Thursday 27 August 2020

24,റായൻ_മാപ്പിളയും, മമ്മാലിയും


 ഒരാൾ അങ്ങാടിയിൽ നിന്ന് ആരെയൊക്കെയോ വെല്ലുവിളിക്കുകയാണ് നട്ടെല്ലുണ്ടെങ്കിൽ ഇറങ്ങിവാടാ.. എന്ന് പറയുന്നത് മാത്രം ഉച്ചത്തിൽ കേൾക്കാം സമയം കുറച്ചകലെയായി നിന്നിരുന്ന നൈന അതിൽ ഇടപ്പെട്ടു

ആരാടാ നീ..

മിണ്ടാതിരിയെടാ...

നൈന അൽപം ദേഷ്യത്തിൽ പറത്തു അതോടെ  ബഹളക്കാരൻ നൈനയുടെ നേരെ തിരിഞ്ഞു..

 അത് പറയാൻ നീ ആരാടാ

 എന്നായി അയാളുടെ ചോദ്യം..

ഇത് കേട്ട് നൈന നിനക്ക്  മനസ്സിലായില്ലെ.. റായനാടാ പറയുന്നത് വേഗം സ്ഥലം വിട്ടോളണം..

എന്നിട്ടും അയാൾ വെല്ലുവിളി തുടർന്നുകൊണ്ടിരുന്നു

കാരണം അയാൾക്ക് റായൻ ആരെന്ന് അറിയില്ലായിരുന്നു..

ഇതെല്ലാം കണ്ട് ദൂരെ നിന്നിരുന്ന ഒരു കാക്ക നൈനയോട് ചോദിച്ചു  എടാ നൈനേ എന്ന് മുതലാടാ നീ റായൻ ആയത്...

അതിനെന്താ ഒരു റായൻ പോയാൽ വേറെ റായൻ വരും പൂച്ചയ്ക്ക് വയസ്സായെന്നു കരുതി എലി വട്ടം മുറിയാൻ നോക്കണ്ട അങ്ങാടിയിൽ അത് നടപ്പില്ല നൈന തിരിച്ചടിച്ചു..

ശെരിയാണ്  ഒരു കാലത്ത് ആരെയും നിശബ്ദനാക്കാൻ ഒരു പേര് മതിയായിരുന്നു..

"റായൻ"

കിരീടത്തിലെ കൊച്ചിൻ ഹനീഫയേ പോലെ റായൻ്റെ ആളാ എന്ന മട്ടിൽ വിലസിയിരുന്നവരും അന്നുണ്ടായിരുന്നു...

 യഥാർത്ഥത്തിലെ റായൻ മാപ്പിള അങ്ങിനെയൊന്നും ആയിരുന്നില്ല പ്രയാസങ്ങളിൽ സാന്ത്വനമായി, വിശക്കുന്നവന് ആഹാരമായി, കഷ്ടപ്പെടുവന് കൈതാങ്ങായി എപ്പോഴും ചേർന്ന് നിൽക്കു മായിരുന്നു റായൻഇക്ക..  അതു കൊണ്ടു തന്നെ മാളയിലെ സാധാരണ ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായിരുന്നു റായനിക്ക..

 ഒന്നു കൂടി പുറകോട്ട് പോയാൽ മാളയിൽ വൻതോതിൽ പ്രവാസം തുടങ്ങുന്നതിന് മുൻപുള്ള കാലം

മാള കടവായിരുന്നു അന്ന് ഏക ആശ്രയം കയറ്റിറക്കും, വള്ളപണിയും എല്ലാം കഠിനമായി ചെയ്താലും പട്ടിണി മാറാത്തകാലം അതിനാൽ  സങ്കർഷങ്ങളും പതിവായിരുന്നു.. ആസമയം വാദിയും പ്രതിയും ആദ്യം ഓടി ചെല്ലുക റായൻ മാപ്പിളയുടെ അടുത്തേക്കാവും..

