Friday 24 February 2017

6 പാമ്പുമേക്കാട്ട് നമ്പൂതിരിയും പുഷ്പ്പന്റെ കൊലമുട്ടും !

   
കിരീടം സിനിമയിൽ കൊച്ചിൻ ഹനീഫ കാണിക്കുന്ന പോലെ മുണ്ട് മുകളിലേക്ക് വളച്ചു കുത്തി... കോളറിന്റെ ചെവിയിൽ പിടിച്ച്... ഷർട്ട് മുകളിലേക്ക് വലിച്ചിട്ട്...ചൂണ്ടു വിരലുകൊണ്ട് മീശയും തടവി. ധൈര്യമുണ്ടെങ്കിൽ കേറി വാടാ... ഞാൻ പുഷ്പ്പന്റെയാളാ.. എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഞെളിഞ്ഞ് നടന്നിരുന്നവരെ.. മാളങ്ങാടിയിൽ പണ്ട് നമ്മൾ നിത്യേന കണ്ട് മുട്ടിയിരുന്നുവല്ലോ.
പൊതുവേ പേടിത്തുറന്മാരായിരുന്ന കെടങ്ങനും, കരീമും, കൊച്ചു പോളുമെല്ലാം.. ആ പേരിൽ തന്നെ മാളയിലെ പാവങ്ങളെ വിരട്ടി വിലസിയിരുന്ന കാലം.. നമുക്ക് എളുപ്പം മറക്കാനാവുമോ..?
എന്തിന് പറയുന്നു... നമ്മുടെ ണ്ടൊണ്ടൻ ബേബിച്ചായൻ പോലും കൊമ്പൻ മീശയും തടവി... വലിയ അഭിമാനത്തോടെ മുപ്പന്റെ ഇടുക്കിലെ ചുമരും ചാരി നിൽക്കുന്നത് എത്രയോ നമ്മൾ കണ്ടിരിക്കുന്നു.
എഴുപതുകളിലാണ് ഈ കഥ നടക്കുന്നത്.. അക്കാലത്ത് നമ്മുടെ പാമ്പുമേക്കാട്ട് മനയിൽ നടന്നതും നാട്ടിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കൊലപാതകത്തിന്റെ പേരിൽ... ബ്രാന്റ് ചെയ്യപ്പെട്ട ഒരു കുടുമ്പം തന്നെ അന്ന് മാളയിലുണ്ടായിരുന്നു.
മാളക്കാർ കൊലയാളി പുഷ്പ്പനെന്ന് അൽപ്പം അതിശയോക്തിയോടേയും..തെല്ലൊരു ഭയത്തോടേയും വിളിച്ചിരുന്ന "പൊയ്യത്തറ പുഷ്പ്പൻ" പൂർണ്ണ അർത്ഥത്തിൽ അങ്ങിനെയുള്ള ഒരാളായിരുന്നോ..?
പാമ്പുമേക്കാട്ടു മനയിലെ അച്ചൻ തിരുമേനിയെ പുഷ്പ്പൻ മനപ്പൂർവ്വം കൊന്നതാണോ..?
എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളും വർത്തമാനങ്ങളും അടക്കം പറച്ചിലുകളും ചെറിയ ചെറിയ മർമ്മരങ്ങളായി നമ്മുടെ മാളയിലും വടമയിലും കുന്നത്തുകാട്ടിലുമെല്ലാം അക്കാലത്ത് പറന്നു നടന്നിരുന്നുവല്ലോ.!
കുറച്ചു കാലം മുൻപ് മാളയിലെ പുളിഞ്ചോട്ടിൽ വെച്ച് ദുരൂഹമായ ഒരപകടത്തിൽ... പുഷ്പ്പേട്ടൻ മരണപ്പെടുന്നതിനും കുറച്ചു നാൾ മുൻമ്പ് മാത്രമണ് ഞാൻ ഇദ്ദേഹ ത്തെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയത്..!!
സ്വയം കൃതാർത്ഥം വന്നു ചേർന്ന പരിക്കുൾക്കും രോഗപീഡകൾക്കും അടിമയായി മാറിയതിനാൽ ആയിരിക്കാം.. എല്ലാവരിൽ നിന്നും അകന്ന്.. നിശബ്ദനായി കടവരാന്തയിൽ ഇരിക്കുന്നതോ, അതുമല്ലെങ്കിൽ... അലഷ്യമായി നടക്കുന്നതോ ആയ പുഷ്പ്പേട്ടനെയാണ് പലപ്പോഴും ഞാൻ കണ്ടിരുന്നത്. 
നമ്മൾ ചെറുതായൊന്ന് പാളിനോക്കിയാൽ പോലും.. അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും തേട്ടിവരുന്ന വലിയ സന്തോഷം.. എനിക്കന്ന് എളുപ്പം വായിച്ചെടുക്കാൻ കഴിയുമായിരുന്നു
.പണ്ടെങ്ങോ മുറിവേറ്റതിനാൽ ഒരുവശം വീർത്തു പോയ കണ്ണുകൾ.. ഗൗരവത്തോടെയുള്ള നോട്ടം.. തടിച്ച ശരീരം.. വെട്ടേറ്റ് മുറിഞ്ഞുപോയിട്ടും
പിന്നീട് കൂട്ടിചേർത്ത കുതികാലു കൊണ്ട്.. വേച്ചു വെച്ചുള്ള നടത്തം.
കൂടുതൽ അടുത്തറിയുന്നതു വരെ ഞാനും ചെറിയൊരു ഭയത്തോടെയാണ്... ഇദ്ദേഹത്തിന്റെ മുന്നിലൂടെ ദിവസ്സവും കടന്നു പോയിരുന്നത്.
കാരണം അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലത്ത്.. ഇവരുടെ ക്രൂരതക്ക് ഇരയായിരുന്ന വടമയിലെ വിൽഫി യേപ്പോലെ അനവധി പേരെ ഞാൻ അടുത്തു കണ്ടിട്ടുണ്ട്. ഏറെയും പാവങ്ങളും നിരപരാധികളുമായവർ.
രാവിലെയുള്ള ഈ കണ്ടു മുട്ടൽ ഓരോ ദിവസ്സം കഴിയും തോറും.. ഞങ്ങൾക്കിടയിലെ അകലം ക്രമേണ.. ക്രമേണ.. കുറച്ച് കുറച്ച് കൊണ്ടുവന്നു. 
അങ്ങിനെ രൂപപ്പെട്ട ചെറിയ പരിചയത്തിനിടയിൽ എന്തും വരട്ടേ എന്ന ധൈര്യത്തിൽ ഒരു ദിവസ്സം ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
അല്ല പുഷ്പ്പേട്ടാ.... ആ മേക്കാട്ടെ നമ്പൂതിരിയെ എന്തിനാ വെറുതേ കൊന്നേ...? 
അവിടുത്തെ തമ്പുരാട്ടിമാർ എത്ര ശപിച്ചിട്ടുണ്ടാവും പുഷ്പ്പേട്ടനെ..?
ഇത്ര വലിയ ക്രൂരതകളൊക്കെ ചെയ്തിട്ട് എങ്ങിനെയാ പുഷ്പ്പേട്ടാ.. 
മനസ്സമാധാനമായി വീട്ടിൽ കടന്നൊറങ്ങുന്നേ...ഒരു കണക്കിന് ഞാൻ ഇത്രയും ചോദിച്ചു തീർത്തു..!!
അതുവരെ വിഷാദഭാവത്തിൽ ഇരുന്നിരുന്ന പുഷ്പ്പേട്ടന്റെ കണ്ണിൽ നിന്നും തീഗോളങ്ങൾ പാഞ്ഞു പോകുന്നത് അന്ന് ഞാൻ കണ്ടു. പിന്നീട് ഒരു തുള്ളി കണ്ണീരും..!
അല്പ്പനേരത്തെ മൗനത്തിന് ശേഷം പുഷ്പ്പേട്ടൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി..  ഒരിക്കലും സംഭവിക്കുമെന്ന് കരുതിയ കാര്യമല്ല അന്ന് നടന്നത്. ഞാനന്ന് തെങ്ങ് ചെത്തി നടന്നിരുന്നകാലം. മനയുടെ എതിർവശത്തുള്ള ചാറങ്ങാലി കുളത്തിന്റെ... പരിസരത്തായിരുന്നു ഞങ്ങളുടെ കളിയും കുളിയും,താമസവും, പിന്നെ അല്ലറ ചില്ലറ ഇടപാടുകളുമെല്ലാം. അതു കൊണ്ടു തന്നെ മനക്കലെ തിരുമേനി മാർക്കും തമ്പുരാട്ടിമാർക്കുമെല്ലാം ചെറിയ ഇഷ്ട്ടകേടുകളൊക്കെ ഞങ്ങളോട് അന്നുണ്ടായിരുന്നു. 
ഇടക്കൊക്കെ അവരത് പ്രകടിപ്പി ക്കാറുമുണ്ട്. ഞങ്ങളതത്ര കാര്യമാക്കാറില്ല.
ഇങ്ങിനെ ഇരിക്കെയാണ് മാള പോലീസ് സ്റ്റേഷനിൽ പുതിയതായി ചാർജെടുത്ത SI സോമശേഖരൻ മനക്കാരുടെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ താമസക്കാരനായി എത്തുന്നത്.
സാധാരണ മനക്കൽ താമസത്തിനെത്തുന്ന ഉദ്യോഗസ്ഥരിൽ മിക്കവരും ഞങ്ങളുമായി ചങ്ങാത്തത്തിൽ ആവാറാണ് പതിവ് എന്നാൽ ഇദ്ദേഹം അങ്ങിനെ ഒരാളായിരുന്നില്ല.
 
