Saturday 1 April 2017

7 മലപ്പുറം ഹാജിമാരും മാളയിലെ ആർത്തിക്കാരും !



മാളയെ വിഴുങ്ങാൻ വന്നവരെ വളഞ്ഞു പിടിച്ച്.. തൊണ്ട തൊടാതെ വിഴുങ്ങിയ മിടുമിടുക്കന്മാരും നമ്മുടെ മാളയിലുണ്ട്.
ഈ നാടിന്റെ പോയ കാല ചരിത്രത്തിലേക്ക് വെറുതേയൊന്ന് തിരിഞ്ഞുനോക്കിയാൽ.. യഹൂദരുടെ കാലം, കരുണാകരന്റെ കാലം, രാജേട്ടന്റെ കാലം, , പ്രതാപന്റെ കാലം.. എന്നൊക്ക പറയുന്ന പോലെ കാലത്തിന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് എത്രയോ പേർ നമ്മുടെ മാളയിലൂടെ കടന്ന് പോയിരിക്കുന്നു...അതുപോലെ നമുക്ക് മറക്കാനാവാത്ത ഒരു കാലം കൂടി ഇനിയും ഇവിടെ ബാക്കിയുണ്ട്. അതാണ് ഹാജിമാരുടെ കാലം... കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ.. കമാലിയ ഹാജിമാരുടെ കാലം.
 ചെറിയ ലോകത്തെ തമ്പുരാക്കന്മാരായി ചുമ്മാ കറങ്ങി തിരിഞ്ഞിരുന്ന.. നമ്മൾ മാളക്കാരുടെ മുന്നിലേക്ക്.. സ്വപനങ്ങൾ കുത്തി നിറച്ച വലിയ ചാക്കു കെട്ടുകളുമായി കയറി വന്ന.. അന്നത്തെ ആ ഹാജിയാക്കന്മാരെ നമുക്കങ്ങിനെ എളുപ്പം മറക്കാനാവുമോ..?
അമ്പാസിഡറും, പ്രീമിയർ പത്മിനിയും, രാജദൂദ് ബൈക്കും, ബജാജ്‌ ചേതക്കും പോലുള്ള പഴയ മോഡൽ വാഹനങ്ങൾ മാത്രം കണ്ട് പഴകിയിരുന്ന.. നമ്മുടെ നാട്ടിടവഴികളിലൂടെ പുതിയ തരം ബെൻസിലും, ഓഡിയിലും, ബി എം ഡബ്ലിയുവിലും ടൊയോട്ടയിലുമെല്ലാം പാഞ്ഞ്,പാഞ്ഞ്, നടന്ന്... നമ്മളെ വല്ലാതെ പുളകം കൊള്ളിച്ചിരുന്ന..  ഈ ഹാജിമാരെ അന്ന് നമ്മൾ എത്ര അൽഭുതത്തോടെയാണ് നോക്കി നിന്നിരുന്നത്.
അവരുടെ പളപളപ്പും പത്രാസും കണ്ടപ്പോൾ.. തുറന്നു വെച്ച തേൻ കുടത്തിന്റെ അടുത്തേക്ക് അറിയാതെ പറക്കുന്ന മണിയനീച്ച കളേപ്പോലെ.. പാഞ്ഞടുത്ത നാട്ടിലേയും മറുനാട്ടിലേയും പറമ്പു കച്ചവടക്കാർ, രാഷ്ട്രീയക്കാർ, സമുദായ പ്രമാണിമാർ, മണ്ണ് മാഫിയ, മണൽ മാഫിയ, ബ്ലൈഡ് മാഫിയ... എന്നു വേണ്ട.. ചതുപ്പും ചെളിയും കണ്ടാൽ അറപ്പോടെ നോക്കി നിന്നിരുന്ന വെള്ളക്കുപ്പായക്കാരും, ഊശാൻ താടിക്കാരുമെല്ലാം.. പുഞ്ചപ്പാടത്തെ മുട്ടോളം ചെളിയിലും വെള്ളത്തിലും.. മുണ്ടും മടക്കി കുത്തി ഇറങ്ങി നടക്കുന്ന കാഴ്ച കാണുമ്പോൾ.. ദൂരെയുള്ള ദുനിയാവ് മാളയിലെക്ക് മാറ്റി സ്ഥാപിക്കാൻ.. പടച്ചോന്റെ കയ്യിൽ നിന്നും കരാറെ ടുത്ത്.. ഭുമിയിലേക്ക് ഇറങ്ങിവന്ന സുൽത്താന്മാരാണ്.. ഇവരെല്ലാം എന്ന തോന്നലായിരുന്നു.. സാധുക്കളായ നമ്മുടെ മാളക്കാരുടെ മനസ്സിലൂടെ.. ആദ്യം കടന്നു പോയത്.
