Wednesday, 1 February 2017

1 എന്‍റെ സ്കൂൾ മുത്തശ്ശി...!


മാളയുടെ നഗര ഹൃദയത്തിൽ
അറിവിന്റ വെളിച്ചവും
സ്നേഹത്തിന്റെ മധുരവും പകർന്ന്
 നിരവധി പതിറ്റാണ്ടുകൾ
നമ്മൾ മാളക്കാരെ കൈപിടിച്ചു നടത്തിയ
 CMS സ്ക്കൂൾ,
നമ്മുടെ ഓർമ്മയിലേക്ക് തിരിഞ്ഞ്
നടക്കുകയാണല്ലോ....

വിൽപ്പനക്ക്‌ വെച്ചിട്ടുള്ള സ്‌ക്കൂളിന്റ
ഭൂമിയിൽ നാളെ ഷോപ്പിങ്ങ് കോംപ്ലക്‌സോ,
ഫ്ലാറ്റോ, വീടോ ഉയർന്നു വന്നേക്കാം..
.
എന്നാൽ ഒരു കാലത്ത് നമ്മുടെ
വിശപ്പും, ദാഹവും ദു:ഖവും..
സന്തോഷവുമെല്ലാം...
ഒരു പരിഭവവും കൂടാതെ
ഏറ്റുവാങ്ങിയിരുന്ന......
ഈ സ്ക്കൂൾ മുത്തശ്ശിയെ നമ്മൾ
മാളക്കാർക്ക് എളുപ്പം മറക്കാനാവുമോ ?

1970കളിലെ എന്റെ സ്കൂൾ
പഠനകാലത്തെ ചെറിയ ഒരോർമ്മ...
 ചേർത്തു വെക്കുകയാണ് ....

നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന
ഞങ്ങളുടെ CMS പഠനകാലത്ത്...
ക്ലിഫിയും,ടോമിയും....
ലീനയും,സ്റ്റാൻലിയും മുതൽ ഒട്ടേറെ
കൂട്ടുകാരുണ്ടായിരുന്നെങ്കിലും...
ഞങ്ങളെല്ലാവരും...
ഏറ്റവും കൂടുതൽ ഇഷ്ടപെട്ടിരുന്നത്
കൂട്ടത്തിലെ ഏറ്റവും മുതിർന്നവനായ
ആലങ്ങാട്ട് നാസറുമായുള്ള
സൗഹൃദമായിരുന്നു....

നാസറിനോട് ഇത്രയും ഇഷ്ടം തോന്നാൻ
കാരണം...അക്കാലത്ത് സ്കൂളിൽ
ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്...
നാസറിന്റെ അമ്മായി
പാത്തുമ്മയായിരുന്നു... എന്നതാണ്...

അമേരിക്ക മാവും ഗോതമ്പും സൂര്യകാന്തി
എണ്ണയും ചേർത്ത് പാത്തുമ്മ ഉണ്ടാക്കുന്ന....
രുചികരമായ ഉപ്പുമാവിന്റെ മണം
പതിനൊന്ന്മണിയോടെ ഉയർന്നു തുടങ്ങിയാൽ...
പിന്നെ എങ്ങിനെയെങ്കിലും ഉച്ചയാവുന്നതിന്
വേണ്ടിയുള്ള അക്ഷമമായ
കാത്തിരിപ്പിലായിരിക്കുംഞങ്ങൾ..
.
ജീവിത പ്രയാസവും ദാരിദ്ര്യവും നിറഞ്ഞ
അന്നത്തെ സാമൂഹ്യ സാഹചര്യത്തോട്
സംവദിച്ച്...
താണിക്കാട്ടിൽ നിന്നും കുന്നത്തുകാട്,
നെയ്തക്കുടി പ്രദേശങ്ങളിൽ നിന്നും, സ്ക്കൂൾ
പരിസരത്തെ പടന്ന, മുസ്ലീം
കോളനികളിൽ നിന്നും വന്നിരുന്ന
സഹപാഠികളിൽ...
കുറച്ചു പേരെങ്കിലും
വെറും വയറുമായിട്ടായിരുന്നു
സ്കൂളിലേക്ക്‌ വന്നെത്തിയിരുന്നത്...

അതുകൊണ്ട് തന്നെ ഞങ്ങൾ കുട്ടികൾ
ഒത്തിരി സ്നേഹത്തോടെ
ഉപ്പുമാവുമ്മ എന്ന് വിളിച്ചിരുന്ന...
പാത്തുമ്മയെ കാണുമ്പോൾ...
സ്വന്തം ക്ലാസ് ടീച്ചറോട് തോന്നുന്ന
തിനേക്കാൾ കൂടുതൽ ഇഷ്ടം
മനസ്സിൽ തോന്നാറുണ്ടായിരുന്നു.

കളിക്കാൻ വിടുമ്പോൾ ഞങ്ങൾ
സുഹൃത്തുക്കൾ
നാസറും, സഗീറും ,സോമനും,
ജോസും, ലോറൻസും...കൂട്ടത്തിലെ
പെൺ സുഹൃത്തുക്കളായിരുന്ന
 നെദീറയും ലൈലയും, കൗലത്തും ഓമന
യുമെല്ലാം കൂടി പാത്തുമ്മയെ വളയും...

