Friday 8 November 2019

21, മാളയിലെ ചായ പുണ്യാളന്മാർ..!!



മാളക്കാരുടെ ഹിറ്റ് ബ്രാന്റ് ഏതെന്ന് ചോദിച്ചാൽ ഇവിടത്തെ ഏത് കുഞ്ഞും കണ്ണടച്ച് പറയും അത് അന്തോണീസിലെ കിടുക്കൻ ചായയാണെന്ന്.. എന്നും
രാവിലെ തുടങ്ങുന്ന ചായ പ്രേമികളുടെ തിരക്ക് വൈകുന്നേരം വരെ അവിടെ തുടരും...

സാധാരണ ന്യു ജെൻ കേന്ദ്രങ്ങളിൽ കാർന്നോൻന്മാരോ, കാർന്നോന്മാർ കറങ്ങുന്നിടത്ത് ന്യൂ ജെൻനോ തമ്പടിക്കാറില്ല.. ഷാപ്പിലായാലും, ഷോപ്പിലായാലും നന്നായ് സൂക്ഷിച്ച് നോക്കിയിൽ അകലം കാണാം.. എന്നാൽ അന്തോണീസിൽ അങ്ങിനെ യാതൊരു പ്രായ നിഷ്ഠയുമില്ല എല്ലാ പ്രായക്കാരേയും അവിടെ ഒരു പോലെ കണ്ടുമുട്ടാം..

രാവിലെ പുട്ടടി പ്രേമികളുടെ തിരക്കാണവിടെ വെളുക്കുന്നതിന് മുൻപേ തോമാസും,ജോർജുട്ടിയും കുത്തി മറിക്കുന്ന നല്ല ചെമ്പാവരി പുട്ടിന്റെ ആരാധകരായ നിഷിലും, സ്റ്റൈലോ നൗഷാദും, രവിശങ്കറും പപ്പടവും, കടലയും കൂട്ടി അതൊരു പിടി പിടിക്കുന്നതോടെ പുട്ടിന്റെ കഥ കഴിയും..
പിന്നെ പത്ത് മണിയോടെ പഴം പൊരിയായി, പരിപ്പു വടയായി അവസ്സാത്തെ കടിയും പടികടന്ന് അലമാര കാലിയാവുന്നതോടെ അന്തോണീസിലെ ഷട്ടറ് താഴും..
മനക്കലെ തിരുമേനിയേപ്പോലെ മാറിയിരിക്കുന്ന താറാംമുട്ടയുടെ  പാത്രവും അപ്പോഴേക്കും ഒരു പരുവമായിട്ടുണ്ടാവും..

രാവിലത്തെ പുട്ടടി ടീംസ് പോയ് കഴിഞ്ഞ് സൂര്യൻ അൽപ്പം പടിഞ്ഞാട്ട് ചാഞ്ഞാൽ പ്രസേനനും, മണ്ണീനി ജോർജ്ജും,ചുടൻ ബാബുവും, പളളൻ ജോസും എല്ലാം എത്തുകയായി ഇവന്മാർ അകത്ത് കേറില്ല ഇറയത്തെ പുറം ബെഞ്ചിലാണ് ഇവരുടെ സ്ഥാനം.. അതിൽ ഉൾപ്പെട്ട കല്ലനും, വാസനുമെല്ലാം വീട്ടിൽ നിന്നേ വെട്ടി വിഴുങ്ങി വന്നവരാവും അതുകൊണ്ട് അന്തോണീസിന് അവരെക്കൊണ്ട് വലിയ ലാഭം ഒന്നുമില്ല എന്നാലും നമ്മുടെ അന്തോണീസിൽ കേറി പറ്റാൻ പ്രത്യേക വിസ ഒന്നും വേണ്ടാത്തതിനാൽ കൃത്യസമയത്തു തന്നെ ഇവരെത്തും..