വരുന്നവരുടെ ജാതിയോ, മതമോ, പാർട്ടിയോ ഒന്നും നോക്കാതെ തന്നെ പ്രശ്നങ്ങൾ തീർത്ത് ഒന്നിപ്പിക്കുക അതായിരുന്നു റായൻ മാപ്പിളയുടെ രീതി

അതിനു തക്ക മനസ്സലിവും, ആജ്ഞാശക്തിയും എല്ലാം അന്ന് റായൻമാപ്പിളക്ക് സ്വന്തമായിരുന്നു

 ഇടിയൻ എസ്ഐ മാരായിരുന്ന അല്ലപ്പനും, സേതുരാഘവനും എല്ലാം മാള സ്റ്റേഷനിൽ വലസിയിരുന്ന കാലത്തും അവിടേയും റായൻ മാപ്പിളയുടെ തീരുമാനമാവും നടപ്പിലാവുക..

കെ കരുണാകരൻ മാളയിൽ എത്തിച്ചേർന്ന കാലത്തും രാഷ്ട്രീയ കുതന്ത്രങ്ങളിൽ ഡിപ്ലോമ എടുത്തത് റായൻ മാപ്പിള പ്രിൻസിപ്പാളും, രാമൻ മാഷും, അലിമാഷും, ഡേവീസ് പെരേപ്പാടനും, ഉറോത്ത് സാനിക്കുട്ടിയും എല്ലം ടൂഷൻ മാസ്റ്റർമാരും ആയിരുന്ന തന്ത്രശാലികളുടെ കളരിയിൽ നിന്നാവാം..

 നേരിട്ട് കണ്ടാൽ ആറടിയിൽ അധികം ഉയരം, മെലിഞ്ഞ ശരീരം, കാലിൽ മുട്ടിചെരുപ്പ്, മുഖത്ത് സ്വർണ്ണ ഫ്രെയ്മുള്ള കണ്ണട, വെളുത്ത നീളൻ ജുബ്ബയുടെ നടുവിൽ സ്വർണ്ണം ബട്ടൻസ് അതായിരുന്നു റായൻ മാപ്പിളയുടെ രൂപം കണിശക്കാരനും തീരുമാനങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്തവനും എല്ലാം ആയിരുന്നെങ്കിലും ആരെയും ചേർത്തു നിർത്തുന്ന തണൽമരമായിരുന്നു മാളക്കാർക്ക് റായൻ മാപ്പിള..

അന്നും ഏഷണിക്കാർ പറഞ്ഞ് പരത്തിയിരുന്നത് ആദ്യം വരുന്നയാളുടെ കൂടെ റായൻ മാപ്പിള നിൽക്കും എന്നായിരുന്നു.. പിന്നീട് വരുന്നത് സ്വന്തക്കാരൻ ആയിരുന്നാലും കട്ടിക്ക് ഇടിച്ചാലും റായനിക്ക മാറില്ല..

അതിനാൽ തന്നെ  ഒരു സംഭവം നടന്നാൽ ഉടൻ റായൻ ഇക്കാടെ അടുത്തെത്താൻ വാദിയും, പ്രതിയും കൂട്ടയോട്ടമായിരിക്കും..

ഒരിക്കൽ അങ്ങാടിയിൽ ഒരു തർക്കം നടക്കുന്നു ഒരു ഭാഗത്ത് ചുമട്ടുകാരൻ മമ്മാലി, മറുഭാഗത്ത് ആകാശവാണിയുടെ മകൻ കൊച്ചുപോൾ..

വാക്ക് തർക്കത്തിനിടയിൽ കൊച്ചുപോള് കെടങ്ങൻ്റെ മുഖത്ത് ഒന്നു കൊടുത്തു..

 അതോടെ പ്രശ്നം രൂക്ഷമായി കെടങ്ങൻ്റെ ഭാഗത്ത് കൂടുതൽ ആളുകൾ കൂടാൻ തുടങ്ങി

 സത്യത്തിൽ തർക്കത്തിൽ കെടങ്ങൻ നിരപരാതിയായിരുന്നു

അടി നടക്കുകയും ചെയ്തു...