ഉപ്പുമാവ് ഒരുക്കുന്നതിന്റെ തിരക്കിനിടയിലും
ഓരോ പിടി അമേരിക്ക മാവ്
കയ്യിലിട്ടു തന്ന് ഉപ്പുമാവുമ്മ...ഞങ്ങളെ,
സ്നേഹത്തോടെ പറഞ്ഞയക്കും....

ഉച്ച നേരത്തേക്ക് മാത്രം കഴിക്കാൻ കിട്ടുന്ന
ഈ ഉപ്പുമാവിന് വേണ്ടി....സ്കൂളിനോട്
തോറ്റു കൊടുക്കാൻ
ഇഷ്ടപ്പെട്ടിരുന്ന സഹപാഠികളും..
നാലാം ക്ലാസിലെത്തിയപ്പോൾ
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു...

രാധാകൃഷ്ണനും,ഷണ്മുഖനും, ഔസേപ്പും
,താണിക്കാട്ടിലെ രവിയും, പരമുവുമെല്ലാം...
അങ്ങിനെ മുതിർന്നു... പോയവരായിരുന്നു
എന്നു പറയാം...

പലരും ഉച്ചഭക്ഷണം കഴിയുന്നതോടെ
സ്ഥലം വിടുമായിരുന്നു ....

അന്നത്തെ ടീച്ചർമാരായിരുന്ന
പോൾമാഷും ചെർച്ചി
ടീച്ചറും,പൗലോസ് മാഷും,പോളി മാഷും,
റോസിലി ടീച്ചറുമൊന്നും കാണാതെ...
ഞങ്ങൾ ഒളിച്ചോടി പോയിരുന്ന വഴി
സ്കൂളിന്റെ പടിഞ്ഞാറേ അതിരിൽ
 ഇപ്പോഴുമുണ്ട്...

അന്ന് ഇതൊന്നും വലിയൊരു കുറ്റമായി
ആരും കാണുമായിരുന്നില്ല.....
ഈ ഒളിച്ചോട്ടം പലപ്പോഴും
വീട്ടിലേക്കായിരുന്നില്ല എന്നതാണ്
യാഥാർത്ഥ്യം...

സ്കൂളിന് തൊട്ടപ്പുറത്തെ ആകാശവാണി
ജോസപ്പേട്ടന്റെ വീട്ടിലേക്കോ...
അന്ത ജോസിന്റ വീട്ടിലേക്കോ...
സഹപാഠികളായ സോമന്റേയോ...
സുരേന്ദ്രന്റേയോ...
അതുമല്ലെങ്കിൽ...
പട്ടാളക്കാരിത്തിയുടെ വീട്ടിലേക്കോ
ആയിരിക്കും...

അവിടെ ഞങ്ങളെ കാത്ത്
നാവിൽ കൊതിയൂറുന്ന
അന്നത്തെ ഏററവും രുചികരമായ...
നാരങ്ങാസത്ത് മിഠായിയുമായി..
അമ്മമാർ കാത്തിരിക്കുന്നുണ്ടാവും...

കാരണം...
അവിടെയാണ് ഞങ്ങളുടെ സാങ്കേതിക
വിദ്യഭ്യാസ പരിശീലനം തുടങ്ങുന്നത്...
സ്ലൈഡറുകളിൽ തീപ്പെട്ടി കോൽ നിരത്തി
കൊടുക്കലാണ്‌ പ്രധാന പണി...
അതുമല്ലെങ്കിൽ ചുണ്ണാമ്പു നീറ്റുന്നിടത്ത്
പട്ടാളകാരിത്തി യുടേയോ..
സുഭാഷിന്റെ അമ്മയുടേയോ കൂടെ കൂടും..

സ്കൂൾ പരിസരത്തിന്റെ
മണം പോലും നിറ്റുകക്കയുടേ
തായിരുന്നു....
കണ്ടും,കേട്ടും,അറിഞ്ഞും പഠിക്കാവുന്ന
രീതിയിൽ സ്കൂളും,
മാളകടവും,ചന്തയും,പരിസരത്തെ
ചെറുകിട വ്യവസായങ്ങളും...
എല്ലാം ഉൾപ്പെട്ട ഒരു വലിയ സാങ്കേതിക
പഠന കേന്ദ്രം കൂടിയായിരുന്നു...
അന്നത്തെ നമ്മുടെ
സി എം എസ് സ്ക്കൂൾ.

ഇന്ന് നാട്ടിലോ വിദേശത്തോ
വിവിധ തൊഴിലുകളിൽ ഏർപ്പെട്ട്
വിജയംവരിച്ച...
അന്നത്തെ സ്കൂൾ
സുഹൃത്തുക്കൾക്ക് മുന്നിൽ...
നൊമ്പരപ്പെടുത്തുന്ന ഒത്തിരി ഓർമ്മകൾ
അവശേഷിപ്പിച്ച്...

കാലത്തിന്റെ ഒഴുക്കിലേക്ക്
ഓടി മറയുകയാണ് ...
മാളയിലെ നമ്മുടെ പ്രിയപ്പെട്ട
 അക്ഷര മുത്തശ്ശി ...
സി എം എസ് സ്കൂൾ .

By Suresh Babu 
Mala kazhchakal.

No comments:

Post a Comment