പണ്ട് എരുമ പാലായിരുന്നു അന്തോണീസിലെ ചായയുടെ ജീവനാടി തപസ്സിക്കും ഇതറിയാം പക്ഷേ സ്വന്തമായി എരുമയില്ല... എരുമ ഉണ്ടായിരുന്ന അന്തോണിയേട്ടന് പാലിന് ക്ഷാമമില്ലാത്തതിനാൽ കച്ചവടം അടിച്ച് കേറാൻ തുടങ്ങി..

പലരായി കൊണ്ടു വരുന്ന പശുവും പാലാണ് തപസിയുടെ രക്ഷകൻ അതാണെങ്കിൽ കറക്കുന്നവനും, കൊടുക്കുന്നവനും നീളം കൂട്ടുന്നതിനാൽ കടയിൽ എത്തുമ്പോഴേക്കും കണ്ണാടി പരുവത്തിലാവും...

എന്റെ സഹപാഠിയായ കോട്ടവാതിലുകാരൻ സുരേന്ദ്രൻ ഒരു ദിവസ്സം തപസ്സിയിൽ  ചെന്നപ്പോൾ വല്യപ്പൻ വളരെ പ്രയാസത്തിൻ ഇരിക്കുന്നു..
  സമയം സുരേന്ദ്രൻ ചോദിച്ചു അല്ല വല്യപ്പാ എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്...

അതു കേട്ട് തപസ്സി വല്യപ്പൻ പറഞ്ഞു കച്ചോടം മുഴുവൻ അന്തോണീസിലാ എരുമ പാല് കിട്ടാത്തതിനാൽ കാര്യങ്ങൾ ആകെ അവതാളത്തിലായി അതിനൊരു പരിഹാരം ആലോചിച്ചിരിക്കയാണ്..

അപ്പോ സുരേന്ദ്രൻ പറഞ്ഞു നെയ്തക്കുടിയിലെ എന്റെ പെങ്ങളുടെ വീട്ടിൽ രണ്ട് എരുമകൾ പ്രസവിക്കാറായി നിൽപ്പുണ്ട് കറ തുടങ്ങിയാൽ പാല് മുഴുവൻ വല്യപ്പന് തരാം അതോടെ പ്രശ്നം തീരുമല്ലോ..

അതു കേട്ട് തപസ്സി വല്യപ്പൻ സന്തോഷിച്ചു വല്യപ്പന് മാത്രമല്ല വല്യപ്പന്റെ പറ്റു പുസ്തത്തിനും അതോടെ സുരേന്ദ്രൻ പ്രിയപ്പെട്ടവനായി സുരേന്ദ്രൻ എന്ത് ചോദിച്ചാലും വല്യപ്പൻ സന്തോഷത്തോടെ കൊടുക്കും എന്നായി... കാരണം എരുമ പാലല്ലെ കിട്ടാൻ പോകുന്നത് അതോടെ പറ്റ് പുസ്തകത്തിൽ സുരേന്ദ്രന്റെ പേജിന്റെ നീളം കൂടി കൂടി വന്നു..
വല്യപ്പന്റെ ഏക ആശ്വാസം അവന്റെ എരുമ പ്രസവിച്ചാൽ  പണമെല്ലാം കണക്ക് പറഞ്ഞ് വാങ്ങാമല്ലോ എന്നതായിരുന്നു..

 ദിവസ്സങ്ങൾ കടന്നു പോയി സുരേന്ദ്രന് കടം കൂടി നിൽക്ക കള്ളി ഇല്ലാതായി എരുമ പ്രസവിക്കും എന്നു പറഞ്ഞ ദിവസവും അടുത്തുവന്നു..

ഒന്നു രണ്ടു തവണ സുരേന്ദ്രൻ തപസ്സിയിൽ നിന്നും ഞങ്ങൾക്കും  ഉണ്ടംപൊരി വാങ്ങി തന്നിരുന്നു..
അന്ന് തീറ്റ കഴിഞ്ഞ് പോരുമ്പോൾ  ക്യാഷിയറുടെ മുഖത്തു നോക്കി അവൻ എത്രയായി എന്നൊരു ചോദ്യം.. എങ്കിൽ അത് പറ്റ് ബുക്കിൽ എഴുതിക്കോ എന്നും പറഞ്ഞ് സുരേഷ് ഗോപി സ്ററയിലിൽ അവൻ നെഞ്ച് വിരിച്ച്  ഇറങ്ങി പോന്നത് കണ്ടതോടെ അവനായി ഞങ്ങളുടെ ഹീറോ..

