Thursday, 9 February 2017

5 രാമലക്ഷ്മണന്മാരും അടക്കാകത്തിയും..!

                                               

രാമ ലക്ഷ്മണന്മാരുടെ 
സ്വന്തം നാടു കൂടിയാണ്..നമ്മുടെ മാള.
മറ്റെവിടേയും കാണാത്തയത്ര 
രാമന്മാരും.. ലക്ഷ്മണന്മാരും..
സാവിത്രിമാരുമെല്ലാം...ഇപ്പോഴും 
ജീവിച്ചിരിക്കുന്നത്..
നമ്മുടെ നെയ്തക്കുടിയിലും.. 
പൊയ്യയിലും..ചെന്തുരുത്തിയിലും... 
എല്ലാമാണെന്ന് തോന്നുന്നു.

എന്റെ ഓർമ്മയിൽ പത്തിരുപത്.
രാമന്മാരെങ്കിലും ഞങ്ങളുടെ തന്നെ നാട്ടിൽ  
ഉണ്ടായിരുന്നു..

അതിൽ  ബഗൻ രാമനുണ്ടായിരുന്നു. 
കർക്കിടകം രാമനുണ്ടായിരുന്നു,.. 
മങ്കി രാമനുണ്ടായിരുന്നു,...
പുളിയുറുമ്പ് രാമനുണ്ടായിരുന്നു.
വെത്തു രാമനുണ്ടായിരുന്നു.

മൊത്തത്തിലൊരു രാമരാജ്യം
എന്നു വേണമെങ്കിൽ പറയാം.

യുദ്ധക്കൊതിയനായിരുന്ന..മൾട്ടി തലയൻ..
രാവണനെങ്ങാനും വഴിതെറ്റി 
നമ്മുടെ നാട്ടിലൂടെ 
കടന്നു പോയിരുന്നെങ്കിൽ..
കാണാമായിരുന്നു..പൂരം

ഈ രാമന്മാരോട് യുദ്ധം ചെയ്ത്..ചെയ്ത്
രാവണന്റെ നടുവൊടിഞ്ഞേനെ..
അത്രയും...വില്ലാളി വീരന്മാരും
ആയുധ ധാരികളുമായിരുന്നു നമ്മളറിയുന്ന
പല രാമന്മാരും.

പണ്ട് പഞ്ചാബികളും....നേപ്പാളി
ഖുർഖകളുമെല്ലാം...
പരമ്പരാഗത മായിത്തന്നെ "കൃപാൺ " 
എന്നൊരു ആയുധം...അരയിൽ 
കൊണ്ടു നടക്കാറില്ലോ...?
അതുപോലൊന്ന്....ഇവരുടെ മടിയിലും
എപ്പോഴും കാണും.

കത്തിയെന്ന്....തീർത്ത് പറയാനാവില്ല.
നമ്മുടെ ഉള്ളം കയ്യിൽ ഒതുങ്ങുന്ന 
നേരിയ വളവുള്ള..... ചെറിയൊ 
രായുധം മാത്രമാണിത്.

അടക്ക വലിക്കുമ്പോൾ പൊളിച്ചു
 നോക്കാെനല്ലാതെ..... വേറൊന്നിനും 
ഇത് പുറത്തെടുക്കാറുമില്ല.

അഥവാ... പുറത്തെടുക്കുന്നുണ്ടെങ്കിൽ 
നമ്മുടെ മോഹൻലാൽ സിനിമയിൽ 
സുകുമാരി  പറയുന്ന പോലെ...
ചോര കാണാതെ തിരിച്ച് ഉറയിലിടാറുമില്ല.

നാട്ടിലെ അമ്പലത്തിലെ... 
വലിയ ഉത്സവങ്ങളായ....അനന്തപൂജയോ
മഞ്ഞോണമോ....നടക്കുന്ന ദിവസ്സം 
ആയിരിക്കും.. അതിനുള്ള സമയം.

അന്നാണ്.. ഞങ്ങളുടെ നാട്ടിൽ
എറ്റവും കൂടുതൽ.. തല്ല് നടക്കുന്നതും.

