്താടാ കണ്ടേക്കണെ.? എന്ന് ദേഷ്യപ്പെട്ടു കൊണ്ട് ഒരു വാക്കത്തി എടുത്ത് എന്റെ നേരെ നീട്ടി..
ഒരു സന്തോഷത്തിന് ചെയ്തത് ഇങ്ങനെ പുലിവാലായല്ലോ കർത്താവേ... എന്ന് തോന്നിയത് അപ്പഴാ..
പറഞ്ഞു വന്നപ്പോഴേക്കും സ്റ്റേഷനിലേക്ക് ചെല്ലാനുള്ള സമയമായി.. എട്ടു മണിക്കു തന്നെ ഇൻസ്പെക്ടർ ഞങ്ങളെ മുറിയിലേക്ക് വിളിപ്പിച്ചു.. ഇട്ടൂപ്പേട്ടനെ കണ്ടപാടെ എസ് പല്ലിറുമ്മുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു.. തൊഴുതു കൊണ്ട് ഇട്ടൂപ്പേട്ടൻ തന്നെ പറഞ്ഞു തുടങ്ങി..
ജോസ് പാവാ സാറേ.. പത്തു പന്ത്രണ്ട് വർഷമായിട്ട് ക്രിസ്മസാവുമ്പോൾ അവൻ എന്നെ ഓർക്കാറുണ്ട്, അവൻ മനസ്സറിഞ്ഞ് തരുന്നത് സന്തോഷത്തോടെ സ്വീകരിക്കാറുമുണ്ട്..
തവണ ഇവനൊരു ഭാവമാറ്റം അതെനിക്ക് അത്ര പിടിച്ചില്ല.. ഇട്ടുപ്പേട്ടൻ പറഞ്ഞു.. ഇതിനാണോ താങ്കൾ വെട്ടോത്തി കാണിച്ച് ജോസിനെ ഭീഷിണിപ്പെടുത്തിയത്..
SI ചോദിച്ചു..
അത് ഞാൻ ഭീഷിണിപ്പെടുത്തിയതൊന്നുമല്ല സാറേ.. പുതിയൊരു വെട്ടോത്തി കയ്യിലുണ്ട് അതിവന് വേണോന്ന് ചോദിച്ചതാ..
അത്രേയുള്ളൂ...!
ഇത് കേട്ട് സ്റ്റേഷനിലാകെ പൊട്ടിച്ചിരിയായി.. ജോസേട്ടൻ മാത്രം ഗൗരവത്തിൽ പറഞ്ഞു.. സാറേ ഇയാൾ നുണ പറയുന്നതാ.. ഇനി ഇയാൾക്ക് നയാപൈസ ഞാൻ കൊടുക്കില്ല..
ഇത് കേട്ട് നിന്ന ഇട്ടൂപ്പേട്ടൻ ചോദിച്ചു
അതെങ്ങനെ ശെരിയാവാ ജോസേ..?
പത്ത് പന്ത്രണ്ട് വർഷയിട്ട് നീ സ്ഥിരമായി തന്നു കൊണ്ടിരിക്കുന്നതല്ലെ.? അത് ഇനി മുടക്കാനാവില്ല..
ഇത് കേട്ടപ്പോൾ SI വീണ്ടും ഇടപെട്ടു..
വെറുതേ കിട്ടാന്നു വെച്ചത് മെരട്ടി വാങ്ങാൻ നോക്കുന്നോ..? താൻ ഇനി വഴി പോകാൻ പാടില്ല.. Sl അൽപ്പം ചൂടായ ഭാഷയിൽ പറഞ്ഞു..
വേറെരക്ഷയില്ലാ ന്നായതോടെ ഇട്ടുപ്പേട്ടൻ തന്നെ അതിനൊരു പരിഹാരം നിർദ്ദേശിച്ചു.. പൊന്നു സാറേ ഇനി ഞാനും ജോസും തമ്മിൽ കാണുന്നത് ഒന്നിലേ ഞാൻ അല്ലെങ്കിൽ അവൻ മരിക്കുമ്പോഴായിരിക്കും.. ജോസാണ് ആദ്യം മരിക്കുന്നതെങ്കിൽ ഞാൻ ഉറപ്പായും ഇവനെ കാണാനെത്തിയിരിക്കുംഇത് ഇട്ടൂപ്പിന്റെ വാക്കാ...
മറിച്ച് ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ ജോസ് വന്നിരിക്കണം.. നേരത്ത് ഇവൻ ഇന്ന് ചെയ്ത പോലെ അന്ന് വാക്കു മാറരുത്...
രണ്ടു പേരും
പരസ്പരം സമ്മതിച്ച് സ്റ്റേഷനിൽ വെച്ച് അന്ന് തന്നെ കേസ് ഒത്തുതീർന്നു..!!!
.....................................................
By
സുരേഷ് ബാബു..
മാള കാഴ്ച്ചകൾ..!


No comments:

Post a Comment