സംഭവം കഴിഞ്ഞ് കൊച്ചുപോൾ എവിടേക്കോ ഓടി രക്ഷപ്പെട്ടു.. കെടങ്ങൻ നേരെ റായൻ ഇക്കാടെ അടുത്തേക്ക് വെച്ചു പിടിച്ചു

സമയം റായൻ ഇക്ക ഒരു ചാരുകസ്സേരയിൽ ഇരിക്കുന്നത് കെടങ്ങൻ ദൂരെ നിന്നു തന്നെ കണ്ടു കെടങ്ങന് ആശ്വാസമായി കുറേ കൂടി അടുത്തെത്തി നോക്കുമ്പോൾ കസേരയുടെ താഴെ നിലത്തായി അൽപ്പസമയം മുൻപ് കെടങ്ങനെ തല്ലിയ  കൊച്ചുപോൾ ഇരിക്കുന്നു അതാടെ കെടങ്ങൻ്റെ രക്തം തളച്ചു എന്നാലും റായൻ മാപ്പിളയുടെ മുന്നിൽ പിടിച്ചു നിന്നു..

സംഭവം നടന്നയുടൻ കൊച്ചുപോൾ തൊട്ടപ്പുറത്തെ സാനിക്കുട്ടിയുടെ പുരയിടത്തിലൂടെ വേലിചാടി എളുപ്പ വഴിയിൽ റായൻ മാപ്പിളയുടെ അടുത്തെത്തി അതോടെ നേർവഴിയിലൂടെ വന്ന കെടങ്ങൽ ചെറിയ വ്യത്യാസത്തിന് രണ്ടാമനായിപ്പോയി..

കെടങ്ങനെ കണ്ടപാടെ റായനിക്ക

 ഒറ്റ ചോദ്യം..

 ഹമുക്കെ നീ എന്തിനാടാ #അറാംപെറന്നോനുമായി തല്ലിന് പോയത്...

കെടങ്ങൻ നിശബ്ദനായി കേട്ടുനിന്നു... അതോടെ ഒരു വലിയ കൂട്ട തല്ലിൽ അവസാനിക്കുമായിരുന്ന  പ്രശ്നത്തിന് പരിഹാരമായി..

ഇനി ഒരു കോർണ്ണർ പീസ്...

അവിടന്ന് തിരിച്ച് നടക്കുമ്പോൾ മമ്മാലി പൊട്ടി ചിരിക്കാൻ തുടങ്ങി എന്നാലും എൻ്റെ റായൻ ഇക്ക മുത്താണ്  കൊച്ചു പോളിനെ

"അറാം പെറന്നോൻന്ന്" വിളിച്ചല്ലോ അതുമതി.!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സുരേഷ് ബാബു

23 കമ്പോണ്ടർ കനകാമ്പരൻ

 

നാട്ടിൽ ലീവിൽ എത്തിയ പ്രവാസി ബാബുവിന് ഒരു ദിവസ്സം കലശ്ശലായ വയറു വേദന   രാത്രി വൈകി വിവരം അറിഞ്ഞ സുഹൃത്തുക്കൾ ബാബുവിനെ സർക്കാർ ആശുപത്രിയുടെ സമീപത്തുള്ള ഡോക്ട്ടറുടെ വീട്ടിൽ എത്തിച്ചു  വീടിൻ്റെ കാവൽക്കാരൻ കനകാമ്പരനാണ് വലിയ ഗെയിറ്റ് തുറന്ന് ഞങ്ങളെ അകത്തേക്ക്കയറ്റി വിട്ടത്..

 

ബെല്ലടിച്ചയുടൻ ഡോക്ടർ എത്തി പരിശോധിച്ച് മരുന്നും, ഒരിഞ്ചക്ഷനും എഴുതി തൊട്ടടുത്ത റൂമിൽ കാത്തിരിക്കാൻ പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി..

 

ഞങ്ങൾ കാത്തിരിപ്പു തുടർന്നു അൽപ്പം കഴിഞ്ഞപ്പോൾ കയ്യിൽ ഒരു സിറിഞ്ചും, ഇഞ്ചക്ഷൻ കുപ്പിയുമായി ദാ.. വരുന്നു നേരത്തേ കണ്ട കാവൽക്കാരൻ കനകാമ്പരൻ..