"കോടങ്കി"എന്ന മദ്യം നാട്ടിൽ സുലഭമായി 
കിട്ടുന്ന കാലം.
ഈ മദ്യം...കുടുതൽ കഴിക്കുന്നവർ.. 
പിന്നീട്...ആ പേരിൽ തന്നെയാണ് 
നാട്ടിൽ അറിയപ്പെടാറ്.
അങ്ങിനെയാണ് 
കോടങ്കി പരമേശ്വരനും..
.കോടങ്കി സുബ്രമണ്യനുമൊക്കെ... 
നമ്മുടെ നാട്ടുകാരുടെ 
പ്രിയപ്പെട്ടവരായത്.

രണ്ടെണ്ണം അടിച്ച്...ഉത്സവപറമ്പിൽ 
നിൽക്കുമ്പോഴാവും.... പഴയ വഴക്കും
വൈരാഗ്യങ്ങളും എല്ലാം ഓർത്തെടുക്കുന്നത്...

പലരേയും കുറേ കാലത്തിനിടക്ക് 
കണ്ടു മുട്ടുന്നതുമാവും...
പിന്നെ കൂട്ട ഇടിയായിരിക്കും ഫലം !!

ചോര പൊടിഞ്ഞു തുടങ്ങുന്ന തോടെ....
ഉത്സവം പാതിവഴിയിൽ നിർത്തി. 
ബാക്കിയുള്ളവർ തടി തപ്പും.

ഇതൊരു പതിവായപ്പോഴാണ്
മൂപ്പന്മാരിലെ അന്നത്തെ 
ചാണക്യനായിരുന്ന... 
മിന്നൂപ്പൻ അതിനൊരു ഉപായം 
കണ്ടെത്തിയത്..

പുള്ളിയാണെങ്കിൽ... പഴയ രാജാപാർട്ട്
നാടകങ്ങളിലെ നടനൊക്കെ 
ആയിരുന്നതിനാൽ..
നാടക ഡ്രസ്സ്...വാടകക്ക് കിട്ടുന്ന 
സ്ഥലമൊക്കെ....നന്നായി 
അറിയാമായിരുന്നു.

അടുത്ത വർഷത്തെ  ഉത്സവം വന്നപ്പോൾ..
മൂന്ന് കൂലി പണിക്കാരെ.. 
അന്ന് കാലത്തെ പോലീസിന്റെ 
കൂർത്ത തൊപ്പിയും..കാക്കി ഷർട്ടും.. ട്രൗസറും..
കൊമ്പൻ മീശയുമൊക്കെ..പിടിപ്പിച്ച് 
രംഗത്തിറക്കി.

സങ്ങതി ഏറ്റു.. പ്രശ്നക്കാരായ 
രാമന്മാരെല്ലാം...
ഈ പോലീസുകാരെ കണ്ടതോടെ 
മര്യാദ രാമന്മാരായി മാറി.. 
പണ്ട് പ്രശ്നങ്ങൾ
ഉണ്ടാക്കിയിരുന്ന പലരും 
നേരത്തേ തന്നെ സ്ഥലം വിട്ടു...

അങ്ങിനെ ആ കൊല്ലത്തെ ഉത്സവം
ഒരുവിധം ഭംഗിയായി നടന്നു.

എന്നാലും.....

ചിലർക്ക് ഇവരെ കണ്ടപ്പോൾ 
ചെറിയൊരു സംശയം തോന്നാതിരുന്നില്ല.
പലരും മാറിനിന്ന്.....
തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

എവിടയോ വെച്ച് കണ്ടിട്ടുള്ള പോലെ 
ഒരു ഡൗട്ട് ...!!!
ചിലപ്പോൾ തോന്നലാവാം,
ഒരു പോലെ മറ്റു പലരുമുണ്ടല്ലോ... 
എന്ന് ചിലർ ആശ്വസിച്ചു.

വീണ്ടുമൊരു..... "എന്നാലും" 
മററു ചിലരുടെയെല്ലാം....മനസ്സിലൂടെ 
ഓടി മറഞ്ഞു..

ഉത്സവത്തിന്റെ ബഹളമെല്ലാം കഴിഞ്ഞ്...
സമാധാനമായി... ഇരുന്ന് ആലോചിച്ച് 
തുടങ്ങിയപ്പോഴാണ്....

നമ്മുടെ ചില മൂപ്പിൽസ് ഗഡികളുടെ 
തലയിലെ മെമ്മറി കാർഡ്... 
സാവധാനം വർക്ക് ചെയ്ത് തുടങ്ങിയത്.