പിന്നെ പിന്നെ എത്രയോ കാഴ്ചകൾ നാം കണ്ടു.. എന്തിന് പറയുന്നു നമ്മുടെ നാടിന്റെ വില നിലവാരം പോലും.. കുറച്ചു കാലത്തേക്ക് വാനംമുട്ടെ ഉയർന്നത്.. നാം അനുഭവിച്ചറിഞ്ഞതല്ലേ..?
ഈ ഹാജിമാരെ ഒന്ന് മുഖം കാണിക്കാൻ വേണ്ടി മാത്രം.. അവരുടെ വിലപിടിച്ച വലിയ കാറുകൾക്കു മുന്നിൽ.. ചാടിവീഴാൻ പോലും കാത്തിരുന്ന.. എത്രയോ ജഡില ശ്രീമാന്മാർ. അതൊക്കെ കണ്ടും കേട്ടും അറിയാതെ കണ്ണ് തള്ളിപ്പോയ.. നമ്മുടെ മാളയിലെ അന്നത്തെ പാവം ജനങ്ങൾ.
ഇനി അതിന്റെ തന്നെ ചെറിയൊരു ഫ്ലാഷ് ബാക്കിലേക്ക് പോയി വരാം...
അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് ബിസിനസുമായി പലയിടത്തായി കറങ്ങി നടന്നിരുന്ന നമ്മുടെ പട്ടേപാടത്തുകാരനും മാളയിൽ തന്നെ വലിയ ബന്ധങ്ങളും സൗഹൃദങ്ങളും ഉള്ളയാളുമായ സദറുദ്ദീനാണ് ഈ ഹാജിയാക്കന്മാരെ മാളയിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്.
അതിങ്ങനെ ..!! 
യാത്രക്കിടയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ.. നാട്ടുമധ്യസ്ഥ ക്കാരനായ ഒരു ഹാജിയാരിൽ നിന്നുമാണ് മലപ്പുറം ഭാഗത്ത് ഒന്നു രണ്ടു പേർ അന്നത്തെ കേന്ദ്ര ഭരണത്തെ രാഷ്ട്രീയമായി സ്വാധീനിച്ച് സംഘടിപ്പിച്ചെടുത്ത.. ഒരു മെഡിക്കൽ കോളേജ് തുടങ്ങാനുളള NOC യുമായി..പറ്റിയ സ്ഥലം കിട്ടാതെ കറങ്ങി നടക്കുന്നുണ്ട് എന്ന വിവരം അറിയുന്നത്.
അത് കേട്ട പാടെ സദറുവിന്റെ മനസ്സിൽ ഒരു ലഡു പൊട്ടി...!!
പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനാണെങ്കിൽ.. ചുരുങ്ങിയത് 36 ഏക്കർ സ്ഥലമെങ്കിലും വേണം. ഒതുങ്ങി കിട്ടിയാൽ വേണമെങ്കിൽ വലിയൊരു ഇടപാട് നടത്തിയെടു ക്കാൻ പറ്റിയ അവസരല്ലെ.