നമ്പൂതിരിയുടെ വാക്കുകേട്ട് ഒരു ദിവസം ഒരു പോലീസുകാരനെ ഇദ്ദേഹം എന്റെ അടുക്കലേക്ക് അയച്ചു... പോലീസ് സ്റ്റേഷൻ വരെ കൂടെ വരാൻ ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് കുറ്റമൊന്നും ചെയ്യാത്ത ഞാനെന്തിനാണ് നിങ്ങളുടെ കൂടെ വരുന്നത് ഞാൻ തിരിച്ചു ചോദിച്ചു.. 
പോലീസുകാരനുമായി പിന്നെ വലിയ തർക്കമായി തർക്കത്തിനൊടുവിൽ ഭീഷിണി മുഴക്കിക്കൊണ്ട് അദ്ദേഹം തിരിച്ചു പോയി. പിറ്റേ ദിവസ്സം നേരം വെളുക്കുന്നതിന് മുൻമ്പ്... ഞാൻ കാണുന്നത് എന്റെ വീടും പരിസരവും നിറയേ പോലീസിനെയായിരുന്നു. ഞാൻ നിസ്സഹായനായി.. എന്നെ അവർ ബലമായി പിടിച്ചു കൊണ്ടു പോയി... അവരുടെ തിരപ്പ് തീരുവോളം നന്നായി തന്നെ പെരുമാറി.. ബൂട്ടുകൾ എന്റെ മേൽ വന്നു വീഴുന്നതേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു.

പോലീസിന്റെ ഓരോ ചവിട്ടേൽക്കു മ്പോഴും മനക്കലെ നമ്പൂതിരിയോടുള്ള എന്റെപക പെരുത്തുവന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചപ്പോൾ തന്നെ കയ്യിൽ കിട്ടിയ കൊല മുട്ടുമായി നേരെ പോയത് മനക്കലെ നമ്പൂതിരിയെ തേടിയായിരുന്നു. ഞാൻ പാഞ്ഞടുത്തപ്പോഴേ ക്കും തിരുമേനി താഴെ വീണ്പോയിരുന്നു. 
പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
ഞാൻ കൊന്നിട്ടില്ല...!!  ഞാൻ കൊന്നിട്ടില്ല...!!
ഇങ്ങനെ പറയുബോഴും പുഷ്പ്പേട്ടന്റെ ശബ്ദത്തിലുള്ള ഇടർ ച്ച ഞാൻ ശ്രദ്ധിച്ചിരുന്നു ആസംഭവത്തിന് ശേഷം പോലീസ് കേസും, 
മർദ്ധനവും, ജയിൽവാസവും ഒക്കെയായി... ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും 
ഒരിക്കലും മാഞ്ഞു പോകാത്ത ഒരു പേരു കൂടി എന്റെ കുടുമ്പത്തിനു മേൽ വീണു കഴിഞ്ഞിരുന്നു.
നാട്ടുകാരുടെ ശാപവാക്കുകളും.
അതോടെ ജീവിതത്തിൽ ഒരു നല്ല മാറ്റത്തിന് വേണ്ടി കൊതിച്ച.. എന്റെ
മുന്നിൽ നിന്നും നല്ല വഴികളെല്ലാം
മാഞ്ഞു പോയിരുന്നു... എന്നെ ആവശ്യമുണ്ട് പുതിയ ആളുകൾ
എത്തി തുടങ്ങിയതോടെ വീണ്ടും ഞാൻ ആ വഴി തന്നെ തിരഞ്ഞെടുത്തു. 
അതിനിടക്കാണ് വടമയിൽ വെച്ച് എന്നെ ചിലർ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുന്നത്. അതിന് ശേഷം മാസങ്ങളോളമുണ്ടായ ആശുപത്രി വാസം വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സ. കടബാധ്യതകൾ . അതോടെ പുതിയ കൂട്ടുകാരും എന്നെ കൈവിട്ടു
ജീവിതത്തിലാദ്യമായി ദാരിദ്ര്യവും അറിഞ്ഞു തുടങ്ങി 
വീട്ടുകാരും ശപിച്ചു തുടങ്ങിയതോടെ പലപ്പോഴും ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന ചിന്ത പോലും മനസ്സിൽ കയറി വന്നു തുടങ്ങി. അപ്പോഴും എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തിയിരുന്നത് എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്ന മകളുടെ സ്നേഹമായിരുന്നു.
ആ മക ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതോടെ യാണ്... രാത്രികൾ എന്നെ ഭയപ്പെടുത്തി തുടങ്ങിയത്. തീരെ ഉറക്കമില്ലാതാവുമ്പോൾ നേരെ എഴുന്നേറ്റ് മാളയിലെ റോഡുകളിലൂടെ വെറുതേ നടക്കും..!! 
അങ്ങനെയുള്ള ഒരു നടത്തത്തിനിടക്കാണ് മാളയിലെ പുളിഞ്ചോട്ടിൽ 
വെച്ച് ദുരൂഹമായ ഒരു വാഹന അപകടത്തിൽ പുഷ്പ്പേട്ടൻ മരണത്തിന് കീഴടങ്ങുന്നത്.

By Suresh Babu
Mala Kazhchakal.

Thursday 9 February 2017

5 രാമലക്ഷ്മണന്മാരും അടക്കാകത്തിയും..!

                                               

രാമ ലക്ഷ്മണന്മാരുടെ 
സ്വന്തം നാടു കൂടിയാണ്..നമ്മുടെ മാള.
മറ്റെവിടേയും കാണാത്തയത്ര 
രാമന്മാരും.. ലക്ഷ്മണന്മാരും..
സാവിത്രിമാരുമെല്ലാം...ഇപ്പോഴും 
ജീവിച്ചിരിക്കുന്നത്..
നമ്മുടെ നെയ്തക്കുടിയിലും.. 
പൊയ്യയിലും..ചെന്തുരുത്തിയിലും... 
എല്ലാമാണെന്ന് തോന്നുന്നു.

എന്റെ ഓർമ്മയിൽ പത്തിരുപത്.
രാമന്മാരെങ്കിലും ഞങ്ങളുടെ തന്നെ നാട്ടിൽ  
ഉണ്ടായിരുന്നു..

അതിൽ  ബഗൻ രാമനുണ്ടായിരുന്നു. 
കർക്കിടകം രാമനുണ്ടായിരുന്നു,.. 
മങ്കി രാമനുണ്ടായിരുന്നു,...
പുളിയുറുമ്പ് രാമനുണ്ടായിരുന്നു.
വെത്തു രാമനുണ്ടായിരുന്നു.

മൊത്തത്തിലൊരു രാമരാജ്യം
എന്നു വേണമെങ്കിൽ പറയാം.

യുദ്ധക്കൊതിയനായിരുന്ന..മൾട്ടി തലയൻ..
രാവണനെങ്ങാനും വഴിതെറ്റി 
നമ്മുടെ നാട്ടിലൂടെ 
കടന്നു പോയിരുന്നെങ്കിൽ..
കാണാമായിരുന്നു..പൂരം

ഈ രാമന്മാരോട് യുദ്ധം ചെയ്ത്..ചെയ്ത്
രാവണന്റെ നടുവൊടിഞ്ഞേനെ..
അത്രയും...വില്ലാളി വീരന്മാരും
ആയുധ ധാരികളുമായിരുന്നു നമ്മളറിയുന്ന
പല രാമന്മാരും.

പണ്ട് പഞ്ചാബികളും....നേപ്പാളി
ഖുർഖകളുമെല്ലാം...
പരമ്പരാഗത മായിത്തന്നെ "കൃപാൺ " 
എന്നൊരു ആയുധം...അരയിൽ 
കൊണ്ടു നടക്കാറില്ലോ...?
അതുപോലൊന്ന്....ഇവരുടെ മടിയിലും
എപ്പോഴും കാണും.

കത്തിയെന്ന്....തീർത്ത് പറയാനാവില്ല.
നമ്മുടെ ഉള്ളം കയ്യിൽ ഒതുങ്ങുന്ന 
നേരിയ വളവുള്ള..... ചെറിയൊ 
രായുധം മാത്രമാണിത്.

അടക്ക വലിക്കുമ്പോൾ പൊളിച്ചു
 നോക്കാെനല്ലാതെ..... വേറൊന്നിനും 
ഇത് പുറത്തെടുക്കാറുമില്ല.