അതിന് തൊട്ടു മുൻമ്പത്തെ 
വർഷത്തെ.... മടകിളക്ക്.....തൂമ്പയും
തോളിൽ വെച്ച്.... മട കിളക്കാൻ 
വന്നവരുടെ കൂട്ടത്തിൽ ഈ പോലീസുകാരുടെ...
 മുഖവും കണ്ടിരുന്ന കാര്യം..
അവർ ഓർത്തെടുത്തു.

പിന്നെ വൈകിയില്ല ആ വിവരം
നാട്ടിലാകെ പാട്ടായി...
അടുത്ത വർഷം നടന്ന ഉത്സവത്തിന്..
ഒറിജിനൽ പോലീസുകാർ തന്നെ..
തൊപ്പിയും വടിയുമായി വന്നിട്ടും... 
കാര്യങ്ങൾ കൈവിട്ടു പോയി.. 
ഉത്സവം, ചോരയിൽ മുങ്ങി.

അതോടെ കമ്മിറ്റിക്കാർ പരിഭവം 
പറഞ്ഞു തുടങ്ങി... നമ്മുടെ മിന്നുപ്പൻ കാരണം... 
നാട്ടുകാർക്ക് പോലീസിനേയും.... പേടിയില്ലാതായി.
എന്നായി പിന്നെ പരാതി.

ഈ സംഭവങ്ങൾ... ഓരോ ഉത്സവത്തിനും
ആവർത്തിച്ചു വരവെ,, 
എന്താണിതിനൊരു പരിഹാരം 
എന്ന് നാട്ടിലെ പ്രമാണിമാർ പലരും... 
തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു

അങ്ങിനെ ഇരിക്കെയാണ്..
നമ്മുടെ ചായക്കടക്കാരൻ ഷണ്മുഖന്റെ
അപ്പൻ...പരമേശ്വരൻ മൂപ്പന് 
ഒരഭിപ്രായം.... തോന്നിയത്.നമുക്കൊന്ന് 
പ്രശനം വെച്ചു നോക്കിയാലോ...?

പിന്നെ വൈകിയില്ല...

പ്രശ്‌നക്കാരൻ... കവിടിയും പലകയു 
മായെത്തി.. പ്രശ്നം നോക്കി പരിഹാരവും
നിർദ്ദേശിച്ചു. നാലഞ്ചു ദിവസ്സത്തോളം 
നീണ്ടു നിൽക്കുന്ന...ഒരു പൂജ നടത്തണം
 അതോടെ പ്രശ്നങ്ങളെല്ലാം തീരും...
പ്രശ്നക്കാരൻ.... തറപ്പിച്ചു പറഞ്ഞു.

വലിയ പണചിലവുള്ള.... 
കാര്യമായി രുന്നെങ്കിലും... നാട്ടിൽ സമാധാനമു
ണ്ടാവട്ടെ എന്ന് കരുതി... എല്ലാവരും
 അതിനോട്...ഭംഗിയായി സഹകരിച്ചു.

പുജയും സദ്യയുമെല്ലാം നന്നായി നടന്നു..
പ്രശ്നങ്ങളെല്ലാം ഏറ്റുപറഞ്ഞ് 
വലിയ സന്തോഷത്തോടെയാണ്..എല്ലാവരും 
പിരിഞ്ഞു പോയത്...അതോടെ 
നാട്ടിൽ സന്തോഷം കളിയാടാൻ തുടങ്ങി.

പിന്നീട് ഒരു മാസത്തോളം കഴിഞ്ഞാണ്..
പ്രശ്ന പരിഹാരത്തിനായി 
നടത്തിയ പരിപാടികളുടെ
കണക്ക് എല്ലാവരേയും...വിളിച്ച് കൂട്ടി
കമ്മറ്റിക്കാർ അവതരിപ്പിച്ചത്..

നിർഭാഗ്യവശാൽ.... അന്നായിരുന്നു
ഞങ്ങളുടെ നാട്ടിലെ....ഏറ്റവും 
വലിയ കൂട്ടത്തല്ല് നടന്നത്......!!

By Suresh Babu 
Mala Kazhchakal.

No comments:

Post a Comment