പണ്ട് കിലുക്കം സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്ന പോലെ.. കിട്ടിയാലൂട്ടി എന്ന മട്ടിൽ സദറു നേരെ മലപ്പുറത്തേക്ക് വണ്ടി കയറി വളരെ പണിപ്പെട്ട് ഈ ഹാജിമാരെ തേടി പിടിച്ചു.
അവിടെ ചെന്നപ്പോഴാണ് ചാക്കു കച്ചവടവും, സിമന്റ് കച്ചവടവും നടത്തി.. കഷ്ടിച്ച് കഞ്ഞി കുടിച്ച് പോകുന്ന ഇവന്മാരുടെ കയ്യിൽ മെഡിക്കൽ കോളേജിനുള്ള NOC എന്ന ഒരു കടലാസു തുണ്ടല്ലാതെ മറ്റൊന്നും കയ്യിലില്ല എന്നറിയുന്നത്.. ഈ യാഥാാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും സദറു പ്രതീക്ഷ കൈവിട്ടില്ല.
ആദ്യം സ്ഥലം കണ്ടു പിടിക്കാം ഹാജിയാക്കന്മാരേ.. പണമെല്ലാം പിന്നാലെ വന്നോളും നിങ്ങ ബേജാറാവാണ്ടിരീ ന്നെ സദറു ഹാജിമാരോട് വെറുതേയൊന്ന് പറഞ്ഞു നോക്കി. അതേറ്റു.. സദറുവിന്റെ വാക്കിൽ ഹാജിമാർക്കും തോന്നി ചെറിയൊരു പ്രതീക്ഷ... പിന്നെ വൈകാൻ നിന്നില്ല. കിട്ടിയ തൊപ്പിക്കാരേയും കൊണ്ട് സദറു നേരെ മാളയിലേക്ക് വണ്ടി വിട്ടു... ഭൂമി അന്വോഷിച്ച് പലയിടത്തും കറങ്ങി, കറങ്ങി അവസ്സാനം.. പുത്തൻചിറയിലെ പ്രസിദ്ധമായ  വാഴപ്പിള്ളി മനയിലെത്തി. അവരുടെ വിശാലമായ മനപ്പറമ്പ് കണ്ടപ്പോൾ ഹാജിമാർക്ക് ബോധിച്ചു.. ഉടനെ വിലപറഞ്ഞ് ഉറപ്പിച്ച് അഡ്വാൻസ് കൊടുത്തു. അതിനിടയിൽ പണം മുടക്കാൻ പറ്റിയ വമ്പന്മാരെയെല്ലാം ഹാജിമാർ വളഞ്ഞു പിടിച്ചു കഴിഞ്ഞിരുന്നു.
ഇത്രയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ തൊപ്പി വെക്കാത്ത ഹാജിമാരെ ആരേയും ഇവിടെ കാണുന്നില്ലല്ലോ.... എന്ന് ഇത് വായിക്കുന്നവരുടെ മനസ്സിൽ ചെറിയൊരു തോന്നൽ ഉയരുന്നുണ്ടാവാം. അതും ശെരിയാ.. അവരെല്ലാം ഈ കഥയുടെ ചിത്രത്തിലേക്ക് വരുന്നതേയുള്ളു.
നമുക്ക് മലപ്പുറം ഹാജിമാരുടെ കഥയിലേക്ക് തന്നെ തിരിച്ചു വരാം..