അഥവാ... പുറത്തെടുക്കുന്നുണ്ടെങ്കിൽ 
നമ്മുടെ മോഹൻലാൽ സിനിമയിൽ 
സുകുമാരി  പറയുന്ന പോലെ...
ചോര കാണാതെ തിരിച്ച് ഉറയിലിടാറുമില്ല.

നാട്ടിലെ അമ്പലത്തിലെ... 
വലിയ ഉത്സവങ്ങളായ....അനന്തപൂജയോ
മഞ്ഞോണമോ....നടക്കുന്ന ദിവസ്സം 
ആയിരിക്കും.. അതിനുള്ള സമയം.

അന്നാണ്.. ഞങ്ങളുടെ നാട്ടിൽ
എറ്റവും കൂടുതൽ.. തല്ല് നടക്കുന്നതും.

"കോടങ്കി"എന്ന മദ്യം നാട്ടിൽ സുലഭമായി 
കിട്ടുന്ന കാലം.
ഈ മദ്യം...കുടുതൽ കഴിക്കുന്നവർ.. 
പിന്നീട്...ആ പേരിൽ തന്നെയാണ് 
നാട്ടിൽ അറിയപ്പെടാറ്.
അങ്ങിനെയാണ് 
കോടങ്കി പരമേശ്വരനും..
.കോടങ്കി സുബ്രമണ്യനുമൊക്കെ... 
നമ്മുടെ നാട്ടുകാരുടെ 
പ്രിയപ്പെട്ടവരായത്.

രണ്ടെണ്ണം അടിച്ച്...ഉത്സവപറമ്പിൽ 
നിൽക്കുമ്പോഴാവും.... പഴയ വഴക്കും
വൈരാഗ്യങ്ങളും എല്ലാം ഓർത്തെടുക്കുന്നത്...

പലരേയും കുറേ കാലത്തിനിടക്ക് 
കണ്ടു മുട്ടുന്നതുമാവും...
പിന്നെ കൂട്ട ഇടിയായിരിക്കും ഫലം !!

ചോര പൊടിഞ്ഞു തുടങ്ങുന്ന തോടെ....
ഉത്സവം പാതിവഴിയിൽ നിർത്തി. 
ബാക്കിയുള്ളവർ തടി തപ്പും.

ഇതൊരു പതിവായപ്പോഴാണ്
മൂപ്പന്മാരിലെ അന്നത്തെ 
ചാണക്യനായിരുന്ന... 
മിന്നൂപ്പൻ അതിനൊരു ഉപായം 
കണ്ടെത്തിയത്..

പുള്ളിയാണെങ്കിൽ... പഴയ രാജാപാർട്ട്
നാടകങ്ങളിലെ നടനൊക്കെ 
ആയിരുന്നതിനാൽ..
നാടക ഡ്രസ്സ്...വാടകക്ക് കിട്ടുന്ന 
സ്ഥലമൊക്കെ....നന്നായി 
അറിയാമായിരുന്നു.

അടുത്ത വർഷത്തെ  ഉത്സവം വന്നപ്പോൾ..
മൂന്ന് കൂലി പണിക്കാരെ.. 
അന്ന് കാലത്തെ പോലീസിന്റെ 
കൂർത്ത തൊപ്പിയും..കാക്കി ഷർട്ടും.. ട്രൗസറും..
കൊമ്പൻ മീശയുമൊക്കെ..പിടിപ്പിച്ച് 
രംഗത്തിറക്കി.

സങ്ങതി ഏറ്റു.. പ്രശ്നക്കാരായ 
രാമന്മാരെല്ലാം...
ഈ പോലീസുകാരെ കണ്ടതോടെ 
മര്യാദ രാമന്മാരായി മാറി.. 
പണ്ട് പ്രശ്നങ്ങൾ
ഉണ്ടാക്കിയിരുന്ന പലരും 
നേരത്തേ തന്നെ സ്ഥലം വിട്ടു...

അങ്ങിനെ ആ കൊല്ലത്തെ ഉത്സവം
ഒരുവിധം ഭംഗിയായി നടന്നു.

എന്നാലും.....

ചിലർക്ക് ഇവരെ കണ്ടപ്പോൾ 
ചെറിയൊരു സംശയം തോന്നാതിരുന്നില്ല.
പലരും മാറിനിന്ന്.....
തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

എവിടയോ വെച്ച് കണ്ടിട്ടുള്ള പോലെ 
ഒരു ഡൗട്ട് ...!!!
ചിലപ്പോൾ തോന്നലാവാം,
ഒരു പോലെ മറ്റു പലരുമുണ്ടല്ലോ... 
എന്ന് ചിലർ ആശ്വസിച്ചു.

വീണ്ടുമൊരു..... "എന്നാലും" 
മററു ചിലരുടെയെല്ലാം....മനസ്സിലൂടെ 
ഓടി മറഞ്ഞു..

ഉത്സവത്തിന്റെ ബഹളമെല്ലാം കഴിഞ്ഞ്...
സമാധാനമായി... ഇരുന്ന് ആലോചിച്ച് 
തുടങ്ങിയപ്പോഴാണ്....

നമ്മുടെ ചില മൂപ്പിൽസ് ഗഡികളുടെ 
തലയിലെ മെമ്മറി കാർഡ്... 
സാവധാനം വർക്ക് ചെയ്ത് തുടങ്ങിയത്.

അതിന് തൊട്ടു മുൻമ്പത്തെ 
വർഷത്തെ.... മടകിളക്ക്.....തൂമ്പയും
തോളിൽ വെച്ച്.... മട കിളക്കാൻ 
വന്നവരുടെ കൂട്ടത്തിൽ ഈ പോലീസുകാരുടെ...
 മുഖവും കണ്ടിരുന്ന കാര്യം..
അവർ ഓർത്തെടുത്തു.

പിന്നെ വൈകിയില്ല ആ വിവരം
നാട്ടിലാകെ പാട്ടായി...
അടുത്ത വർഷം നടന്ന ഉത്സവത്തിന്..
ഒറിജിനൽ പോലീസുകാർ തന്നെ..
തൊപ്പിയും വടിയുമായി വന്നിട്ടും... 
കാര്യങ്ങൾ കൈവിട്ടു പോയി.. 
ഉത്സവം, ചോരയിൽ മുങ്ങി.

അതോടെ കമ്മിറ്റിക്കാർ പരിഭവം 
പറഞ്ഞു തുടങ്ങി... നമ്മുടെ മിന്നുപ്പൻ കാരണം... 
നാട്ടുകാർക്ക് പോലീസിനേയും.... പേടിയില്ലാതായി.
എന്നായി പിന്നെ പരാതി.

ഈ സംഭവങ്ങൾ... ഓരോ ഉത്സവത്തിനും
ആവർത്തിച്ചു വരവെ,, 
എന്താണിതിനൊരു പരിഹാരം 
എന്ന് നാട്ടിലെ പ്രമാണിമാർ പലരും... 
തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു

അങ്ങിനെ ഇരിക്കെയാണ്..
നമ്മുടെ ചായക്കടക്കാരൻ ഷണ്മുഖന്റെ
അപ്പൻ...പരമേശ്വരൻ മൂപ്പന് 
ഒരഭിപ്രായം.... തോന്നിയത്.നമുക്കൊന്ന് 
പ്രശനം വെച്ചു നോക്കിയാലോ...?

പിന്നെ വൈകിയില്ല...

പ്രശ്‌നക്കാരൻ... കവിടിയും പലകയു 
മായെത്തി.. പ്രശ്നം നോക്കി പരിഹാരവും
നിർദ്ദേശിച്ചു. നാലഞ്ചു ദിവസ്സത്തോളം 
നീണ്ടു നിൽക്കുന്ന...ഒരു പൂജ നടത്തണം
 അതോടെ പ്രശ്നങ്ങളെല്ലാം തീരും...
പ്രശ്നക്കാരൻ.... തറപ്പിച്ചു പറഞ്ഞു.

വലിയ പണചിലവുള്ള.... 
കാര്യമായി രുന്നെങ്കിലും... നാട്ടിൽ സമാധാനമു
ണ്ടാവട്ടെ എന്ന് കരുതി... എല്ലാവരും
 അതിനോട്...ഭംഗിയായി സഹകരിച്ചു.

പുജയും സദ്യയുമെല്ലാം നന്നായി നടന്നു..
പ്രശ്നങ്ങളെല്ലാം ഏറ്റുപറഞ്ഞ് 
വലിയ സന്തോഷത്തോടെയാണ്..എല്ലാവരും 
പിരിഞ്ഞു പോയത്...അതോടെ 
നാട്ടിൽ സന്തോഷം കളിയാടാൻ തുടങ്ങി.

പിന്നീട് ഒരു മാസത്തോളം കഴിഞ്ഞാണ്..
പ്രശ്ന പരിഹാരത്തിനായി 
നടത്തിയ പരിപാടികളുടെ
കണക്ക് എല്ലാവരേയും...വിളിച്ച് കൂട്ടി
കമ്മറ്റിക്കാർ അവതരിപ്പിച്ചത്..