പരിചയ ഭാവമൊന്നും സമയം കനകാമ്പരൻ്റെ മുഖത്തില്ല വേദന കൊണ്ട് പുളയുന്ന ബാബുവിനോട് മേശയിൽ ചരിഞ്ഞ് കിടക്കാൻ മാത്രം പറഞ്ഞു.. അപ്പോഴും ഡോക്ടർ പിന്നാലെ വരും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ

 

കനകാമ്പരൻ സാധാരണ പോലെ കുത്തിവെപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങി ഇഞ്ചക്ഷൻ കുപ്പിയുടെ അലൂമിനിയം മൂടി തകർത്ത് അൽപ്പം മരുന്ന് വലിച്ചെടുത്ത് പുറത്തേക്ക് ചീറ്റിച്ച് നോക്കി.. കൗണ്ട് ഡൗൺ ആരംഭിച്ചു  അപ്പോഴും ഡോകടർ വരും എന്ന പ്രതീക്ഷ ഞങ്ങൾ കൈവിട്ടിരുന്നില്ല..

 

സിറിഞ്ച് വെക്കാനുള്ള ഭാഗം കനകാമ്പരൻ തുടക്കാൻ തുടങ്ങിയതോടെ ബാബുവിൻ്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു തുടങ്ങി.. വയറുവേദനയുടെ കൂടെ ബോണസായി നെഞ്ചു വേദനയും കയറി വരുമെന്ന അവസ്ഥയായി..

 

പരുന്തിൻ്റെ കാൽക്കീഴിൽ അമർന്ന കോഴികുഞ്ഞിനേ പ്പോലെ തല ഉയർത്തി കനകാമ്പരനോട് ബാബുവിൻ്റെ ദയനീയ ചോദ്യം..

 

എടാ കനകാമ്പരാ നീയ്യാണോ  ഇഞ്ചക്ഷൻ എടുക്കാൻ പോകുന്നത്..

 

കനകാംമ്പരൻ, അതെ..

 

അപ്പോ നീ പന്തൽ പണിക്കാരനല്ലെ..

വീട്ടിൽ പന്തലിടാൻ വന്നത് നീയല്ലെ..

 

അതെ.. കനകാമ്പരൻ പറഞ്ഞു.

 

അപ്പോ നിനക്ക് പണിയെടുത്ത് നടന്നൂടെ...

 

ചെറിയൊരു കുത്തിൻ്റെ കാര്യമല്ലേ ഉള്ളു ബാബുവേട്ടാ...  എന്നും പറഞ്ഞ് സംസാരത്തിനുള്ളിൽ തന്നെ കനകാമ്പരൻ ജോലി പൂർത്തിയാക്കി..

 

തൻ്റെ ശരീരത്തിൽ സൂചി കയറി ഇറങ്ങിയത് പോലും ബാബു അറിഞ്ഞില്ല അത്രക്കും വിധക്തനായിരുന്നു കമ്പോണ്ടർ കനകാമ്പരൻ..

 

#ഇനി_ഒരു_കോർണ്ണർപീസ്..

 

വലിയ കുടുംമ്പത്തിൻ്റെ ഉത്തരവാദിത്വം ചുമലിലുള്ള കനകാംമ്പരൻ പകൽ പന്തൽ പണിയും, രാത്രി കാവൽ പണിയും ചെയ്ത് ഒരുവിധം ജീവിതം കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുമ്പോഴാണ് ഡോക്ടറുടെ വീട്ടിൽ നിന്നും പിരിച്ചുവിടൽ ഭീഷിണി വരുന്നത്..

ഡോക്ടർക്ക് ആവശ്യം കമ്പോണ്ടർ പണി അറിയുന്ന കാവൽക്കാരനെ ആയിരുന്നു... അതിനുള്ള അന്വോഷണം ഡോക്ടർ നേരത്തേ തുടങ്ങിയിരുന്നു അങ്ങിനെ ഒരാളെ കിട്ടാതെ വന്നതോടെ കനകാമ്പരനെ പണി കൂടി ഡോക്ടർ പഠിപ്പിക്കുകയായിരുന്നു.

 

ഇന്ന് നാട്ടിലെങ്ങും അറിയപ്പെടുന്ന കമ്പോണ്ടറാണ് നമ്മുടെ കനകാമ്പരൻ.!!

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സുരേഷ് ബാബു

മാളകാഴ്ച്ചകൾ