മുതലിറക്കിയവരിൽ നിന്നും ആദ്യം കിട്ടിയ കാശിന്..  വക്രബുദ്ധിക്കാരായ ഹാജിയാക്കന്മാർ കൊള്ളാവുന്ന അഞ്ചാറ് വലിയ കാറുകളൊക്കെ വാങ്ങി.. ചെറിയൊരു ഗെമയിൽ നേരെ മാളയിലേക്ക് വെച്ചടിച്ചു.. ഇത്രയും വലിയൊരു കാര്യത്തിനായി ഇറങ്ങി തിരിക്കുകയല്ലേ..  പകിട്ടും പത്രാസുമൊക്കെ അല്ലം കൂടിയാലും കുഴപ്പമില്ലല്ലോ..അങ്ങിനെ ഇവർ നേരത്തെ അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ കരാറ് നടത്തുവാൻ മാളയിലെ അഡ്വ: രാജു ഡേവീസിന്റെ അടുത്തെത്തി.. രാജുവാണെങ്കിൽ അന്ന് ഇന്നത്തെ പോലെ സ്ക്കൂൾ ബിസിനസൊന്നും തുടങ്ങിയിട്ടില്ല.
 ഇതിനിടയിൽ കുറച്ച് ഹാജിമാർ മെഡിക്കൽ കോളേജ് തുടങ്ങാൻ മാളയിലെത്തിയ വിവരം കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു.
ഈ കാര്യം അറിഞ്ഞപ്പോൾ മുതൽ നമ്മുടെ നാട്ടിലെ പല പ്രമാണിമാരും മൂക്കത്ത് വിരൽ വെച്ചു. നമ്മളറിയാതെ നമ്മുടെ മാളയിൽ നമ്മുടെയാൾക്കാരുടെ മെഡിക്കൽ കോളേജോ..?
പലരും അടക്കം പറഞ്ഞു തുടങ്ങി.
മൂപ്പന്റെ കടയിലും, ചായപ്പൊടി മുസ്ല്യാരുടെ കടയിലും വെള്ളിയാഴ്ചകളിലെ പള്ളി പരിസരത്തെ സൗഹൃദ കൂട്ടങ്ങ ളിലുമെല്ലാം... വരാൻ പോകുന്ന മെഡിക്കൽ കോളേജിനേ കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകളും.. പ്രതീക്ഷകളും.. ഇനി ഈ നാട്ടിൽ വരാൻ പോകുന്ന വലിയ മാറ്റത്തേ കുറിച്ചുള്ള ചൂടേറിയ ചർച്ചകളുമായി നാട് ആകെ സജീവമായി.
ഇനിയാണ് കാര്യങ്ങളുടെ ട്വിസ്റ്റ് ...!!!
കരിങ്ങച്ചിറയിൽ പറ്റിയ സ്ഥലം കണ്ടെത്തിയെങ്കിലും പുതിയ കെട്ടിടം പണിത് ആശുപത്രിയും കോളേജും തുടങ്ങുവാൻ കുറേ നാൾ കൂടി കാത്തിരിക്കേണ്ടിവരും.. എന്ന കാര്യം ഓർത്തപ്പോൾ ഹാജിമാരുടെ ചങ്കിടിക്കാൻ തുടങ്ങി... ഇപ്പോൾ തന്നെ ഒരു പാട് വൈകി... ഇനിയും കാര്യങ്ങൾ നീണ്ടു പോയാൽ പണമിറക്കിയവനും ഇറക്കാമെന്ന് പറഞ്ഞവനുമെല്ലാം പ്രശ്നമുണ്ടാക്കി തുടങ്ങും എന്ന കാര്യം ഉറപ്പാണ്. അങ്ങിനെയിരിക്കെയാണ്... മാള ഗ്രാമ പഞ്ചായത്തിനടുത്തുള്ള പുഞ്ചപ്പാടത്ത് നമ്മുടെ മാളക്കാരൻ അസനാരിക്ക ചെറിയൊരാശുപത്രി നടത്തി.. നടത്തി... ട്രൗസർ പൊളിഞ്ഞ് നടക്കുന്ന വിവരം ഈ ഹാജിയാക്കമാർ അറിയുന്നത്.. ഉടനെ ഈ കൂട്ടത്തിലെ അബോക്കർ ഹാജി കാലീദ് ഹാജിയോട് ചോദിച്ചു അല്ല കാലീദേ അത് കൊള്ളാല്ലോ ആ ആശുപ്പത്രി കുറച്ചു കാലത്തേക്ക് വാടകക്ക് ചോദിച്ചാലെങ്ങിനെ നമ്മക്ക് ഈ വഴിക്കൊന്ന് നോക്കിയാലോ...? എന്നാ വണ്ടി നേരെ അസനാരിന്റെ വീട്ടിലേക്ക് വിട് കാലിദ് ഹാജി പറഞ്ഞു.. അങ്ങിനെ ഹാജിമാർ നേരെ അസനാരിക്കയുടെ വീട്ടിലേക്ക്... അപ്രതീക്ഷിതരായ അതിഥികളെ കണ്ടതോടെ അസനാരിക്ക അൽഭുതപ്പെട്ടു.. നമസ്ക്കാരം പറഞ്ഞ് അബോക്കർ ഹാജി തന്നെ നേരെ കാര്യത്തിലേക്ക് കടന്നു.. അല്ല അസനാരെ ഇങ്ങടെ ആസ്പ്പത്രി ഇത്തിരി നാൾ മ്മക്ക് ബാടകക്ക് കിട്ട്വാ...? ഇതു കേട്ടതോടെ അസനാ രിക്കാടെ മനസ്സിലും പൊട്ടി ഒരു ലഡു ...!!!
അതെന്തിനാ ഹാജിയാരേ വാടക ക്കാക്കണെ..?? സ്വന്തമായിട്ടങ്ങിട് എടുത്തോളൂ... അസനാരിക്ക മറുപടി പറഞ്ഞു... ഇത് കേട്ടപ്പോൾ ഹാജിമാ ർക്ക് സന്തോഷമായി. അപ്പോഴും കാലീദ് ഹാജിക്കൊരു സംശയം അല്ല അസനാരെ അപ്പോ ഇങ്ങടെ കൂടെ ഉള്ളോമ്മാര് സമ്മതിക്കോ..??
അതിലൊന്നും ഹാജിയാര് പ്രശ്നം വിചാരിക്കണ്ട അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. അസനാരിക്ക പറഞ്ഞു. പുതിയതായി കെട്ടിടങ്ങൾ
പണിത് ആശുപ്പത്രി തുടങ്ങാൻ എത്രയോ കാലമെടുക്കും ഇതാവുമ്പോൾ ചെറിയൊരാശുപ്പത്രി അവിടത്തന്നെയുണ്ടല്ലോ... പോരാത്തതിന് മാളങ്ങാടിയും. നിങ്ങൾ പുത്തൻചിറയൊക്കെ വിട്ട് ഇങ്ങോട്ട് പോരെ ഇവിടെ എന്ത് സഹായവും ഞങ്ങൾ ചെയ്തു തരാം.. പിന്നെ സ്ഥലം അത് വലിയ പ്രശ്നമാവില്ല മാള മുതൽ കാവനാടു വരെ പുഞ്ചപ്പാടം അങ്ങിനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ... എത്ര ഏക്കർ വേണമെങ്കിലും ഞങ്ങൾ സങ്കടിപ്പിച്ചു തരാം. ഇത്രയും കേട്ടപ്പോൾ തന്നെ ഹാജിമാർക്ക് അസനാരിക്കയിൽ പ്രതീക്ഷ തോന്നി തുടങ്ങി.. പുറത്തിറങ്ങി കൂടുതൽ അന്യോഷിച്ചപ്പോൾ ഹാജിമാർക്ക് അസനാരിലുള്ള വിശ്വാസം കൂടി കൂടി വന്നു..! ഹാജിയാക്കന്മാർ നോക്കുമ്പോൾ ശെരിയാണല്ലോ.. സ്വന്തമായി ആശുപത്രിയുണ്ട് ഇവനാണെങ്കിൽ ഇതൊക്കെ നടത്തി നല്ല പരിചയവുമുണ്ട്.. പോരാത്തേന്
കൊക്കിനേം, കുളക്കോഴീനേം, കുറുക്കനേം എന്തിന് പറയുന്നു കുത്തണ പോത്തിനെ വരെ... ഒരു പെട്ടീലിട്ട് കൊണ്ടു നടക്കാൻ നല്ല മെയ് വഴക്കവും. ഇമ്മക്കാണെങ്കിൽ ചാക്കും സിമെന്റും കച്ചോടം ചെയ്യണ പണിയല്ലാതെ മറ്റൊന്നും വലിയ പുടിയില്ല താനും. പിന്നെ വൈകിയില്ല ഹാജിയാക്കന്മാർ അസനാരിക്കാടെ പിന്നാലെ കൂടി.. ആദ്യം കണ്ടു വെച്ച സ്ഥലം ഉപേക്ഷിച്ച് ഹാജിമാരുടെ ബെൻസും, ഓഡിയും, ടൊയോട്ടയു മെല്ലാം നേരെ പുഞ്ചപ്പാടത്തേക്ക് തിരിച്ചുവിട്ടു.