നിർഭാഗ്യവശാൽ.... അന്നായിരുന്നു
ഞങ്ങളുടെ നാട്ടിലെ....ഏറ്റവും 
വലിയ കൂട്ടത്തല്ല് നടന്നത്......!!

By Suresh Babu 
Mala Kazhchakal.

Wednesday 1 February 2017

4 ആനപന..!



ലിയൊരു ആനപന
മൂടോടെ വെട്ടി വിഴുങ്ങാൻ നോക്കിയവരും....
നമ്മുടെ മാളയിലുണ്ടായിരുന്നു.

ഇത്രയും കേട്ടപ്പോൾ തന്നെ മൂക്കത്ത്
വിരൽ വെക്കാൻ വരട്ടെ...
നമ്മുടെ നാട്ടിൽ അങ്ങിനേയും
ഒരു കാലമുണ്ടായിരുന്നു...!!!

നാടിനും വീടിനും പ്രത്യേകിച്ച് വലിയ
 ഉപകാരമൊന്നുമില്ലാതെ...
നാട്ടിൽ വെറുതേ ചുറ്റി തിരിയുന്ന
 പിള്ളേരെ കാണുമ്പോൾ ....

അന്ന് കാലത്തെ അമ്മാവന്മാർ
 പറയുമായിരുന്നു...
പനപോലെ വളർന്നല്ലോ...
ഇനി നിന്നെയൊക്കെ എന്തിന് കൊള്ളാം...?
എന്ന്....നമ്മുടെ മാളയിൽ മാത്രം
ആ പരിപ്പ് വേവില്ല...!

നമ്മുടെ ടീംസ്...... വേറെ ലെവലാ..,,

ഇനി കഥയിലേക്ക് വരാം...
നാട്ടിലാകെ കടുത്ത ഭക്ഷ്യ ക്ഷാമം
പടർന്നു പിടിച്ചിരുന്ന കാലം....
വയറും തടവി വെറുതെ
നക്ഷത്ര മെണ്ണി ഇരുന്നിരുന്ന...
.
അന്നത്തെ നമ്മുടെ മൂപ്പിൽസ്മാ
രുടെ തലക്ക് മുകളിലൂടെ...
ഒരു ഇടി മിന്നൽ....
ചെറുതായൊന്ന് പാളി നോക്കി
കടന്നു പോയി....!!!

നമ്മുടെ മുതലാളിയുടെ
പറമ്പിനരികിൽ
ഇത്ര വലിയൊരു ആനപന....
ആർക്കും വേണ്ടാതെ നിൽക്കുമ്പോൾ...
നമ്മളെന്തിനാണ് വെറുതെ
പട്ടിണി കിടക്കുന്നത് ....?

ഉടനെ നമ്മുടെ രാമൂപ്പനും,
ഗോവിന്ദൂപ്പനും,പരമു ചോനും,,,
പൊയ്യയിലെ കുറച്ച് മൂപ്പിൽസ്
ഗഡികളും ചേർന്ന്....
കൊത്തിയും കോടാലിയും
ആയിട്ടിറങ്ങി....

തോട്ടരികിൽ നിന്നിരുന്ന...
വലിയൊരു ആനപന നിമിഷനേരം
കൊണ്ട് വെട്ടി മുറിച്ചിട്ടു..!!

ഇത്രയും കേട്ടപ്പോൾ
തന്നെ എനിക്ക് അൽഭുതമായി ...!!!
ഇന്നത്തെ കാലത്താണെങ്കിൽ....
ഇതു പോലൊരു മരം....
അറക്ക മില്ല് വരെ എത്തിക്കാൻ പോലും
ആനവണ്ടി വിളിക്കേണ്ടി വരും...

പിന്നെ എങ്ങിനെയാണിവർ
അത് വയറ്റി നകത്താക്കുന്നത്....??

എന്റെ ആകാംക്ഷ വീണ്ടും വീണ്ടും
 വർദ്ധിച്ചു കൊണ്ടിരുന്നു....
അപ്പോഴാണ് നമ്മുടെ കോടങ്കി
പരമേശ്വരന്റെ അപ്പൻ
രാമൂപ്പൻ.. പനനൂറു കൊണ്ട് പലഹാര
മുണ്ടാക്കി കഴിക്കുന്നതിന്റെ,,,
 'റെസിപ്പി'
എനിക്ക് പറഞ്ഞു തന്നത്.

അതിനായി ആദ്യം വെട്ടിയെടുത്ത
പന ചെറു ചീളുകളാക്കണം.....
അതിന് ശേഷം ചീളുകൾ
ഉണങ്ങുന്നതിന് മുൻമ്പു തന്നെ...
മുള്ളു പോലുള്ള ഏതെങ്കിലും
പ്രഥലത്തിൽ
ഉരച്ചുരച്ച് അതിന്റെ നൂറെടുക്കണം...

അതിന്ശേഷം അരിച്ച് പനമ്പ്
തട്ടികയിലോ,
 തഴപായയിലോ ഒഴിച്ച്...
വെയിലത്ത് വെച്ച് നന്നായി
ഉണക്കിയെടുത്താൽ....
പലഹാര മുണ്ടാക്കാൻ
പാകത്തിനുള്ള പനനൂറ് റെഡി.!!

ഒരു മാസം വരെ നീളുന്ന കഠിന
ശ്രമത്തിനൊടുവിൽ...
എല്ലാം ശരിയായി വരുമ്പോൾ
വളരേ കുറച്ച്
പനനൂറേ ബാക്കിയുണ്ടാവൂ...!!
തയ്യാറാക്കാൻ ഏറെ
പ്രയാസ മുള്ളതും....
കഴിച്ചു നോക്കിയാൽ പിന്നെ
കൊതി മാറാത്തതുമാണ്.....
പന നൂറു കൊണ്ടുള്ള
പലഹാരങ്ങൾ.

ഇത് പറയുമ്പോൾ പോലും രാമൂപ്പന്റെ
തൊണ്ട കുഴലിലൂടെ വെള്ള മിറങ്ങുന്നത്
എനിക്ക് കാണാമായിരുന്നു...

അതോടെ എന്റെ വായിലും
കപ്പലോടാൻ തുടങ്ങി...

എന്തു ചെയ്യാം....
പനയായി പോയില്ലേ...
മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ
വല്ല സൂപ്പർമാർക്കറ്റിലോ...
അതുമല്ലെങ്കിൽ...
നമ്മുടെ ബഷീറിന്റെ
പലചരക്കു കടയിലോ പോയി
കയ്യോടെ വാങ്ങാമായിരുന്നു....

പിന്നീടാണ് കഥയുടെ ക്ലെമാക്സ്
അറിയുന്നത്...
അത് കേട്ടപ്പോൾ തന്നെ എനിക്ക്...
ഒരു കാര്യം മനസ്സിലായി....

"പയ്യെ തിന്നാൻ നോക്കിയാൽ
 പനയായാലും പണി പാളും "

അത്ര ദയിനീയമായ കാര്യങ്ങൾ
ആയിരുന്നു പിന്നീട് നടന്നത്.....

അതിങ്ങനെ....
കുറച്ചു പേർ പനവെട്ടി
പനനൂറു ണ്ടാക്കുന്നുണ്ട്എന്ന വിവരം
വൈകാതെ നാട്ടിലാകേ പാട്ടായി..

കേട്ടറിഞ്ഞ് കര പ്രമാണിമാർ
ഓരോരുത്തരായി വരാൻ തുടങ്ങി...

തിരുവായ്ക്ക് എതിർ വായില്ലാത്ത
നാടുവാഴി പ്രഭുക്കളുടേയും...
ജന്മിമാരുടേയും കാലമാണ്
ഇതെ ന്നോർക്കണം.

വലിയ മുതലാളിമാരുടെ
മുന്നിൽ പെട്ടാൽ പോലും
മുട്ടിടിക്കും...

ഉരച്ചുരച്ച് പനയുടെ കാര്യം ഒരു
വിധം തീരുമാനമാക്കി....
ഇനി പലഹാര മുണ്ടാക്കി
കഴിച്ചു കളയാം
എന്നു കരുതി കാത്തിരിക്കുമ്പോഴാണ്....

പന വെട്ടിയെടുത്ത പറമ്പിന്റെ
മുതലാളിയുടെ
ശിങ്കിടിമാർ പ്രത്യക്ഷപ്പെടുന്നത്....
ഏഷണിക്കാരായ പ്രമാണിമാരും
 അവരുടെ ഒപ്പം കൂടി..

പിന്നത്തെ കാര്യം
പറയേണ്ടതില്ലല്ലോ...
അതോടെ കാര്യങ്ങളെല്ലാം
കൈവിട്ടു...