അങ്ങിനെ ഇരിക്കെ ഒരു ദിവസ്സം സുരേന്ദ്രനെ കാണാനില്ല.. കടം കൂടി നിൽക്ക കള്ളി ഇല്ലാതെ അവൻ നടുവിട്ടു എന്ന് പിന്നീടറിഞ്ഞു...

തപസ്സി വല്യപ്പനും സുരേന്ദ്രന് വേണ്ടി കാത്തിരിപ്പായി.. ദിവസങ്ങൾ കഴിഞ്ഞു അവനെത്തിയില്ല...

അങ്ങിനെ ഒരു ദിവസ്സം വല്യപ്പൻ സുരേന്ദ്രനെ അന്വേഷിച്ച് നെയ്തകുടിയിലെ അവന്റെ പെങ്ങളുടെ വീട്ടിലെത്തി..

 അപ്പാഴാണ് അറിയുന്നത് വീട്ടിൽ എരുമ പോയിട്ട് കോഴി കുഞ്ഞു പോലും ഇല്ല എന്ന സത്യം ആകെയുള്ളത് മിണ്ടിയും പറഞ്ഞും ഇരിക്കുന്ന ഒരു തത്ത മാത്രമാണ്..
വല്യപ്പൻ ആകെ നിരാശനായി തിരിച്ചു പോന്നു..

 പഠിപ്പ് നിർത്തിയതോടെ സുരേന്ദ്രനെ എല്ലാവരും മറന്നു തപസ്സി വല്യപ്പൻ മാത്രം മറന്നിട്ടുണ്ടായിരുന്നില്ല...

ഒരു ദിവസ്സം ഞങ്ങൾ തപസ്സിയുടെ കടയുടെ മുന്നിലൂടെ പോയി  അപ്പോ വല്യപ്പൻ ഞങ്ങളെ പിടികൂടി സുരേന്ദ്രന്റെ പറ്റുബുക്ക് കാണിച്ചിട്ട് പറഞ്ഞു പണം എല്ലാം തന്നിട്ട്  നിങ്ങൾ പോയാൽ മതി അതോടെ ഞങ്ങൾ ആകെ വള്ളി കെട്ടിലായി..

ആകെ രണ്ട് തവണമാത്രമേ അവനോടൊപ്പം ഞങ്ങൾ കടയിൽ പോയിട്ടുള്ളു അന്ന്
അവൻ വാങ്ങി തന്നത് കഴിച്ചു എന്നത് ശെരിയാണ് അതിനെന്തിനാ ഞങ്ങളെ പിടികൂടുന്നത് എന്ന് ചോദിച്ചു നോക്കി...

എന്നാൽ കലിതുള്ളി നിൽക്കുന്ന വല്യപ്പൻ ഞങ്ങളെ വിട്ടില്ല അവസ്സാനം വല്യപ്പന്റെ മകൻ വർഗ്ഗീസേട്ടൻ ഇടപെട്ടിട്ടാണ് തൽക്കാലത്തേക്ക് ചെറിയൊരു പരോൾ ലഭിച്ചത്..

അതോടെ തപസ്സി വല്യപ്പന്റെ ഉണ്ടംപൊരി ഞങ്ങൾക്ക് സാത്താന്റെ ഉരുളൻ കല്ലും.. അന്തോണീസിലെ എരുവുള്ള മുളകുവട പുണ്യാളന്റെ മധുര പലഹാരവുമായി മാറി.!!

xxxxxxxxxxxxxxxxxxxxxxxxxxxxxx
#മാളകാഴ്ചകൾ