അതോടെ ഈ ഹാജിമാരെ  മലപ്പുറത്തു നിന്നും മാളയിലെത്തിച്ച പട്ടേപ്പാടത്തുകാരൻ സദറുവിന്റെ കാര്യം കട്ടപ്പുക..!!! നേരം ഇരുട്ടി വെളുക്കുന്നതിന് മുൻമ്പു തന്നെ അസനാരിക്കാടെ സിൽബെന്തികളായ ബ്രോക്കർമാർ നാലുപാടും പാഞ്ഞു.. കാവനാടു പാടത്തെ പുഞ്ചകൃഷിക്കാർ കാര്യങ്ങൾ അറിയുന്നതിത് മുൻപ് തന്നെ അന്നത്തെ മോഹവിലക്ക് കിട്ടാവുന്ന പാടങ്ങളെല്ലാം കരാറെഴുതി ഹാജിമാർക്ക് മറിച്ചു കൊടുത്തു കൊണ്ടിരുന്നു.. എല്ലാവർക്കും ലാഭം.. കൃഷി കൈവിട്ട കർഷകന് ലാഭം, ഇടയിൽ നിൽക്കണ ബ്രോക്കർമാർക്ക് ലാഭം, മറിച്ചു കൊടുക്കണ അസനാരിക്കാക്ക് ലാഭം, ചുളുവിലയിൽ ഭൂമി ലഭിച്ച ഹാജിമാർക്ക് ലാഭം, വിൽക്കുന്നവരും, വാങ്ങുന്നവരും, മറിക്കുന്നവരും ഒക്കെയായി മാളയിൽ ആകെ ബഹളമയം ഇതിനിടയിൽ നാട്ടിലെ നാടൻ ബ്രോക്കർ മാരായിരുന്ന അബോക്കർ സായിവും സെയ്തുവും, കന്നാലി ജോഷിയും പിച്ച ബഷീറും, കാവനാട്ടിലെ രാജനുമെല്ലാം പുഞ്ചപ്പാടത്ത് കിടപ്പായി. അപ്പോഴും ഈ ഹാജിയാക്കന്മാർ ആരാണെന്നോ, ഇവരുടെ പിന്നിൽ ആരാണെന്നോ എന്നൊന്നും ആർക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.. നമ്മുടെ അസനാരിക്കക്ക് പോലും..!!!
ഇനിയൊരു കോർണർ പീസ്...!
" പെട്ടി കച്ചോട്ടത്തിനായ് ചെന്ന അദ്രമാനിക്ക.. ഉത്സവം നടത്തിപ്പുകാരനായി മാറിയ പോലെ.. മധ്യസ്ഥ പറയാൻ വന്ന പഞ്ചായത്ത് പ്രസിഡണ്ട്.. ഈ ഹാജിമാരെ തല്ലിയോടിച്ച്.. ഇവരുടെ കസേരയിൽ കയറി പറ്റിയ കഥ പിന്നീട്.....!!!
 ( മാള കാഴ്ചകൾ തുടരും.)