ആർക്കും വേണ്ടാതെ
തോട്ടു വക്കിൽ ഉപേക്ഷിച്ചു
നിർത്തിയിരുന്ന....
പനക്ക് വലിയ വിലയായി
.
പട്ടിണിയേക്കാൾ
വലിയ പ്രശനം പനനൂറായി....
ആകെ ഒരു പുലിവാല് മണത്തു
തുടങ്ങിയ പോലെ .....
മുതലാളിമാരുടെ ശിങ്കിടികളും...
എഷണിക്കാരായ
പ്രമാണിമാരുമാണെങ്കിൽ....
ഞങ്ങൾക്കു വേണ്ടി
നാട്ടിലാകെ വലവിരിച്ചു,,,

പിന്നെ നിന്നില്ല.
ജീവനും കൊണ്ട് നാട് വിട്ടു....
അതോടെ ഞങ്ങളുണ്ടാക്കിയ
പനനൂറും തട്ടിയെടുത്ത്....
ശിങ്കിടികൾ സ്ഥലം വിട്ടു...!!

പന നൂറു കൊണ്ട്
പട്ടിണി മാറ്റാൻ നോക്കിയ...
നമ്മുടെ രാമൂപ്പനും,ഗോവിന്ദൂപ്പനും
പരമു ചോനുമെല്ലാം....
പട്ടിണിക്കാരായി തന്നെ....
പിന്നെയും നാട്ടിൽ തുടർന്നു !!!

By Suresh Babu
Mala Kazhchakal

3 വള്ളക്കാരൻ പക്കറു മാപ്പിള..!


ർമ്മകളിലെ മാള കടവിന്റെ
അരികിലൂടെഅൽപ്പദൂരം നമുക്ക്
 വെറുതേ സഞ്ചരിക്കാം...
കിഴക്ക് ചാലക്കുടി പുഴയ്ക്കും..
വടക്ക് മണലി പുഴയ്ക്കും ഇടയിലുള്ള
മലയോര കാർഷിക ഗ്രാമങ്ങളായ...

വെള്ളികുളങ്ങര ,കോടാലി, കൊടകര,
പരിയാരം എന്നീ സ്ഥലങ്ങളിൽ നിന്നു പോലും
കാർഷിക വിളകളും,
സുഗന്ധ വ്യജ്ഞനങ്ങളും
ഇഷ്ട്ടികയും,ഓടും, അരിയും കരിയും...
മര ഉരുപ്പിടികളുമെല്ലാം
കൊച്ചി, കൊല്ലം, ആലപ്പുഴ... എന്നിവിട
ങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും...

അതു പോലെ തിരിച്ച് ...
ഉപ്പും,ഉണക്കമീനും,കയറും,
കുമ്മായവും കൊച്ചി ചാരവുമെല്ലാം
കൊണ്ടുവന്ന് ഇറക്കുന്നതിനുമുള്ള...

മധ്യ കേരളത്തിലെ പ്രധാന
പോർട്ടുകളിൽ ഒന്നായിരുന്നു
നമ്മുടെ മാള കടവ് ...

അക്കാലത്ത്, മാള പരിസരത്തെ
പ്രമുഖ വള്ളക്കാരായിരുന്നു...
നെയ്തക്കുടിയിടെ പക്കറു മാപ്പിളയും...
കടവിനോട് ചേർന്നുള്ള
കോളനിയിലെ കുമാരേട്ടനും,...
സുബ്രേട്ടനുമെല്ലാം...

വളവരയും കാറ്റു പായയും കെട്ടിയ
വലിയ കെട്ടു വള്ളവും കുത്തി
മാള തോട്ടിലൂടെ ഇവർ
കടന്നു പോകുന്നത്...
കൊച്ചി കായലിൽ വലിയ
കപ്പലുകൾ കാണുമ്പോൾ
ഇന്നത്തെ കൊച്ചു കുട്ടികളുടെ
മനസിൽ ഉണ്ടാവുന്ന കൗതുകം
പോലെ..
മാള തോടിന്റെ അരികിൽ
എത്രയോ തവണ
നോക്കി നിന്നിരിക്കുന്നു ...

ഈ കഥയിലെ നായകനും...
അന്നത്തെ പക്കറു മാപ്പിള തന്നെ...
മാള ടൗണിൽ കുറച്ചു
കാലം മുമ്പു വരെ
ചുമടെടുത്ത് നടന്നിരുന്ന..

"മുറുക്കാൻ" ജമാലിന്റെ
വാപ്പയാണ് നമ്മൾ ഇവിടെ പറയുന്ന
പക്കറു മാപ്പിള ...

അതു തന്നെയായിരുന്നു
പക്കറു മാപ്പിളയുടെജീവിതത്തിലെ
ഏറ്റവും വലിയ ദു:ഖവും...
ആ കുടുമ്പത്തിലെ നാലു മക്കളിൽ
ഏക ആൺതരി. നാട്ടിൽ ജമാൽ
"കുഞ്ഞിപള്ളി"
എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ദൈവാനുഗ്രഹം അല്പ്പം കൂടുതൽ
കിട്ടിക്കോട്ടെ
എന്നു കരുതിയാവാം
പക്കറുമാപ്പിള " കുഞ്ഞിപള്ളി "
എന്ന പേരു കൂടി അവന് നൽകിയത്...

സാധാരണ പോലെ വള്ളവുമായി
പക്കറു മാപ്പിള
യാത്ര തിരിച്ചു കഴിഞ്ഞാൽ...
പിന്നെ ജമാലിന്റെ സമയമായി...
വലിയ കുറുമ്പുകൾ കാട്ടിയും...
ചെറിയ നുള്ളി കളവുകൾ നടത്തിയും...
കുഞ്ഞിപള്ളി നാട്ടുകാർക്കിടയിൽ
സൃഷ്ടിക്കുന്ന പുകിലുകൾ
ഏറെയുണ്ടാവും...

ആ കാര്യം പറഞ്ഞ് ..വ്യാകുലപ്പെട്ട് ...
എന്റെ പിതാവിന്റെ മുന്നിലിരുന്ന്
വിങ്ങിപ്പൊട്ടുന്ന...പക്കറു മാപ്പിളയെ
ചെറുപ്പകാലത്ത് ഞാൻ പലപ്പോഴും
കണ്ടിട്ടുണ്ട്.

അത് കാണുമ്പോൾ
എന്റെ അമ്മ പുറകിൽ നിന്ന് പറയും,,,,
പക്കറു മാപ്പിള വിഷമിക്കാതിരിക്കൂ....
അവൻ കുഞ്ഞല്ലേ ...
അറിവു വെക്കുമ്പോൾ എല്ലാം ശെരിയാവും...

ഇനി എന്ന് ശരിയാവാനാ...
സുലോചന ചോത്തീ.....

എന്ന് തിരിച്ചു ചോദിച്ചു കൊണ്ട്
പക്കറു മാപ്പിള നെടുവീർപ്പിടും...

എങ്കിലും ഇത്തരം ചെറിയ
ആശ്വാസ വാക്കുകൾ പോലും..
പക്കറു മാപ്പിള ക്ക്
അന്ന് വലിയ കാര്യമായിരുന്നു...

പിന്നെ നാട്ടിൽ എന്തെങ്കിലും
പ്രശ്നം സൃഷ്ടിക്കാൻ...
കുഞ്ഞിപ്പള്ളിക്ക് പ്രത്യേകിച്ച്
കാരണമൊന്നും വേണ്ട...

ഒരു ദിവസം നെയ്തക്കുടിയിലെ
നമ്മുടെ ബാവാ കക്ഷിയുടെ
ഇളയ സഹോധരൻ  കബീർ,..

അവിടത്തെ ഇടവഴിയിലൂടെ
വെറുതേ നടന്നു പോവുകയായിരുന്നു..

ഓടി ചെന്ന് അവന്റെ
മൂട്ടിൽ  പുറംകാല് കൊണ്ട്
ഒരടി കൊടുത്തു കുഞ്ഞിപ്പള്ളി...

കബീർ വാവിട്ട് കരയാൻ തുടങ്ങി
പിന്നെ പറയണോ പുകിൽ.....
ആ ദിവസ്സം ഞങ്ങളുടെ നാടിനെ
ഇളക്കി മറിച്ച
ഏറ്റവും വലിയ സംഭവമായിരുന്നു അത്....

ഈ കാര്യം അറിഞ്ഞ ബാവാ കക്ഷിയും...
കോട്ടാൻ ജോസഫും...
കൂടി... നാടു മുഴുവൻ ഓടിച്ചിട്ടും ...
അന്ന് കുഞ്ഞിപ്പള്ളിയെ
പിടിക്കാൻ കഴിഞ്ഞിരുന്നില്ല.

പക്കറു മാപ്പിള ഇടക്കിടക്ക്...
ഞങ്ങളുടെ വീട്ടിലേക്ക്...
ഓടിയെത്തുന്നതിന്... മറ്റൊരു
കാരണം കൂടി ഉണ്ടായിരുന്നു...
നാട്ടുകാരുടെ എല്ലാം ഒരു "മുറുക്കു"
കേന്ദ്രമായിരുന്നു...
അക്കാലത്ത് നെയ്തക്കുടിയിലെ
ഞങ്ങളുടെ തറവാട്ടു വീട് ...
.
വെറ്റിലയും, അടക്കയും.. പുരയിടത്തിൽ
ധാരാളം ഉണ്ടായിരുന്നതിനാൽ...
നാട്ടിലെ 'മുറുക്കു'കാർ...
ഒരു വട്ടമെങ്കിലും അതുവഴി കടന്നു പോകും.

കൃഷ്ണ ചോനേ,,,,,,,,,,,, എന്ന്
നീട്ടി വിളിച്ച് ചെറുതായൊന്ന് മണിയടിച്ചാൽ...
അച്ചാച്ചന്റെ കയ്യിൽ നിന്നും...
പുകയിലയും, ചുണ്ണാമ്പും എളുപ്പം
സംഘടിപ്പിക്കാനു മാവും...

ഇടക്കൊക്കെ....
നീയൊന്നും എന്റെ പുകയില കൂട്ടി
മുറുക്കാറായിട്ടില്ല ...കല്യാണീ...!!
എന്ന് തമാശയായി
പറയു മായിരുന്നെങ്കിലും...

നാട്ടിലെ മുറുക്കുകാരായ
മൂപ്പത്തിമാരും...
നാട്ടുകാരായ മറ്റു ചിലരും...
അച്ചാച്ചന്റെ ഈ വീക്ക്നെസ്
നന്നായി മുതലെടുത്തിരുന്നു.

ആ കുട്ടത്തിൽ ഒരാളായിരുന്നു
നമ്മുടെ പക്കറു മാപ്പിള...

കഥകളിൽ വായിച്ചിട്ടുള്ള കപ്പലിലെ
കപ്പിത്താനേ പോലെ...
നല്ല ഒത്ത ഉയരം... മുന്നിലേക്ക്
അല്പ്പം വളവുള്ള ശരീരം...
വെളുത്ത കോലൻ മുടി...
താഴേക്ക് ഇറങ്ങി കിടക്കുന്ന
വലിയ കട്ട മീശ...
ഇതായിരുന്നു പക്കറുമാപ്പിളയുടെ
ഏകദേശ രൂപം.

എന്റെ അമ്മയുടെ മൂത്ത സഹോദരി
യുടെ വീട്
പക്കറു മാപ്പിളയുടെ വള്ളം സാധാരണ
 കടന്നു പോകുന്ന...
കൊച്ചിക്കടുത്ത... വൈപ്പിൻ കരയിലെ..
 നെടുങ്ങാട് എന്ന സ്ഥലത്തെ
പുഴയരികിലായിരുന്നു..

വീട്ടുപറമ്പിൽ അന്ന് ധാരാളം ഉണ്ടായിരുന്ന
ചക്കയും മാങ്ങയും
പക്കറു മാപ്പിളയുടെ വള്ളത്തിൽ കയറ്റി ...
വല്യമ്മയുടെ വീട്ടിലേക്ക് പലപ്പോഴും
കൊടുത്തു വിടാറുണ്ട്..

കാറ്റിന്റ ഗതിവിഗതികളും,...
വേലി യേറ്റവും, വേലിയിറക്കവും....
എല്ലാം നോക്കി....വള്ളം തുഴയേണ്ടതിനാൽ...
നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടാവും...
പക്കറു മാപ്പിള ചക്കയുമായി വല്യമ്മയുടെ
വീടിന് പരിസരത്തേക്ക് എത്തുന്നത് ....

അപ്പോഴേക്കും ചക്കയും മാങ്ങയും
പഴുത്ത് നല്ല പാകമായിട്ടുണ്ടാവും...
വൈപ്പിൻ കരയിലെ വല്ല്യമ്മയുടെ വീടിന്റെ
പരിസരത്തും പക്കറു മാപ്പിള ചെറിയൊരു
താരമായി രുന്നു...

അതിന് കാരണം അവിടങ്ങളിൽ ചക്കയും
മാങ്ങയുമെല്ലാം.. അത്ര സുലഭമായിരുന്നില്ല
എന്നതു തന്നെ...
ഭക്ഷണവും കഴിച്ച്... വല്യമ്മയോട്നാട്ടു
വർത്തമാനവും പറഞ്ഞ്.....
കുറച്ചു നേരം വിശ്രമിച്ചിട്ടാവും..
അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്
പക്കറു മാപ്പിള യാത്ര തുടരുന്നത്.

പിന്നെ കുറേ ദിവസം കൂടി കഴിഞ്ഞിട്ടാവും....
വല്യമ്മ കൊടുത്തുവിട്ട
തെക്കൻ പൊക്കാളിയുടെ അരിയും...
ഉണക്ക ചെമ്മീനുമായി പക്കറു മാപ്പിള
മാള കടവിൽപ്രത്യക്ഷപെടുന്നത്.
അപ്പോഴേക്കും
മകൻ കുഞ്ഞിപള്ളിയെകുറിച്ചുള്ള..
പരാതികളുടെ... വലിയൊരു ഭാണ്ഡവുമായി...
നാട്ടുകാർ.. കടവിൽ
കാത്തു നിൽക്കുന്നണ്ടാവും.!!!!!.

By Suresh Babu
Mala Kazhchakal

2 മധുരിക്കുന്ന മാള കടവ്...!



പേരു പോലെ തന്നെ മണ്ണ് പോലും
മധുരിക്കുന്ന നാടാണ് മാള.
രസ സൗഹൃദങ്ങൾ സ്വന്തം ഹൃദയത്തോട്
 ചേർത്തു വെച്ച നാട്.

ഇത് പറഞ്ഞു വരുമ്പോൾ ജനിച്ചു വളർന്ന
സ്വന്തം നാടിനോട്...
ഒരു ടീ സ്പൂൺ' കൂടുതൽ സ്നേഹം
തോന്നുക എന്നത്...
നമ്മൾ മാളക്കാരുടെ ഭാഷയിൽ
പറഞ്ഞാൽ...
മനുഷ്യനായി ഭൂമിയിൽ ജനിച്ച
ഏത് 'കുഞ്ഞി കോന്നനും' പറഞ്ഞിട്ടുള്ള
കാര്യമാണല്ലോ?

നമുക്കാണെങ്കിൽ ..
അതിത്തിരി കൂടുതലും.
ഇനി നമ്മുടെ കഥയിലേക്ക് വരാം,
ഇവിടെ പറയുന്ന സങ്ങതികളിൽ അൽപ്പം
 കാര്യം ഇല്ലാതില്ല...... കാരണം

നമ്മുടെ മാള കടവിൽ
ചെറിയൊരു ഉൽഖനനം  നടത്തുക
യാണെങ്കിൽ... ആദ്യം ലഭിക്കുക
കരിങ്കല്ലു പോലെ
കട്ടപിടിച്ച് കിടക്കുന്ന പണ്ടത്തെ
ശർക്കരയുടെ
അവശിഷ്ടങ്ങൾ ആയിരിക്കും.

കുറച്ചു നാൾ മുമ്പ് ഈ കാര്യം
എന്റെ ശ്രദ്ധയിൽ പെടുത്തിയത്
അയൽവാസിയും മാളയിലെ
ആദ്യത്തെ പന്തൽ
സെറ്റുകാരനും ആയിരുന്ന
നെയ്തക്കുടിയിലെ
പന്തലുകാരൻ മല്ലു മൂപ്പനായിരുന്നു.

മുമ്പെങ്ങോ മാള കടവിൽ വെച്ച് നടന്ന
ഏതോ ആഘോഷത്തിന്റെ
ആവശ്യത്തിനായി
കാലുകൾ സ്ഥപിക്കാൻ കുഴിയെടുത്ത
പ്പോഴാണ്....ഈ 'അൽഭൂത കാഴ്ച'
നമ്മുടെ മല്ലു മൂപ്പൻ
ആദ്യമായി കാണുന്നത്.

കുഴിതാഴ്ത്തും തോറും
മണ്ണിന് പകരം ലഭിക്കുന്നത് ശർക്കര..
ഈ കാര്യം അറിഞ്ഞപ്പോൾ
മുതൽ....എന്റെ നാക്കിന്റെ
തുമ്പിൽ നിന്നും അടി വയറ്റിലോട്ട് ...
അറിയാതെ ;; ഒരു ഓളം വെട്ട് ;;

അങ്ങിനെയാണ് ഞങ്ങൾ
 സുഹൃത്തുക്കൾ
കടവിന്റ കഥ അന്വേഷിച്ചിറങ്ങിയത്..

അതിനായി ആദ്യം പോയത്...
തൊട്ടടുത്ത കോളനിയിലെ "മീശക്കാരൻ"
 വിശ്വംഭരേട്ടനെ തേടിയായിരുന്നു.
മാള കടവിനെ കുറിച്ച്....
ആധികാരികമായി പറയാൻ
കഴിയുന്ന ആളുകളിൽ....
വിശ്വംഭരേട്ടൻ ഒഴികെ മറ്റാരുടേയും മുഖം
 അപ്പോൾ ഞങ്ങൾക്ക് മുന്നിൽ
തെളിഞ്ഞു വന്നില്ല..

അത്രത്തോളം നമ്മുടെ കടവിനോട്
 അലിഞ്ഞ് ചേർന്ന് കിടക്കുന്ന ആളായിരുന്നു....
അന്ന് നമ്മുടെ പുള്ളിക്കാരൻ...

'ഉണ്ണുന്നതും,ഉറങ്ങുന്നതും,
വെളിക്കിരിക്കുന്നതും'
എല്ലാം കടവിൽ തന്നെ.
ആകെ ഒരു മാതിരി കടവുമയം.

പുള്ളിയെ 'തപ്പി' ഇറങ്ങിയ ഞങ്ങൾക്ക്
 അധികം അലയേണ്ടി വന്നില്ല.
ലക്ഷണമൊത്ത കരിവീരന്റെ തിരു
 നെറ്റിയിലെ നെറ്റിപ്പട്ടം പോലെ...
മാള കടവിന്റ ഒത്തനടുക്ക് നിന്നിരുന്ന...
അന്നത്തെ കടവ് ഷാപ്പിന്റെ
തട്ടികയിൽ പിടിച്ച് ...
'ദാ നിൽക്കുന്നു' നമ്മുടെ താരം..

പഴയൊരു മലയാള സിനിമയിൽ
നമ്മൾ കണ്ട 'അച്ചൻ കുഞ്ഞ് 'എന്ന
കഥാപാത്രത്തെ ഓർമ്മ പ്പെടുത്തുന്ന...
ചുവന്ന ഉണ്ടക്കണ്ണും...
കുഴിഞ്ഞ കവിളും...
കൊമ്പൻ മീശയുമായി...
നമ്മുടെ സാക്ഷാൽ വിശ്വംഭരേട്ടൻ.

നന്നായി ദേഷ്യം കയറിയാൽ
 കുറച്ച് പുളിച്ച തെറി പറയും...
എന്ന കാര്യ മൊഴിച്ചാൽ
ഒരു ഉറുമ്പിനെ പോലും
നോവിക്കാത്ത ആളായിരുന്നു
നമ്മുടെ വിശ്വംഭരേട്ടൻ.

കുട്ടികൾക്ക് വേണമെങ്കിൽ
അദ്ദേഹത്തിന്റെ ദേഹത്ത്
നുള്ളി കളിക്കാം....
അത്രയ്ക്കും പാവമായിരുന്നു.
ഒരു കണക്കിന് പറഞ്ഞാൽ
ആ മീശയുടെബലത്തിൽ
മാത്രമായിരുന്നു പുള്ളിക്കാരൻ
ജീവിച്ചു പോന്നിരുന്നത്.

ഈ കാര്യം ഞങ്ങൾക്ക് നേരത്തേ
അറിയാമായിരുന്നു....
അതിനാൽ പ്രത്യേകിച്ച്‌ ഭയമൊന്നും
ഇദ്ദേഹത്തേ ക്കുറിച്ച് അന്ന്
തോന്നിയിരുന്നില്ല,,

കണ്ടപാടെ ഞാനാദ്യം ചോദ്യമെറിഞ്ഞു...

അല്ല വിശ്വംഭരേട്ടാ.. നമ്മുടെ കടവിൽ
ധാരാളം ശർക്കര
കുഴിച്ചിട്ടിട്ടുണ്ടെന്ന്
കേൾക്കുന്നുണ്ടല്ലോ... ശെരിയാണോ..?

പറഞ്ഞ് വായെടുത്തില്ല ഉടനെ
വിശ്വംഭരേട്ടൻ ആശ്ചര്യത്തോടെ
തിരിച്ചു ചോദിച്ചു
നിങ്ങളോടിത് ആരാ പറഞ്ഞേ...?

അപ്പോഴാണ് ഞാൻ ആളെ പറഞ്ഞത് ..
നമ്മുടെ പന്തലുകാരൻ മല്ലൂ മൂപ്പൻ !

ഇതു കേട്ടപ്പോൾ രാവിലെ തന്നെ
 അല്പം മിനുങ്ങിയതിന്റെ
ഹാങ്ങോ വറിൽ....
ചെറുതായൊന്ന് തുടിക്കുന്ന
കവിളിന്റെ മുകൾഭാഗം.....
കുറച്ചു കൂടി വിടർത്തി ക്കൊണ്ട്..
വിശ്വംഭരേട്ടൻ പറഞ്ഞു,,,

എടാ.. പിള്ളേരെ.. പന്തല് മല്ലു
പലതും പറയും..
അതുകേട്ട്... നിങ്ങൾ വെറുതെ...
വായിൽ വെള്ള മൂറിക്കണ്ട ...

അത് തിന്നാൻ പറ്റിയ ശർക്കര
യൊന്നുമല്ല...
കാലങ്ങളായി വള്ളത്തിൽ നിന്നും
കരയിലോട്ടും...
കരയിൽ നിന്നും വള്ളത്തിലോട്ടും...
ഓരോരോ സാധനങ്ങൾ കയറ്റിയും
 ഇറക്കിയും മാറ്റിക്കൊണ്ടിരി,,
ക്കുമ്പോൾ കുറേ സാധനങ്ങൾ അവിടെ
 കിടന്ന് നശിച്ചു പോകാറുണ്ട്....

അതായിരിക്കും മല്ലൂ മൂപ്പൻ കുഴി
യെടുത്തപ്പോൾ കണ്ട ശർക്കര.
വിശ്വംഭരേട്ടൻ തറപ്പിച്ചു പറഞ്ഞു. !!

പിന്നെ സയിൻസും, സോഷ്യൽ സയിൻസും
 ഇഴചേരുന്ന പണ്ടത്തെ
 ഒരു പ്രണയകഥയും പറഞ്ഞു തന്നു !

പണ്ടു കാലത്ത് കിഴക്കൻ... മലയോരങ്ങളിൽ
നിന്നും കാള വണ്ടികളിൽ കൊണ്ടുവന്ന്
കടവിൽ അട്ടിയിട്ട് വെച്ചിരുന്ന
ശർക്കരയും...
പടിഞ്ഞാറൻ... തീരദേശങ്ങളിൽ നിന്നും
വള്ളങ്ങളിൽ കയറ്റി മാള കടവിൽ
എത്തിച്ചിരുന്ന....കുമ്മായവും,
നീററു കക്കയുമെല്ലാം ...
ഇണങ്ങിയും പിണങ്ങിയും തൊട്ടുരുമ്മി
 കഴിഞ്ഞിരുന്നത് കടവിലെ തന്നെ
തൊട്ടടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു..

ഒരു കണക്കിന്‌ പറഞ്ഞാൽ
"ശർക്കരയും കുമ്മായവും തമ്മിലുള്ള
ഒരു പ്രണയകാലം"

അതിന്റെ ശേഷിപ്പുകളായ
സുർക്കി പാളികളായിരിക്കാം,,,
മല്ലൂപ്പൻ ഒരു പക്ഷേ അന്ന്
കണ്ടിട്ടുണ്ടാവുക.
എന്ന രീതിയിൽ ചെറിയൊരു
നിരീക്ഷണവും നടത്തി...

വലിയ ഗൗരവത്തോടെ മീശയും
തടവിക്കൊണ്ട്,,,
വിശ്വംഭരേട്ടൻ ഷാപ്പിനകത്തേക്ക്
കയറിപ്പോയി....!
അപ്പോഴും ഞങ്ങളുടെ മനസ്സിലെ
 ഓളംവെട്ട് പൂർണ്ണമായും ..
മാറി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.!!!!

By SureshBabu
Mala Kazhchakal.

1 എന്‍റെ സ്കൂൾ മുത്തശ്ശി...!


മാളയുടെ നഗര ഹൃദയത്തിൽ
അറിവിന്റ വെളിച്ചവും
സ്നേഹത്തിന്റെ മധുരവും പകർന്ന്
 നിരവധി പതിറ്റാണ്ടുകൾ
നമ്മൾ മാളക്കാരെ കൈപിടിച്ചു നടത്തിയ
 CMS സ്ക്കൂൾ,
നമ്മുടെ ഓർമ്മയിലേക്ക് തിരിഞ്ഞ്
നടക്കുകയാണല്ലോ....

വിൽപ്പനക്ക്‌ വെച്ചിട്ടുള്ള സ്‌ക്കൂളിന്റ
ഭൂമിയിൽ നാളെ ഷോപ്പിങ്ങ് കോംപ്ലക്‌സോ,
ഫ്ലാറ്റോ, വീടോ ഉയർന്നു വന്നേക്കാം..
.
എന്നാൽ ഒരു കാലത്ത് നമ്മുടെ
വിശപ്പും, ദാഹവും ദു:ഖവും..
സന്തോഷവുമെല്ലാം...
ഒരു പരിഭവവും കൂടാതെ
ഏറ്റുവാങ്ങിയിരുന്ന......
ഈ സ്ക്കൂൾ മുത്തശ്ശിയെ നമ്മൾ
മാളക്കാർക്ക് എളുപ്പം മറക്കാനാവുമോ ?

1970കളിലെ എന്റെ സ്കൂൾ
പഠനകാലത്തെ ചെറിയ ഒരോർമ്മ...
 ചേർത്തു വെക്കുകയാണ് ....

നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന
ഞങ്ങളുടെ CMS പഠനകാലത്ത്...
ക്ലിഫിയും,ടോമിയും....
ലീനയും,സ്റ്റാൻലിയും മുതൽ ഒട്ടേറെ
കൂട്ടുകാരുണ്ടായിരുന്നെങ്കിലും...
ഞങ്ങളെല്ലാവരും...
ഏറ്റവും കൂടുതൽ ഇഷ്ടപെട്ടിരുന്നത്
കൂട്ടത്തിലെ ഏറ്റവും മുതിർന്നവനായ
ആലങ്ങാട്ട് നാസറുമായുള്ള
സൗഹൃദമായിരുന്നു....

നാസറിനോട് ഇത്രയും ഇഷ്ടം തോന്നാൻ
കാരണം...അക്കാലത്ത് സ്കൂളിൽ
ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്...
നാസറിന്റെ അമ്മായി
പാത്തുമ്മയായിരുന്നു... എന്നതാണ്...

അമേരിക്ക മാവും ഗോതമ്പും സൂര്യകാന്തി
എണ്ണയും ചേർത്ത് പാത്തുമ്മ ഉണ്ടാക്കുന്ന....
രുചികരമായ ഉപ്പുമാവിന്റെ മണം
പതിനൊന്ന്മണിയോടെ ഉയർന്നു തുടങ്ങിയാൽ...
പിന്നെ എങ്ങിനെയെങ്കിലും ഉച്ചയാവുന്നതിന്
വേണ്ടിയുള്ള അക്ഷമമായ
കാത്തിരിപ്പിലായിരിക്കുംഞങ്ങൾ..
.
ജീവിത പ്രയാസവും ദാരിദ്ര്യവും നിറഞ്ഞ
അന്നത്തെ സാമൂഹ്യ സാഹചര്യത്തോട്
സംവദിച്ച്...
താണിക്കാട്ടിൽ നിന്നും കുന്നത്തുകാട്,
നെയ്തക്കുടി പ്രദേശങ്ങളിൽ നിന്നും, സ്ക്കൂൾ
പരിസരത്തെ പടന്ന, മുസ്ലീം
കോളനികളിൽ നിന്നും വന്നിരുന്ന
സഹപാഠികളിൽ...
കുറച്ചു പേരെങ്കിലും
വെറും വയറുമായിട്ടായിരുന്നു
സ്കൂളിലേക്ക്‌ വന്നെത്തിയിരുന്നത്...

അതുകൊണ്ട് തന്നെ ഞങ്ങൾ കുട്ടികൾ
ഒത്തിരി സ്നേഹത്തോടെ
ഉപ്പുമാവുമ്മ എന്ന് വിളിച്ചിരുന്ന...
പാത്തുമ്മയെ കാണുമ്പോൾ...
സ്വന്തം ക്ലാസ് ടീച്ചറോട് തോന്നുന്ന
തിനേക്കാൾ കൂടുതൽ ഇഷ്ടം
മനസ്സിൽ തോന്നാറുണ്ടായിരുന്നു.

കളിക്കാൻ വിടുമ്പോൾ ഞങ്ങൾ
സുഹൃത്തുക്കൾ
നാസറും, സഗീറും ,സോമനും,
ജോസും, ലോറൻസും...കൂട്ടത്തിലെ
പെൺ സുഹൃത്തുക്കളായിരുന്ന
 നെദീറയും ലൈലയും, കൗലത്തും ഓമന
യുമെല്ലാം കൂടി പാത്തുമ്മയെ വളയും...

ഉപ്പുമാവ് ഒരുക്കുന്നതിന്റെ തിരക്കിനിടയിലും
ഓരോ പിടി അമേരിക്ക മാവ്
കയ്യിലിട്ടു തന്ന് ഉപ്പുമാവുമ്മ...ഞങ്ങളെ,
സ്നേഹത്തോടെ പറഞ്ഞയക്കും....

ഉച്ച നേരത്തേക്ക് മാത്രം കഴിക്കാൻ കിട്ടുന്ന
ഈ ഉപ്പുമാവിന് വേണ്ടി....സ്കൂളിനോട്
തോറ്റു കൊടുക്കാൻ
ഇഷ്ടപ്പെട്ടിരുന്ന സഹപാഠികളും..
നാലാം ക്ലാസിലെത്തിയപ്പോൾ
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു...

രാധാകൃഷ്ണനും,ഷണ്മുഖനും, ഔസേപ്പും
,താണിക്കാട്ടിലെ രവിയും, പരമുവുമെല്ലാം...
അങ്ങിനെ മുതിർന്നു... പോയവരായിരുന്നു
എന്നു പറയാം...

പലരും ഉച്ചഭക്ഷണം കഴിയുന്നതോടെ
സ്ഥലം വിടുമായിരുന്നു ....

അന്നത്തെ ടീച്ചർമാരായിരുന്ന
പോൾമാഷും ചെർച്ചി
ടീച്ചറും,പൗലോസ് മാഷും,പോളി മാഷും,
റോസിലി ടീച്ചറുമൊന്നും കാണാതെ...
ഞങ്ങൾ ഒളിച്ചോടി പോയിരുന്ന വഴി
സ്കൂളിന്റെ പടിഞ്ഞാറേ അതിരിൽ
 ഇപ്പോഴുമുണ്ട്...

അന്ന് ഇതൊന്നും വലിയൊരു കുറ്റമായി
ആരും കാണുമായിരുന്നില്ല.....
ഈ ഒളിച്ചോട്ടം പലപ്പോഴും
വീട്ടിലേക്കായിരുന്നില്ല എന്നതാണ്
യാഥാർത്ഥ്യം...

സ്കൂളിന് തൊട്ടപ്പുറത്തെ ആകാശവാണി
ജോസപ്പേട്ടന്റെ വീട്ടിലേക്കോ...
അന്ത ജോസിന്റ വീട്ടിലേക്കോ...
സഹപാഠികളായ സോമന്റേയോ...
സുരേന്ദ്രന്റേയോ...
അതുമല്ലെങ്കിൽ...
പട്ടാളക്കാരിത്തിയുടെ വീട്ടിലേക്കോ
ആയിരിക്കും...

അവിടെ ഞങ്ങളെ കാത്ത്
നാവിൽ കൊതിയൂറുന്ന
അന്നത്തെ ഏററവും രുചികരമായ...
നാരങ്ങാസത്ത് മിഠായിയുമായി..
അമ്മമാർ കാത്തിരിക്കുന്നുണ്ടാവും...

കാരണം...
അവിടെയാണ് ഞങ്ങളുടെ സാങ്കേതിക
വിദ്യഭ്യാസ പരിശീലനം തുടങ്ങുന്നത്...
സ്ലൈഡറുകളിൽ തീപ്പെട്ടി കോൽ നിരത്തി
കൊടുക്കലാണ്‌ പ്രധാന പണി...
അതുമല്ലെങ്കിൽ ചുണ്ണാമ്പു നീറ്റുന്നിടത്ത്
പട്ടാളകാരിത്തി യുടേയോ..
സുഭാഷിന്റെ അമ്മയുടേയോ കൂടെ കൂടും..

സ്കൂൾ പരിസരത്തിന്റെ
മണം പോലും നിറ്റുകക്കയുടേ
തായിരുന്നു....
കണ്ടും,കേട്ടും,അറിഞ്ഞും പഠിക്കാവുന്ന
രീതിയിൽ സ്കൂളും,
മാളകടവും,ചന്തയും,പരിസരത്തെ
ചെറുകിട വ്യവസായങ്ങളും...
എല്ലാം ഉൾപ്പെട്ട ഒരു വലിയ സാങ്കേതിക
പഠന കേന്ദ്രം കൂടിയായിരുന്നു...
അന്നത്തെ നമ്മുടെ
സി എം എസ് സ്ക്കൂൾ.

ഇന്ന് നാട്ടിലോ വിദേശത്തോ
വിവിധ തൊഴിലുകളിൽ ഏർപ്പെട്ട്
വിജയംവരിച്ച...
അന്നത്തെ സ്കൂൾ
സുഹൃത്തുക്കൾക്ക് മുന്നിൽ...
നൊമ്പരപ്പെടുത്തുന്ന ഒത്തിരി ഓർമ്മകൾ
അവശേഷിപ്പിച്ച്...

കാലത്തിന്റെ ഒഴുക്കിലേക്ക്
ഓടി മറയുകയാണ് ...
മാളയിലെ നമ്മുടെ പ്രിയപ്പെട്ട
 അക്ഷര മുത്തശ്ശി ...
സി എം എസ് സ്കൂൾ .

By Suresh Babu 
Mala kazhchakal.